Tuesday, December 27, 2011

കഥയിലെ കവിത

സ്പന്ദനം

കഥയില്‍ കവിതയില്‍ ആശയപ്രശ്നങ്ങള്‍
ആശയാവലോകനം സ്പഷ്ടമെന്നൊരു സത്യം ..
ചിന്തിച്ചു പൂര്‍ണ്ണത  തീര്‍പ്പാക്കും കൃതികളില്‍
ചിന്താവൈവിധ്യമാം അര്‍ത്ഥവിരാമങ്ങള്‍..

കഥയും കവിതയും ഒത്തൊരുമിച്ചൊരു
സര്‍വകക്ഷീയോഗം വിളിച്ചൊരാ വേളയില്‍ ..

"ഉള്ളടക്കത്തിലെ ആശയാവിഷ്കാരം
കഥാകൃത്തുക്കള് കാണണം ,കവിതയും .."
"കഥാന്ത്യത്തില്‍ വരുന്നൊരാ സംഗമം
കവികള്‍ തിരയണം എന്നു കഥകളും .."

അടിപിടി വാക്കിലാണാരംഭമെന്നത്
കൂപ്പിയ കൈകളില്‍ സത്യം പിടഞ്ഞപ്പോള്‍ ..
"പന്തീരാണ്ടു കിടന്നൊരാ വാലിനെ"
കഥയും കവിതയും സ്മരിച്ചു അരക്ഷണം ...!


നന്ദിനി

Tuesday, December 6, 2011

കഷ്ടമായ ഇഷ്ടം

സ്പന്ദനം

ഇഷ്ടങ്ങള്‍ ബലിയാടുകളായി
അഷ്ടിക്ക് വക തിരയവേ..
കഷ്ടങ്ങള്‍ ഇഷ്ടക്കേടുകളായി
കലികാലം തീര്‍ക്കവേ..
അരക്ഷണം പോലും
തന്‍ കാര്യം തിരയാതെ ..
ഇഷ്ടങ്ങളില്ലെന്ന ഒഴിവുകഴിവ്
ഹാ...കഷ്ടം !

നന്ദിനി  

Sunday, December 4, 2011

ഉത്തമ ഭരണം ..?

സ്പന്ദനം


രാജഭരണമോ....ഭീതിജനകവും
രാജനിന്ദയോ...കൊയ്യും തലകളും
രാജനീതിയോ ...പ്രജാക്ഷേമവും
രാജ്യസമൃദ്ധിയോ...ഭരണനീതിയും
ദേശനാശം സഹിക്കില്ല മന്നവന്‍
ദേശരോദനം ശ്രവിക്കും ആ കാതുകള്‍
പുറപ്പെടുവിക്കും വിളംബരം ധീരമായ്
പണിയും അണക്കെട്ട് ..കാക്കും പ്രജകളെ ..
രാജഭരണം പൊറുക്കില്ല കുരുതികള്‍ ...
സ്വന്തദേശത്ത്  അന്യഭരണങ്ങള്‍...
ചിന്തിക്കു ..പ്രജകളെ ഏതാണ് ഉത്തമം ...?
രാജഭരണമോ ...? ഭരണക്കുരുതിയോ ....?

നന്ദിനി    

Friday, December 2, 2011

മുല്ലപ്പെരിയാര്‍

സ്പന്ദനം

പരസ്പര വിശ്വാസധാരണകള്‍..
പ്രശ്നപരിഹാരമാകുമ്പോള്‍ ...
പ്രശ്നങ്ങളില്ലെന്ന വിശ്വാസപ്രശ്നങ്ങള്‍
പരിഹാരം തേടില്ല ,മാത്രമല്ല ...
പ്രശ്നസംഭവാര്‍ത്ഥം ഞെട്ടലില്‍ ..
സടകുടഞ്ഞരക്ഷണം മൌനാചാരണത്തില്‍..
പ്രശ്നം പരിഹരിച്ചെന്ന ആശ്വാസത്തില്‍ ...
ഞാറു നടുന്നത് പരിഹാരമാകുമോ ...?

നന്ദിനി

Sunday, November 27, 2011

അടി തെറ്റിയാല്‍

സ്പന്ദനം


കുഞ്ഞിന് അടി ശിക്ഷണമെങ്കില്‍ ..
അമ്മക്ക് അടി അപമാനമെങ്കില്‍ ..
ഭാര്യക്ക് അടി അടിച്ചമര്ത്തലെങ്കില്..
അടി അടിമയ്ക്ക് അടിമത്തമെങ്കില്..
അടി അസ്തിത്വത്തിന്‍ അവസാനവാക്കെങ്കില്..‍
അടിയ്ക്കടിമ പരിഹാസിയെന്നത്
അടിയ്‌ക്കൊരടിയായത്
അപ്രതീക്ഷിതം ..!


നന്ദിനി

ചിരിയുടെ ചതി

സ്പന്ദനം


ചിരിയില്‍ ചതി ചാലിച്ച്
വിഷം ചീറ്റുമ്പോള്‍ ...
ചിന്താ വൈവിധ്യത്തില്‍
ചിന്മയ സത്യത്തില്‍
ചാരം പൂശുമ്പോള്...
ചിരിയില്‍ ചതി വിതറി
ചാരത്തണയുമ്പോള് ‍
കൈചൂണ്ടിയാകും
ചിരിയുടെ ചതിയില്‍
ചിരി ചിരമാകുന്നതെങ്ങനെ ..?‍


നന്ദിനി


Sunday, November 6, 2011

വലിയ ചെറുത്‌

സ്പന്ദനം

ചെറുതിനെ
ചെറുതാക്കുന്നത്
ചെറുപ്പത്തിന്
വലിപ്പമെങ്കില്‍....
വലുതിനെ
വലുതാക്കുന്നത്
വാര്‍ദ്ധക്യത്തിന്‍
ചെറുപ്പമെന്നത്
ചെറുത് തന്‍
വലിപ്പമല്ലേ..


നന്ദിനി   

Tuesday, November 1, 2011

അല്‍പ ജല്പനം

സ്പന്ദനം
പ്രയോജനരഹിതമാം
പാഴ് ജല്പനങ്ങള്‍
അല്പത്തരങ്ങളില്‍ 
അല്പമായി അലിയുമ്പോള്‍ ..
 അല്‍പന്റ്റെ  ജല്പനം 
അര്‍ത്ഥമാക്കുന്നതോ ..
പാഴ്വാക്കിനു പൊട്ടച്ചെവി !


നന്ദിനി

Sunday, October 30, 2011

കരിയുന്ന പ്രതികരണം

സ്പന്ദനം

പ്രായോഗികബുദ്ധിയില്‍
അപ്രിയസത്യങ്ങള്‍ ..
പ്രതികരണത്തെ
പ്രതികാരമാക്കുമ്പോള്..‍
പ്രതിക്കൂട്ടിലാകുന്ന
പ്രതികാരദാഹികള്‍ ..
പഞ്ചെന്ദ്രിയങ്ങളെ
പങ്കായമാക്കുമ്പോള്..‍
പുക മറയ്ക്കുള്ളിലായ്
പുകയുന്ന സത്യങ്ങള്‍..
പുകയില്‍ പുതഞ്ഞു
കരിഞ്ഞു തുടങ്ങുമ്പോള്..
കരി വാരി തേച്ചതോ ...?
‍ പുത്തന്‍ തലമുറ .... 
പ്രായോഗികബുദ്ധിയാം
പ്രതികരണശേഷിയെ ... 

നന്ദിനി

Friday, October 14, 2011

വാക്കും തോക്കും

സ്പന്ദനം

വാക്ചാരുതയെ
അലങ്കാരമാക്കുമ്പോള്‍ ..
വാക്ധോരണികള്
വാഗ്വാദമാകുമ്പോള്‍ ..
വാക്കുകള്‍ കൊണ്ടൊരു
തോക്ക് നിര്മ്മിച്ചെന്നാല്‍
നോക്കുകുത്തിയാകും
ധരണിയില്‍ വാക്കുകള്‍ ...


നന്ദിനി

Tuesday, October 11, 2011

കുഞ്ഞു കവിതകള്‍

സ്പന്ദനം

സന്ധ്യയില്‍  ചിന്തകളൂന്നി
പ്രഭാതം തന്‍
നെടുവീര്പ്പുകളിലേയ്ക്ക് ....
എത്തി നോക്കുമ്പോള്‍ ..
രാത്രിയുടെ സ്വപ്‌നങ്ങള്‍ തന്‍
ശാന്തത തന്നെ അഭികാമ്യം ...! 

 -----------------------------------------------

ഓര്‍ക്കുവാന്‍
കഴിയില്ല ....
ഓര്‍ത്താലോ
ഒഴിയില്ല ....
ഒഴിവുകഴിവുമില്ല ....!

-------------------------------------------------

അസ്ഥിരങ്ങളാം
കാത്തിരിപ്പുകളില്‍
അക്ഷമ വിഡ്ഢിത്തരങ്ങള്
വിളമ്പുമ്പോള്‍ ...
തിരുത്തപ്പെടുന്നോരാ
തീരുമാനങ്ങളില്‍ ...
കാത്തിരിപ്പിനന്ത്യം
നീളുന്ന പാളങ്ങള്‍ .....‍
--------------------------------------------------

നന്ദിനി  

ഭരണ വഴി

സ്പന്ദനം

മരവിച്ച തലച്ചോറിന്
തിരിച്ചറിവില്ലായ്മ  തന്‍ ..
ഫലമായി വന്നിടും
ബോധക്ഷയത്തിനെ...
കര്‍മ്മാന്ത്യ വേളയില്‍
ധൈര്യമായി കരുതിയാല്‍ ....
കോട്ടം ഭവിക്കുന്ന
ബുദ്ധി സ്ഥിരതയെ ..
അടിച്ചമര്‍ത്താനിന്നു
ഭരണത്തിനാവുമോ ...?
നീതി ന്യായങ്ങള്‍ തന്‍
വാഗ്വാദ വര്‍ഷത്തില്‍ ....
മരവിച്ച മനസാക്ഷി
ഓതുന്ന സത്യങ്ങള്‍ ...
സാക്ഷിയെ പ്രതിക്കൂട്ടില്‍
നിറുത്തുന്ന നീതിയില്‍ ....
അപ്രസക്തങ്ങളീ
ചിന്താസരണികള്‍ .....!


നന്ദിനി

Monday, October 3, 2011

പൊയ് മുഖങ്ങള്‍

സ്പന്ദനം

സൗന്ദര്യ സ്ഥാനത്തു  മുഖമാണ് മുഖ മുദ്ര
കണ്ണാടി വെറുമൊരു പൊയ്മുഖം മാത്രവും ...
ചങ്ങാതി കണ്ണാടി സങ്കല്പം പൊയ്മുഖം
മനസ്സ് തന്‍ സൗന്ദര്യം മനുജന് കരണീയം.
വെളുത്തു തുടുത്തു ചുവന്നു തുടുക്കുന്ന
പൊയ്മുഖക്കോലങ്ങള് അണിയുന്ന ആടകള്...‍
പഴുത്തു പുഴുത്ത വ്രണങ്ങള്‍ ചുമക്കുന്ന
 പഴഞ്ചാക്ക്   സമമാണ് കഥയില്‍ പതിരില്ല .
സത്യം ഒളിക്കുന്ന കണ്ണില്‍ പതിയുന്ന ...
സാന്ത്വന രഹിതമാം നീതി പീ൦ങ്ങളില്‍
അണിയാനറയ്ക്കുന്ന പൊയ്മുഖം പേറുന്നു
ദുരഭിമാനത്തിന്‍ വിഴുപ്പേറും ഭാണ്ഡങ്ങള്...‍


നന്ദിനി

Tuesday, September 27, 2011

കറക്കം

സ്പന്ദനം 

ഒന്നു കൂടെ നോക്കാം ...
പക്ഷെ ...ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല ....
മറഡോണയുടെ കസര്‍ത്ത് ഒന്നു പരീക്ഷിച്ചു നോക്കിയതാണ് ...
തൊമ്മിക്കുഞ്ഞ് രണ്ടും കല്‍പ്പിച്ചു  ഒരു തൊഴി....
ആഹാ ...സംഗതി ഏറ്റു...
കറങ്ങിക്കറങ്ങി പന്ത് വലയിലേയ്ക്ക് ....
കാണികള്‍ ആര്‍ത്തിരമ്പി ...
മുന്‍നിരയില് കളി കണ്ടുകൊണ്ടിരുന്ന കൊച്ചവുസേപ്പിന് സഹിച്ചില്ല ...
തൊമ്മിക്കുഞ്ഞ് കസറുന്നു ...  
കൊച്ചവുസേപ്പ് ഒന്നു മുരടനക്കി ..
തിരിഞ്ഞു നോക്കിയ ഗോപാലന്റ്റെ ചെവിയില്‍ മുഴങ്ങിയ
ശബ്ദം ഇതായിരുന്നു ....

" പണ്ടൊരുത്തന്‍ ഒന്ന് കസറിയതാ..ഇപ്പോഴും ഭൂമി കറക്കം നിറുത്തിയിട്ടില്ല ..."
കൊച്ചവുസേപ്പ്  ഒന്ന് കൂടി ഞെളിഞ്ഞിരുന്നു ...


 
നന്ദിനി

Sunday, September 18, 2011

സ്വം

സ്പന്ദനം





സ്വന്തം ഇച്ഛയാണൊന്നാമതെന്നത്
സ്വേച്ഛധിപതിക്ക് സ്വന്തം അത് തീര്‍ച്ച ...
സ്വം എന്ന സ്വത്തിനെ സത്വമായ് മാറ്റിയാല്‍
സ്വമ്മിന്നിരിപ്പിടം നാവാണത് തീര്‍ച്ച ....
ഇച്ഛയില് സ്വേച്ഛo കടന്നു കൂടീടുമ്പോള്‍
നാവു തന്‍ തുമ്പില്‍ വരുമെന്നത് തീര്‍ച്ച ....
തളര്‍ച്ച മറക്കുന്ന നാവു മറക്കുന്നു
ഉയര്‍ച്ച പകരുന്ന കേള്‍വി അത് തീര്‍ച്ച ...
ഇച്ഛയെ സ്വേച്ഛമായ് കല്പ്പിച്ചകറ്റുമ്പോള്‍
‌ഇച്ഛയ്ക്കളവുകോല് ബുദ്ധി അത് തീര്‍ച്ച ...
ഇച്ഛയും സ്വേച്ഛയും ഒത്തു ചേര്‍ന്നീടുമ്പോള്
തുച്ഛമാകുന്നതോ ...? ഇച്ഛ ..അത് തീര്‍ച്ച ....


നന്ദിനി

Sunday, September 11, 2011

കുഞ്ഞു ജീവിതം

സ്പന്ദനം
ജഗത് പിതാവ് തന്‍ മഹാദാനങ്ങളില്‍
മഹത് ജന്മങ്ങളാം കുഞ്ഞു മിടിപ്പുകള്‍
നാമ്പെടും ഹൃദയത്തില്‍ പിന്നീടുദരത്തില്‍
മൊട്ടിടും ജന്മങ്ങള്‍ ജീവിത വല്ലിയില്‍ ...
"സമയത്തില്‍ അനുഭവവേദ്യമായീടുന്ന....
സൗഭാഗ്യസാന്ദ്രമാം കുഞ്ഞു തുടിപ്പുകള്‍ "
രൂപഭാവങ്ങളും ജീവഗതികളും
ചിത്രീകരിച്ചു മിനുക്കി ഒരുക്കുമ്പോള്‍ .....
സൂത്രങ്ങള്‍ ആസൂത്രിതമായി മാറുന്നു ...
തഴുകും കരങ്ങളിന്നായുധമേറുന്നു....
അന്ധകാരത്തിലൂടന്ധരായ് തീരുന്നു ...
അറവുശാലയായ് മാറുന്ന ഉദരങ്ങള്‍ ...
നന്ദിനി

Saturday, September 10, 2011

ആടുന്ന പാവകള്‍

സ്പന്ദനം
 
 
ചരട് വലിക്കുമ്പോള്‍ ആടുന്ന പാവകള്‍
ചലനം നിയന്ത്രിക്കും അഹവും ആവശ്യവും ...
മനുജ ജന്മങ്ങളെ കയറില്‍ കുരുക്കുന്ന ..
ചരടുകളാണിന്നു നിയന്ത്രണ രേഖകള്‍ .
 
കാലത്തിനൊപ്പിച്ചു കോലങ്ങള്‍ മാറുവാന്‍
ചരടുകള്‍ നല്‍കുന്ന ബലമോ ഭയങ്കരം !
പല രൂപവേഷങ്ങള്‍ ,പല ഭാവഭൂഷകള്‍ ...
ആടുന്ന പാവയില്‍ ഒടുങ്ങുന്നു ജീവിതം ....!
 
 
നന്ദിനി

Friday, September 9, 2011

തകരുന്ന ബാല്യങ്ങള്‍

സ്പന്ദനം



അസ്ഥി മരവിക്കും വികാര വിക്ഷോഭങ്ങള്‍
അസ്തിത്വം മരവിച്ച മാനവ രാശിയില്‍ ...
വേലിയേറ്റങ്ങളാം മാസ്മരികതകളില്‍
തച്ചുടയ്ക്കുന്നതോ കുഞ്ഞു ബാല്യങ്ങളെ ...
 
 
നിയന്ത്രണ രേഖ തകര്‍ക്കും വികാരങ്ങള്‍
നിശ തന്‍ മറവിലായ് തിമിര്‍ത്തരങ്ങേറുമ്പോള്
തുറന്നടയുന്നോരാ കുഞ്ഞു നേത്രങ്ങള്‍ ...
നേരായ ദിശകള് തിരിച്ചറിഞ്ഞീടുമോ ?
 
 
 
നന്ദിനി

Wednesday, August 31, 2011

ഒരു ചോദ്യം..മറിയമ്മ ?

സ്പന്ദനം
കവികള്‍ക്ക് ലഹരി  കവിതകളും
കഥാകൃത്തുക്കള്‍ക്കോ കഥകളും
തുറന്ന കണ്കളും കാതുകളും
           നിറങ്ങള്‍ ചാര്‍ത്തുന്നു  തൂലികയും ....

ഇന്നു ഞാനേറെ പറയാന്‍ കൊതിക്കുന്നു
മറിയമ്മ തന്‍ മുഖം മായാതെ നില്‍ക്കുന്നു
പണ്ട് മരിച്ചു പോയ് എന്നു പറഞ്ഞോരാ...
മറിയമ്മ വീണ്ടും ഉയിര്‍ത്തതു  കാണുവാന്.
നാല് പതിറ്റാണ്ട്  മുമ്പരങ്ങ്‌ തകര്‍ത്തൊരാ,
വായനക്കാരെ പിടിച്ചു കുലുക്കിയ,
കഥകള്‍ പകര്‍ന്നോരാ തൂലികാ ശക്തിയെ
പിന്നാരും കാണാത്തതെന്തന്നറിയില്ല.


ആസ്വാദകര്‍ അന്നേറെ വളര്ന്നതും,
വിമര്ശകര് ഒട്ടും കുറയാതിരുന്നതും..
അക്ഷരം ചാലിച്ച  തൂലികാശക്തിയോ ....
കഥകള് തുടര്‍ന്നും പറഞ്ഞു സുലഭമായ്.

ആസ്വാദനങ്ങളും‍ വിമര്‍ശനങ്ങളും,
അരങ്ങു തകര്‍ത്തങ്ങാടി തിമിര്‍ത്തപ്പോള്‍......
ഒരുനാള്‍ കണ്ടില്ല  തൂലികാ ശക്തിയെ
ഒരുപാട് തിരഞ്ഞവര്‍ കണ്ടില്ലോരേടത്തും.


വായനക്കാര്ക്കൊരു സംശയം ബാക്കിയായ്
 മരിച്ചു എന്നവര്‍ ചിന്തിച്ചുറക്കെയും....
തിരയാന്‍ സ്ഥലമില്ല ഭൂവിലൊരേടത്തും
മറിയമ്മ എന്നൊരു പേര്‍ മാത്രം ബാക്കിയും .....


ഇന്നിതാ വീണ്ടും ഞാന്‍ കണ്ടു മറിയമ്മെ,
തൂലികാ നാമത്തില്‍ ഒതുങ്ങിയ പാടവം
അക്ഷര സിദ്ധികള്‍ കൊരുത്ത കരങ്ങളി -
ന്നെന്‍ പ്രിയ താതന്റ്റെയാണെന്ന വാസ്തവം ....!


ഉയര്‍ന്നു വരുന്നോരാ ചോദ്യശരങ്ങളെ
തേങ്ങലായ് ഉള്ളില്‍ അടിച്ചമര്‍ത്തുമ്പോഴും
വായനക്കാര്‍ക്കൊപ്പം ചോദിച്ചു പോയി ഞാന്....‍
എന്തിനു  ബന്ധിച്ചു അക്ഷര സിദ്ധിയെ .....?




നന്ദിനി

Saturday, August 27, 2011

അനാഥത്വം

സ്പന്ദനം 

അനാഥര്‍ എന്നൊരാ 
വാക്ക് പറയുന്നു ...
നാഥനില്ലാത്തവര്‍  
എന്ന വിശേഷണം ...

                താങ്ങും തുണയും 
                ഇല്ലാതെ അലയുമ്പോള്‍
                അനാഥര് തന്‍ അര്‍ത്ഥം ...
                മാറി മറിയുമോ...?


അനാഥത്വം എന്നത്
ബാഹ്യ രൂപങ്ങളില്‍
' ആരുമില്ലാത്തവര്‍ '
എന്ന് പറയുമ്പോള്‍ ...

                              
                 ഒന്ന്  ചോദിക്കട്ടെ ....
                 മനുഷ്യ ജന്മങ്ങളെ ...
                 അനാഥരാകുന്നില്ലേ...    
                 സനാഥരിന്നുലകത്തില്‍ ....?


എന്താണിതിനര്‍ത്ഥം ....?
എന്ത് വിളിക്കണം .....?
" മനുഷ്യത്വ  ലംഘനം "
എന്ന പേര്‍ ചേരുമോ ...?

             
                 മരവിച്ച സംസ്കാരം
                 ബാക്കി വച്ചീടുന്ന
                 നീതി രഹിതമാം
                 കുലമഹിമയൊക്കെയും ...


സംസ്കാര സമ്പന്നതയ്ക്ക്
വിഘ്നമോ ...?
നേരായ ചിന്താഗതിക്ക്
തടസ്സമോ ...?
 

                    സത്യ വിരുദ്ധമാം
                    പ്രഹേളിക  തന്നെയോ ...?
                    ദൈവ ഭയത്തിന്‍  അഭാവമോ ...?
                    അറിയില്ല ...


നീതിയും ന്യായവും
ത്യജിക്കുന്ന സംസ്കാരം
ഇന്നറിയുന്നുവോ...
തകരുന്ന മനസ്സുകള്‍ ...

                  
             സനാഥരായിട്ടും
             അനാഥരായീടുന്ന ....
             ജീവിതം തള്ളുന്ന
             സനാഥ ജന്മങ്ങളെ .....!


നന്ദിനി
               
            
               

Tuesday, August 16, 2011

മരവിച്ച സ്ത്രീത്വം

സ്പന്ദനം


സ്ത്രീയാണ് സൃഷ്ടി തന്‍ മകുടവും തേജസ്സും ...
മാതൃ സ്നേഹം തന്‍  അക്ഷയ ശ്രോതസ്സും ...
സ്തീ ജന്മമേ, നീ കാരുണ്യ വാരിധി ...!
സ്നേഹ മുഖ മുദ്ര നിന്നുടെ ശ്രേയസ്സും....
 
വിജ്ഞാന വൃക്ഷത്തിന്‍ ആദ്യ പാ൦ങ്ങളില്
മാതൃ സ്നേഹത്തിന്റ്റെ പങ്ക് പ്രധാനവും ...
തളിര്‍ക്കുന്ന ...പൂക്കുന്ന..  ജീവ വൃക്ഷത്തിന്റ്റെ ...
തണലായ്‌ തീരുന്ന പുണ്യമാം ജന്മവും ....
 
കാലചക്രങ്ങള്‍ തന്‍ കാല്പ്പനികതകളില്‍ ...
വിള്ളലായ് മാറുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം ...!
അര്‍തഥാന്തരങ്ങളില് മാറ്റം കുറിക്കുമ്പോള്‍
അന്യമായി മാറുന്ന സ്തീയുടെ ജന്മവും ....
 
ദൃശ്യ മാധ്യമങ്ങളില് കാണുന്ന
സ്ത്രീ തന്‍ കഥകളോ സഹനത്തിന്‍ പുത്രിയും ...!
കരഞ്ഞു കലങ്ങുന്ന കണ്ണില്‍ തെളിയുന്ന ..
സാമാന്യ ബുദ്ധി ത്യജിക്കുന്ന ജന്മങ്ങള്‍ ...!
 
അര്‍തഥതലങ്ങളില് മാറ്റം അനിവാര്യം ..?
ക്രൂരത ...വക്രത ...കുടില തന്ത്രങ്ങളും....
സ്ത്രീ ജന്മത്തിന്റ്റെ കുത്തകയാണെന്ന....,
ദൃശ്യ മാധ്യമത്തിന്റ്റെ വിക്രിയ ഭീകരം ...! ‍
 
വേദന വിങ്ങുന്ന കഥയില്‍ തെളിയുന്ന ...
തിന്മ പ്രസരിക്കും മൂല്യ ച്യുതികളില്‍ ...
സ്ത്രീയെന്ന ജന്മത്തെ   കോവര്‍ കഴുതയും ...
   സിംഹിയുമാക്കിയാല്‍ എന്താണിന്നത്ഭുതം ...!‍
 
നന്ദിനി

Friday, August 12, 2011

പ്രണയ വിഷയം

സ്പന്ദനം

കാലഘട്ടങ്ങള്‍ തന്‍ മാറ്റങ്ങള്‍ക്കപ്പുറം
കഥാകൃത്തുക്കള്‍ തന്‍ രചനകള്‍ക്കപ്പുറം
അക്ഷരം കോര്ക്കുന്ന കവികള്‍ക്കുമപ്പുറം
കാണുന്നു ഞാനാ വയസ്സന്‍ പ്രണയത്തെ ...

എവിടെ തിരിഞ്ഞാലും വിഷയം പ്രണയവും ..
പ്രണയത്തിന്‍ ചേഷ്ടയും ലീലാവിലാസവും ..
വര്‍ണ്ണന വളര്‍ന്നു പടര്‍ന്നു പന്തലിക്കുമ്പോള്‍...
വില്ലനെ പോലെ വരുന്നു വിരഹവും ...
പിന്നെ വിരഹത്തിന്‍ ചുവടുകള്‍ അളന്നിടും
ഏകാന്തതയും ... ഒടുവില്‍ മരണവും ...
പ്രണയത്തിന്‍ പേരില്‍ കടന്നു കൂടീടുന്ന
വിഷയത്തില്‍ ഒതുങ്ങുന്നു ഇന്നിന്റ്റെ അക്ഷരം ..

 നിര്‍വ്യാജമായൊരാ സ്നേഹ സാമ്രാജ്യത്തെ ..
പ്രണയ തലക്കെട്ടില്‍ കുത്തി നിറയ്ക്കുമ്പോള്‍
പ്രണയ വഴികളില്‍ ഇടറി വീഴുന്നവര്‍
കാണാതെ പോകുന്നു സ്നേഹത്തിന്‍ പരിശുദ്ധി ....

അന്യമായ്‌ മാറുന്ന സ്നേഹ വിചിന്തനം
പ്രണയ വിഷയത്തില്‍ എരിഞ്ഞ് തുടങ്ങുമ്പോള്‍ ...
ഊരാക്കുടുക്കില്‍ പെടുന്നോരാ ജന്മത്തിന്‍
പ്രണയ വിശേഷണം കയ്പ്പോ ...? മധുരമോ....?
 
 
നന്ദിനി

Saturday, August 6, 2011

ഭ്രാന്തോ ...ആര്‍ക്ക് ..?

സ്പന്ദനം 
                                                      
മറനീക്കി സത്യങ്ങള്‍ 
പുനര്‍ജ്ജ്നിക്കുമ്പോള്‍ ‍
ഉടലെടുക്കുന്നിതാ
ഭ്രാന്തന് ചിന്താഗതി....

മനസ്സിന്റ്റെ ഗദ്ഗദം
ഭ്രാന്തായ് സമര്ത്ഥിക്കാം..
ഉള് തേങ്ങലുകളോ
ഭ്രാന്തിന്റ്റെ രോദനം ...!

ചിന്താസരണി തന്‍
വേലിയേറ്റത്തില്‍ 
പൊട്ടിപ്പുറപ്പെടും
വാക്കുകള്‍  ഭ്രാന്തുകള്‍ ....!

യവനികയ്ക്കപ്പുറം
പതുങ്ങി നിന്നീടുന്ന 
സത്യാവസ്ഥ തന്‍ 
സമര്‍ത്ഥനം  ഭ്രാന്താവാം ...!

ദുഷ്കര്‍മ്മാന്ത്യമോ
സത്യലംഘനത്തിലായ്...
സ്വതന്ത്രനാക്കുന്നതും 
ഭ്രാന്തിന്റ്റെ  പേരിലും ...!

നിര്‍വ്വചനങ്ങള്‍ 
മാറിമറിയുമ്പോള്‍ 
ഭ്രാന്തിന്‍  വിശേഷണം
മറ്റൊരു ഭ്രാന്താവാം ...!





നന്ദിനി 





Friday, July 29, 2011

പ്രിയ മറിയമ്മ

സ്പന്ദനം

പണ്ടൊരിക്കല്‍ അമ്മ
എന്നോട് ചോദിച്ചു ...
കുഞ്ഞിന്നനിയാമോ ...
ആരാണ്  മറിയമ്മ ...?
                                പൊട്ടിച്ചിരിച്ചു കൊണ്ടു-
                                 ത്തരമോതി ഞാന്‍ ...
                                 "അമ്മയ്ക്ക റിയി ല്ലേ....
                                  ഞാനാണ് മറിയമ്മ .."
കുഞ്ഞു കുസൃതിയെ
തഴുകിത്തലോടി യി -
ട്ടമ്മ പറഞ്ഞുടന്‍
"നീയും മറിയമ്മ .."
                                " സഭയുടെ താളില്‍  നിന്
                                  വിളിപ്പേര്  മറിയമ്മ....
                                  എന്നാലാ മറിയമ്മ
                                  അല്ലാമറിയമ്മ ...."
ആരാണതെന്നു ഞാന്‍
പിന്നെയും ചോദിച്ചു
ഉത്തരമായിട്ടു
പറഞ്ഞമ്മ ഇങ്ങനെ...
                                   "നാല് പതി റ്റാണ്ടു
                                     മുമ്പക്ഷരം ചാലിച്ച്
                                     കഥകള്‍ എഴുതിയ
                                      ആളാണ് മറിയമ്മ ..."

"എല്ലാരും കഥകള്‍
പറയില്ലേ അമ്മേ .....
മറിയമ്മ യ്ക്കെന്താണ്
പിന്നെ പ്രത്യേകത ...."
                                     "എല്ലാരും പറയുമ്പോള്‍
                                      സമ്മാനം കിട്ടുമോ ...?
                                      സമ്മാനം കിട്ടിയ
                                      ആളാണ്‌ മറിയമ്മ ..."
"സമ്മാനം കിട്ടിയ
മറിയമ്മെ കാണണം ..."
കാണിച്ചു തരുവാനായി
മുറവിളി കൂട്ടി ഞാന്‍

                           ശല്യം സഹിക്കാതെ
                          എന്നോട് പറഞ്ഞമ്മ
                          "ചാര് കസേരയില്‍
                            പോയി നീ നോക്കുക .."
മറിയമ്മെ നോക്കീട്ടു
കണ്ടതെന്‍ അപ്പനെ
ചാരു കസേരയില്‍
അപ്പനുറങ്ങുന്നു ....
                             സംശയമായുടന്‍
                              പിന്നെ ഞാന്‍ ചോദിച്ചു
                              "അമ്മേ മറിയമ്മ
                              ആണാണോ പെണ്ണാണോ..?
ഒരു ചെറു പുഞ്ചിരി-
യോടെ പറഞ്ഞമ്മ ...
"നിന്നിലെ ജീവന്റ്റെ
തുടിപ്പാണെന് മറിയമ്മ ...."
 
നന്ദിനി ‍
 
            

Monday, July 25, 2011

നാളെ

സ്പന്ദനം



 
രണ്ടക്ഷരത്തിന്റ്റെ
സംഗമ വേളയില്‍
'നാളെ' എന്നൊരു വാക്ക്
ജന്മമെടുക്കുന്നു......
             
            കേട്ടവര്‍  കേട്ടവര്‍ 
            ഒത്തുകൂടീടുന്നു
            'നാളെ' അവര്‍ക്കൊരു 
            ചര്‍ച്ചാവിഷയമായി ......

എന്താണ്  'നാളെ'?
ചിലര് ചോദിക്കുന്നു ....
ഉത്തരം  പറയുവാന്‍ 
ഒട്ടേറെ ആളുകള്‍ ...

             ചിലര് പറയുന്നു ....
             ദീര്‍ഘ നിശ്വാസമായി...
             ചിലരോ  പറയുമ്പോള്‍ 
             കണ്ണ് കലങ്ങുന്നു ....

വേറെ  ചിലര്‍ 
ആര്‍ത്തട്ടഹസിക്കുന്നു ....
കേട്ടവരാകവേ
ഞെട്ടി വിറയ്ക്കുന്നു ....

             ചിലര്  പറയുമ്പോള്‍ 
             കണ്ണ് നിറയുന്നു ........
             സന്തോഷാ ശ്രുക്കള്‍
             നിറഞ്ഞു  തുളുമ്പുന്നു ....

ഉത്കണ്൦യോടെ
തുടങ്ങും ചിലരുടെ ...
കണ്൦ മിടറുന്നു...
പറയുന്ന  വേളയില്‍ 

               രണ്ടക്ഷരത്തില്‍ 
               ഒതുങ്ങുന്ന  'നാളെയോ '
               പറഞ്ഞു  തുടങ്ങുമ്പോള്‍ 
               അക്ഷരസാഗരം...

എന്നാലാ  നാളെ തന്‍
പിറവി  നമുക്കിന്ന്....
ഒരു ചോദ്യ ചിഹ്നമായി 
ഇന്നും  തുടരുന്നു .....


നന്ദിനി    

Saturday, July 23, 2011

ജീവിത ദര്‍ശനം

സ്പന്ദനം


ഈ ലോകജീവിതം
എത്ര മേല്‍ നശ്വരം...
ഒരു നീര്‍കുമിള പോല്‍
എത്ര തരളിതം...
മോഹന സുന്ദര
സ്വപ്‌നങ്ങള്‍ നെയ്യുന്ന...
മാനുഷ്യര്‍  എത്ര നിസ്സാരര്‍
 ഈ ഭൂവതില്‍...


 ഈ ലോകജീവിത
വ്യഗ്രത കൊണ്ടിതാ...
തളരുന്നു ജീവിതം
വലയുന്നു മാനുഷ്യര്‍...
ഉത്കണ്൦ മൂലം
നശിക്കുന്നു ജീവിതം...
ആകുലതകളാല്‍
ഒടുങ്ങുന്നു ശാന്തിയും .
..

ഇന്നിന്റ്റെ ഭാരം
ചുമക്കുന്നതിനൊപ്പം...
നാളെ തന്‍ ഭാരവും
ചുമക്കുന്നു മാനുഷ്യര്‍....
എന്തിനാണെന്തിനാണീ
ലോകജീവിതം
ഒരു വലിയ ചുമടായി
മാറ്റുന്നു മാനുഷ്യര്‍...


ഇന്നിന്റ്റെ ദുഃഖങ്ങള്‍
ഇന്നേയ്ക്ക് മാത്രവും...
 ഇന്നിന്റ്റെ ഭാരങ്ങള്‍
ഇന്നേയ്ക്ക് മാത്രവും...
നാളെയെന്നൊന്നിനെ
കുറിച്ചുള്ള ഭീതികള്‍....
മാറ്റിമറിക്കുന്നു 
ജീവിത രീതികള്‍ ....


ആഡംബരങ്ങളാല്‍ 
മുങ്ങിയ ജീവിതം ....
കൈ നീട്ടി വാങ്ങാന്‍
കൊതിക്കുന്ന മാനസം.....
നാളെ തന്‍ മോഹന 
സുന്ദര സ്വപ്‌നങ്ങള്‍... 
ഓര്‍ത്തോര്‍ത്തിരിക്കാന്‍ 
കൊതിക്കുന്ന മാനസം.... 


ആശിച്ച  സ്വപ്‌നങ്ങള്‍ 
പൂവണിഞ്ഞീടുവാന്‍...
ആരെയും  തള്ളിപ്പറയാന്‍  
അവര്‍ തല്പ്പര്‍...
ബന്ധങ്ങള്‍ തന്നുടെ
വിലയറിയാത്തവര്‍....
സ്വാര്‍ത്ഥത യാലേ
നിറയുന്ന   ജീവിതം... 


പൂവണിയുവാനായി
മടിക്കുന്ന സ്വപ്‌നങ്ങള്‍ ....
പെട്ടെന്നു പൊട്ടി
തകര്‍ക്കുന്നു  ജീവിതം.....
ശപിക്കുന്നു  സര്‍വരും 
പഴിക്കുന്നു   ഈശനെ ....
എത്ര വിചിത്രമീ 
ചിന്താശകലങ്ങള്‍.....


ദൈവത്തിന്‍  ദാനമാം 
ആത്മാവിന്‍ വേദന ...
കാണുക യില്ലവര്‍
അന്ധരായി  മാറുന്നു....   
നമ്മിലേല്‍പ്പിച്ചോരാ
ആത്മാവിനെ നമ്മള്‍ ...
അവഗണി ച്ചീടുന്നു
വില  മറന്നീടുന്നു ...... 

മരണസമയത്ത്
മാത്രം ചിന്തിക്കുന്ന....
ആത്മാവിന്‍ രക്ഷയും 
എത്രയോ   നിഷ്ഫലം ....
അവസ്ഥ  ദയനീയം
മരണമോ നിശ്ചയം...
സൂഷ്മതക്കുറവിന്റ്റെ 
ഫലമോ ..ഭയാനകം ...!

ദാനധര്‍മാദികള്‍
പുണ്യസുകൃതങ്ങള്‍...
സത്ഫലമേകുന്നു
രക്ഷ നല്‍കീടുന്നു ...
വിശുദ്ധി പരിചയായി
മാറ്റുന്ന മര്‍ത്യര്‍ക്ക്  ....
ദൈവം തരുന്നതോ
നിത്യമാം ശാന്തിയും ...


നന്ദിനി




Friday, July 22, 2011

ഒരു കാഴ്ച

സ്പന്ദനം 


പെട്ടെന്നാണ് തോന്നിയത്  
ഒന്ന് തിരിഞ്ഞു നോക്കാന്‍  ...


കൊതുക് കയറാതിരിക്കാന്‍ അടിച്ച വലയിലും
ചില്ലുപാളിയുടെ ഇടയിലും പെട്ടു
കുടുങ്ങി ക്കിടക്കുന്ന ഒരു പ്രാണി....
ജനാലയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പറന്ന്...
രക്ഷപെടാന്‍ വഴി തേടുന്നു  ...

അതിനെ ലക്ഷ്യമാക്കി പതുങ്ങി വരുന്ന
ഒരു ചിലന്തി.....
പറന്ന് മടുത്ത പ്രാണി ഒന്നിരുന്നപ്പോള്‍
അടുത്തെത്താന്‍ ഒന്ന് സ്പീട് കൂട്ടി ...
ഒരു നിശ്ചിത അകലത്തില്‍ എത്തിയപ്പോള്‍
ഒറ്റ ചാട്ടം ....
ചിലന്തി ആ പ്രാണിയുടെ പുറത്തേയ്ക്ക് ...
ആ ചാട്ടത്തിന്റ്റെ ഊക്കില്‍ ഗ്രിപ്പ് പോയി
ചിലന്തി താഴേയ്ക്ക് ....
കുത്ത് കിട്ടി കാണണം ...
പ്രാണിയും പറന്നു പൊങ്ങി ...
എന്നാല്‍ ....
ആ പറക്കലിന് ഒരു താളപ്പിഴ....
താഴേയ്ക്ക് വീഴുന്നത് പോലെ  ...
വയ്യ ....
ഞാന്‍ തല തിരിച്ചു ...
ഒരു കൊലപാതക ശ്രമം ....
സാക്ഷിയാവാന്‍ വയ്യ ....

"    യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ച്
     തലതിരിച്ചു പോകുന്നവരാണധികവും...
     അതൊരു   ജീവിതം.........  "

സമയം കളഞ്ഞില്ല ...

ഒരു ചൂലെടുത്ത് ...
രണ്ടിനേയും  അടിച്ചു കൊന്നു ........

ഇതും ജീവിതം......... !


നന്ദിനി