Friday, July 29, 2011

പ്രിയ മറിയമ്മ

സ്പന്ദനം

പണ്ടൊരിക്കല്‍ അമ്മ
എന്നോട് ചോദിച്ചു ...
കുഞ്ഞിന്നനിയാമോ ...
ആരാണ്  മറിയമ്മ ...?
                                പൊട്ടിച്ചിരിച്ചു കൊണ്ടു-
                                 ത്തരമോതി ഞാന്‍ ...
                                 "അമ്മയ്ക്ക റിയി ല്ലേ....
                                  ഞാനാണ് മറിയമ്മ .."
കുഞ്ഞു കുസൃതിയെ
തഴുകിത്തലോടി യി -
ട്ടമ്മ പറഞ്ഞുടന്‍
"നീയും മറിയമ്മ .."
                                " സഭയുടെ താളില്‍  നിന്
                                  വിളിപ്പേര്  മറിയമ്മ....
                                  എന്നാലാ മറിയമ്മ
                                  അല്ലാമറിയമ്മ ...."
ആരാണതെന്നു ഞാന്‍
പിന്നെയും ചോദിച്ചു
ഉത്തരമായിട്ടു
പറഞ്ഞമ്മ ഇങ്ങനെ...
                                   "നാല് പതി റ്റാണ്ടു
                                     മുമ്പക്ഷരം ചാലിച്ച്
                                     കഥകള്‍ എഴുതിയ
                                      ആളാണ് മറിയമ്മ ..."

"എല്ലാരും കഥകള്‍
പറയില്ലേ അമ്മേ .....
മറിയമ്മ യ്ക്കെന്താണ്
പിന്നെ പ്രത്യേകത ...."
                                     "എല്ലാരും പറയുമ്പോള്‍
                                      സമ്മാനം കിട്ടുമോ ...?
                                      സമ്മാനം കിട്ടിയ
                                      ആളാണ്‌ മറിയമ്മ ..."
"സമ്മാനം കിട്ടിയ
മറിയമ്മെ കാണണം ..."
കാണിച്ചു തരുവാനായി
മുറവിളി കൂട്ടി ഞാന്‍

                           ശല്യം സഹിക്കാതെ
                          എന്നോട് പറഞ്ഞമ്മ
                          "ചാര് കസേരയില്‍
                            പോയി നീ നോക്കുക .."
മറിയമ്മെ നോക്കീട്ടു
കണ്ടതെന്‍ അപ്പനെ
ചാരു കസേരയില്‍
അപ്പനുറങ്ങുന്നു ....
                             സംശയമായുടന്‍
                              പിന്നെ ഞാന്‍ ചോദിച്ചു
                              "അമ്മേ മറിയമ്മ
                              ആണാണോ പെണ്ണാണോ..?
ഒരു ചെറു പുഞ്ചിരി-
യോടെ പറഞ്ഞമ്മ ...
"നിന്നിലെ ജീവന്റ്റെ
തുടിപ്പാണെന് മറിയമ്മ ...."
 
നന്ദിനി ‍
 
            

Monday, July 25, 2011

നാളെ

സ്പന്ദനം



 
രണ്ടക്ഷരത്തിന്റ്റെ
സംഗമ വേളയില്‍
'നാളെ' എന്നൊരു വാക്ക്
ജന്മമെടുക്കുന്നു......
             
            കേട്ടവര്‍  കേട്ടവര്‍ 
            ഒത്തുകൂടീടുന്നു
            'നാളെ' അവര്‍ക്കൊരു 
            ചര്‍ച്ചാവിഷയമായി ......

എന്താണ്  'നാളെ'?
ചിലര് ചോദിക്കുന്നു ....
ഉത്തരം  പറയുവാന്‍ 
ഒട്ടേറെ ആളുകള്‍ ...

             ചിലര് പറയുന്നു ....
             ദീര്‍ഘ നിശ്വാസമായി...
             ചിലരോ  പറയുമ്പോള്‍ 
             കണ്ണ് കലങ്ങുന്നു ....

വേറെ  ചിലര്‍ 
ആര്‍ത്തട്ടഹസിക്കുന്നു ....
കേട്ടവരാകവേ
ഞെട്ടി വിറയ്ക്കുന്നു ....

             ചിലര്  പറയുമ്പോള്‍ 
             കണ്ണ് നിറയുന്നു ........
             സന്തോഷാ ശ്രുക്കള്‍
             നിറഞ്ഞു  തുളുമ്പുന്നു ....

ഉത്കണ്൦യോടെ
തുടങ്ങും ചിലരുടെ ...
കണ്൦ മിടറുന്നു...
പറയുന്ന  വേളയില്‍ 

               രണ്ടക്ഷരത്തില്‍ 
               ഒതുങ്ങുന്ന  'നാളെയോ '
               പറഞ്ഞു  തുടങ്ങുമ്പോള്‍ 
               അക്ഷരസാഗരം...

എന്നാലാ  നാളെ തന്‍
പിറവി  നമുക്കിന്ന്....
ഒരു ചോദ്യ ചിഹ്നമായി 
ഇന്നും  തുടരുന്നു .....


നന്ദിനി    

Saturday, July 23, 2011

ജീവിത ദര്‍ശനം

സ്പന്ദനം


ഈ ലോകജീവിതം
എത്ര മേല്‍ നശ്വരം...
ഒരു നീര്‍കുമിള പോല്‍
എത്ര തരളിതം...
മോഹന സുന്ദര
സ്വപ്‌നങ്ങള്‍ നെയ്യുന്ന...
മാനുഷ്യര്‍  എത്ര നിസ്സാരര്‍
 ഈ ഭൂവതില്‍...


 ഈ ലോകജീവിത
വ്യഗ്രത കൊണ്ടിതാ...
തളരുന്നു ജീവിതം
വലയുന്നു മാനുഷ്യര്‍...
ഉത്കണ്൦ മൂലം
നശിക്കുന്നു ജീവിതം...
ആകുലതകളാല്‍
ഒടുങ്ങുന്നു ശാന്തിയും .
..

ഇന്നിന്റ്റെ ഭാരം
ചുമക്കുന്നതിനൊപ്പം...
നാളെ തന്‍ ഭാരവും
ചുമക്കുന്നു മാനുഷ്യര്‍....
എന്തിനാണെന്തിനാണീ
ലോകജീവിതം
ഒരു വലിയ ചുമടായി
മാറ്റുന്നു മാനുഷ്യര്‍...


ഇന്നിന്റ്റെ ദുഃഖങ്ങള്‍
ഇന്നേയ്ക്ക് മാത്രവും...
 ഇന്നിന്റ്റെ ഭാരങ്ങള്‍
ഇന്നേയ്ക്ക് മാത്രവും...
നാളെയെന്നൊന്നിനെ
കുറിച്ചുള്ള ഭീതികള്‍....
മാറ്റിമറിക്കുന്നു 
ജീവിത രീതികള്‍ ....


ആഡംബരങ്ങളാല്‍ 
മുങ്ങിയ ജീവിതം ....
കൈ നീട്ടി വാങ്ങാന്‍
കൊതിക്കുന്ന മാനസം.....
നാളെ തന്‍ മോഹന 
സുന്ദര സ്വപ്‌നങ്ങള്‍... 
ഓര്‍ത്തോര്‍ത്തിരിക്കാന്‍ 
കൊതിക്കുന്ന മാനസം.... 


ആശിച്ച  സ്വപ്‌നങ്ങള്‍ 
പൂവണിഞ്ഞീടുവാന്‍...
ആരെയും  തള്ളിപ്പറയാന്‍  
അവര്‍ തല്പ്പര്‍...
ബന്ധങ്ങള്‍ തന്നുടെ
വിലയറിയാത്തവര്‍....
സ്വാര്‍ത്ഥത യാലേ
നിറയുന്ന   ജീവിതം... 


പൂവണിയുവാനായി
മടിക്കുന്ന സ്വപ്‌നങ്ങള്‍ ....
പെട്ടെന്നു പൊട്ടി
തകര്‍ക്കുന്നു  ജീവിതം.....
ശപിക്കുന്നു  സര്‍വരും 
പഴിക്കുന്നു   ഈശനെ ....
എത്ര വിചിത്രമീ 
ചിന്താശകലങ്ങള്‍.....


ദൈവത്തിന്‍  ദാനമാം 
ആത്മാവിന്‍ വേദന ...
കാണുക യില്ലവര്‍
അന്ധരായി  മാറുന്നു....   
നമ്മിലേല്‍പ്പിച്ചോരാ
ആത്മാവിനെ നമ്മള്‍ ...
അവഗണി ച്ചീടുന്നു
വില  മറന്നീടുന്നു ...... 

മരണസമയത്ത്
മാത്രം ചിന്തിക്കുന്ന....
ആത്മാവിന്‍ രക്ഷയും 
എത്രയോ   നിഷ്ഫലം ....
അവസ്ഥ  ദയനീയം
മരണമോ നിശ്ചയം...
സൂഷ്മതക്കുറവിന്റ്റെ 
ഫലമോ ..ഭയാനകം ...!

ദാനധര്‍മാദികള്‍
പുണ്യസുകൃതങ്ങള്‍...
സത്ഫലമേകുന്നു
രക്ഷ നല്‍കീടുന്നു ...
വിശുദ്ധി പരിചയായി
മാറ്റുന്ന മര്‍ത്യര്‍ക്ക്  ....
ദൈവം തരുന്നതോ
നിത്യമാം ശാന്തിയും ...


നന്ദിനി




Friday, July 22, 2011

ഒരു കാഴ്ച

സ്പന്ദനം 


പെട്ടെന്നാണ് തോന്നിയത്  
ഒന്ന് തിരിഞ്ഞു നോക്കാന്‍  ...


കൊതുക് കയറാതിരിക്കാന്‍ അടിച്ച വലയിലും
ചില്ലുപാളിയുടെ ഇടയിലും പെട്ടു
കുടുങ്ങി ക്കിടക്കുന്ന ഒരു പ്രാണി....
ജനാലയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പറന്ന്...
രക്ഷപെടാന്‍ വഴി തേടുന്നു  ...

അതിനെ ലക്ഷ്യമാക്കി പതുങ്ങി വരുന്ന
ഒരു ചിലന്തി.....
പറന്ന് മടുത്ത പ്രാണി ഒന്നിരുന്നപ്പോള്‍
അടുത്തെത്താന്‍ ഒന്ന് സ്പീട് കൂട്ടി ...
ഒരു നിശ്ചിത അകലത്തില്‍ എത്തിയപ്പോള്‍
ഒറ്റ ചാട്ടം ....
ചിലന്തി ആ പ്രാണിയുടെ പുറത്തേയ്ക്ക് ...
ആ ചാട്ടത്തിന്റ്റെ ഊക്കില്‍ ഗ്രിപ്പ് പോയി
ചിലന്തി താഴേയ്ക്ക് ....
കുത്ത് കിട്ടി കാണണം ...
പ്രാണിയും പറന്നു പൊങ്ങി ...
എന്നാല്‍ ....
ആ പറക്കലിന് ഒരു താളപ്പിഴ....
താഴേയ്ക്ക് വീഴുന്നത് പോലെ  ...
വയ്യ ....
ഞാന്‍ തല തിരിച്ചു ...
ഒരു കൊലപാതക ശ്രമം ....
സാക്ഷിയാവാന്‍ വയ്യ ....

"    യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ച്
     തലതിരിച്ചു പോകുന്നവരാണധികവും...
     അതൊരു   ജീവിതം.........  "

സമയം കളഞ്ഞില്ല ...

ഒരു ചൂലെടുത്ത് ...
രണ്ടിനേയും  അടിച്ചു കൊന്നു ........

ഇതും ജീവിതം......... !


നന്ദിനി

ഒരു വിചാരം

സ്പന്ദനം 


അഭിനയം ഒരു കലയാണ്‌  
സ്രിപ്റ്റിനനുസരിച്ചു  
മാറിമറയുന്ന
ഭാവങ്ങളുടെ കൃത്യത  
അഭിനേതാക്കള്‍ക്ക്  
അന്നമാണ് .....
ജീവിതം ഒരഭിനയമായാല്‍  ...
അതിന്റ്റെ കൃത്യതയെ
മുറുകെ പിടിച്ചു  
ഒരു പരിധി വരെ പോകാം  
എന്നാല്‍  ...
അതും കഴിഞ്ഞാല്‍        
അഭിനേതാക്കള്‍ക്ക്      
അന്നമുണ്ടാകുമോ .....?  
 
നന്ദിനി  

Wednesday, July 20, 2011

ആഗ്രഹങ്ങള്‍

സ്പന്ദനം 

ഒരു മഞ്ഞു തുള്ളി പോല്‍ 
           വെന്മയാര്‍ന്നീടുവാന്‍ ....
ഒരു ചെറു പൂവ് പോല്‍ 
             ശുദ്ധിയാര്‍ന്നീടുവാന്‍ ....
ഒരു കുഞ്ഞു കാറ്റായി 
               നിന്നെ പുണരുവാന്‍.....
ഒരിക്കലും വറ്റാത്ത  നിന്‍ 
               സ്നേഹം  നുകരുവാന്‍ ....


ഒരു ചെറു തിരി പോലെ 
            കത്തിജ്വലിക്കുവാന്‍ ....
ഒരു മഴ ത്തുള്ളി പോല്‍ 
              കൃപയാല്‍  നിറയുവാന്‍ .....
ഒരു തുള്ളി തേനായി 
              മധുരം പകരുവാന്‍ .....
ഒരു നാളും പിരിയാത്ത 
              സ്നേഹം നുകരുവാന്‍ .....

കുഞ്ഞാട്ടിന്‍ കുട്ടി പോല്‍ 
                ചാടിക്കളിക്കുവാന്‍ ....
നിഷ്കളങ്കതയുടെ 
                 പര്യായമായീടുവാന്‍ .....
ഒരു കുഞ്ഞി പ്രാവായി
                  വിണ്ണില്‍ ഉയരുവാന്‍ .....
വിശുദ്ധി തന്‍ ഉന്നത 
                  ശ്രേണിയിലെത്തുവാന്‍ ....

എന്നുടെ അമ്മ തന്‍ 
                   മടിയില്‍ ഇരിക്കുവാന്‍ ....
വിശുദ്ധരാം ആത്മാക്കള്‍ 
                   കൂട്ടുകാരാകുവാന്‍.....
മാലാഖമാരോട്  കിന്നാരം 
                   ചൊല്ലുവാന്‍ ....
അനന്ത വിഹായസ്സില്‍ 
                  ഓടിക്കളിക്കുവാന്‍....

എത്ര    കൊതിക്കുന്നു 
                   പൊന്നു നാഥാ.....
എന്നെ  കരുതുന്ന 
                  സ്നേഹ നാഥാ ...
തിരു ഹിതമെന്നില്‍ 
                    നിറവേറുവാന്‍....
കൃപ  നീ  ചൊരിയ ണേ  
                    ആത്മ നാഥാ .....

നന്ദിനി 

Tuesday, July 19, 2011

മുള്‍വനം

സ്പന്ദനം


മുള്ളുകള്‍ തിങ്ങിയ
ആ കുഞ്ഞു കാടിന്ന്
മുള്‍ വനമായിതാ
മാറുന്നു പെട്ടെന്ന്
                          നടന്നു കയറുവാന്‍
                          സാധിച്ച കാടിന്ന്
                          വല്ലാതെ മാറുന്നു
                          കൂരിരുള്‍ നിറയുന്നു .
കൂര്‍ത്തു മൂര്‍ത്തുള്ളോരാ
മുള്ളുകള്‍ കാടിന്റ്റെ
അരികില്‍ എഴുന്നങ്ങു
നില്‍ക്കുന്നു ഹാ കഷ്ടം !
                        അടുത്തേയ്ക്ക് ചെല്ലുവാന്‍
                        പോലും കഴിയാതെ
                        നിസ്സഹായയായി ഞാന്‍
                        മാറിനിന്നൂ ദൂരെ ...
നാഥന്‍ തന്‍ സ്നേഹം
രുചിച്ചറിഞ്ഞീടുവാന്‍
നാഥനെ കാണുവാന്‍
ആ മൊഴി കേള്‍ക്കുവാന്‍ ...
                           നാഥന്റ്റെ പക്കല്‍
                           അണഞ്ഞീ ടുവാനായി
                            ആ മുള്‍ വനം ഞാനോ
                            താണ്ടണം നിശ്ചയം !
എന്നാല്‍ എനിക്കിന്ന്
എത്രയോ ദുഷ്കരം !
താണ്ടുവാനുള്ലോരാ
കാടോ ഭയാനകം !
                             കൂരിരുള്‍ തിങ്ങിയ
                             ആ മുള്‍ വനത്തില്‍ ഞാന്‍
                             ഏകാകിയാകുന്നു
                              ലോകം വെറുക്കുന്നു !
നാഥന്റ്റെ  ആജ്ഞ
ശിരസ്സാ വഹിച്ചു ഞാന്‍
കണ്ണുമടച്ചിതാ
മുന്നോട്ട് നീങ്ങുന്നു .
                                കാലില്‍ തറയ്ക്കുന്ന
                                 മുള്ളിന്റ്റെ കാഠിന്യം
                                 ഇപ്പോള്‍ ഞാനറിയുന്നു
                                 പാരം ദയനീയം !
പെട്ടെന്നു പിന്നോട്ട്‌
വെട്ടിത്തിരിഞ്ഞു  ഞാന്‍
പിന്നില്‍ ഇരുള്‍ മാത്രം
ഞെട്ടി വിറച്ചു ഞാന്‍ ..
                               ഹൃദയം നുറുങ്ങി ഞാന്‍
                                അലറി വിളിച്ചു ഞാന്‍
                                നാഥാ വരേണമെ
                                കൂട്ടായിരിക്കണേ....
ഇല്ല.. ഞാന്‍ കേട്ടില്ല
പ്രത്യുത്തരമൊന്നും
ഇന്നെനിക്കറിയില്ല 
ഒന്നും അറിയില്ല ...
                             പിന്നോട്ട് പോകുവാന്‍ 
                              വെമ്പുന്ന കാലിനെ 
                              വചനത്തിന്‍  ശക്തിയാല്‍
                              മുന്നോട്ട് തള്ളി ഞാന്‍
വീണും എഴുന്നേറ്റും
യാത്ര തുടരുന്നു ...
ഘോരമാം മുള്‍വനം
നിന്ന് ചിരിക്കുന്നു ..
                          നാഥനെ കാണുവാന്‍
                          സമ്മാനം വാങ്ങുവാന്‍
                          കൊതിക്കുന്ന ഹൃദയമായ്
                          ഏന്തി  നടന്നു ഞാന്‍ ...
ഇന്നും ഞാനങ്ങനെ
യാത്ര തുടരുന്നു ...
നാഥനെ കാണും ഞാന്‍
സമ്മാനവും വാങ്ങും......


നന്ദിനി
                             

വീക്ഷണം

സ്പന്ദനം

എവിടെ സ്വപ്‌നങ്ങള്‍ അവസാനിക്കുന്നുവോ
അവിടെ ജീവിതം ആരംഭിക്കുന്നു ...
സ്വപ്‌നങ്ങള്‍ ജീവിതത്തിനു വിലങ്ങു തടിയാണോ ...?
അല്ല ...
സ്വപ്‌നങ്ങള്‍ ജീവിതത്തിലേയ്ക്കുള്ള വഴിയാണ്...
നാം കാണുന്ന സ്വപ്നങ്ങളില്‍ ജീവിത ദര്‍ശനം ഉണ്ട്..
ആ സ്വപ്‌നങ്ങള്‍ ജീവിക്കാനുള്ള ആഗ്രഹം തരുന്നു ..
എന്നാല്‍ ആ സ്വപ്ന സൗധങ്ങള്‍
ജീവിത യാഥാര്‍ത്ഥ്യങ്ങളെ
കണ്ട് മുട്ടുമ്പോള്‍......
അവിടെ സ്വപ്‌നങ്ങള്‍ അവസാനിക്കുന്നു ....
സ്വപ്നങ്ങളുടെ മരണങ്ങളെ ....
ജീവിതത്തിന്റ്റെ  ഉയിര്‍പ്പിലൂടെ
കാണുകയാണെങ്കില്‍...
വിജയം നമ്മുടെ പക്ഷത്തു തന്നെ ...
സ്വപ്‌നങ്ങള്‍ നല്ലത് തന്നെ ...
എന്നാല്‍  ....വെറും സ്വപ്നജീവിയായാല്‍...
ജീവിതം ഒരു പരാജയം ....
എന്നത് സ്പഷ്ടം !

നന്ദിനി

Monday, July 18, 2011

പടവുകളിലൂടെ


സ്പന്ദനം 
                  
ഹിമാലയ സാനുക്കളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന 
എവറസ്റ്റ്  കൊടുമുടി ഒരു കഥ പറയുന്നുണ്ട് ....
തന്നെ താനാക്കിയ ഒരു കഥ ....
തന്നെ തഴുകുന്ന  കാറ്റിനെയും ....
തന്നെ ചുംബിക്കുന്ന മേഘ പാളികളെയും....
സാക്ഷി  നിറുത്തി പറയുന്ന കഥയില്‍ 
തന്റ്റെ ഉയര്‍ച്ച  തന്നെ നായക സ്ഥാനത്തു  ....
അതും  രണ്ടു അവസ്ഥാന്തരങ്ങളില്‍ .....
ഡബിള്‍ റോളില്‍ ....
ഒരു ഭാഗം ഉയര്‍ന്നുയര്‍ന്നു ആകാശ സീമകളില്‍ 
എത്തുമ്പോള്‍ ....
മറു ഭാഗം താഴ്ന്നു താഴ്ന്നു സമതലം 
വരെ നീളുന്നു .....
തന്റ്റെ ഉയര്‍ച്ചയെ പോസിറ്റീവായി കണ്ട്
സന്തോഷിച്ചാഹ്ലാദിക്കുമ്പോള്‍ .....
തന്റ്റെ താഴ്ചയും ആ ഉയര്‍ച്ചക്ക് ചുക്കാന്‍ 
പിടിക്കുന്നുണ്ട് എന്ന സത്യം ആ നായകസ്ഥാനം 
മറക്കുന്നില്ല ....
നെഗറ്റീവ് താഴ്ചയുടെ  ഭാഗം ഭംഗിയായി 
അവതരിപ്പിക്കുമ്പോള്‍ ....
പോസിറ്റീവ്  ഉയര്‍ച്ചയിലേയ്ക്ക് കടക്കുന്നു ...
".....ജീവിത വീക്ഷണത്തിന്റെ 
അവസ്ഥാന്തരങ്ങളിലേയ്ക്ക് 
കടക്കുകയാണെങ്കില്‍ .....
പോസ്സ്റ്റീവിനും  നെഗറ്റീവിനും  തുല്യ സ്ഥാനം ....
ഒറ്റയ്ക്കുള്ള  നിലനില്‍പ്പ്‌ അസാധ്യം !
നെഗറ്റീവ്  ഇല്ലാതെ പോസിറ്റീവ്  എങ്ങനെ 
തലയുയര്‍ത്തും....!
നെഗറ്റീവിന്റ്റെ  തലയില്‍ ചവിട്ടി 
ഉയരുന്ന  പോസിറ്റീവ് ...നെഗറ്റീവിന്റ്റെ ,
താഴ്ച കാണാതെ പോകുന്നത്  വളരെ 
ദയനീയമാണ് .....
പോസിറ്റീവ്  എന്ന  വീക്ഷണം വളരെ 
നല്ലതാണ് ....
എന്നാല്‍ ...നെഗറ്റീവ് മറുവശത്തുണ്ട് എന്നുള്ള 
കണ്ടെത്തല്‍ ....
നമ്മെ ഒരു പരിധി വരെ നേരായ
ബോധത്തിലേയ്ക്കു  നയിക്കും ..."

അങ്ങനെ   എവറസ്റ്റ്  തന്റ്റെ കഥ 
അവസാനിപ്പിച്ചു ...
അഭിമാനത്തോടെ  കാറ്റിന്റ്റെ  വികൃതികളും 
മേഘ  പാളികളുടെ  സ്നേഹലാളനങ്ങളും
ഏറ്റുവാങ്ങിക്കൊണ്ട് ....
ഇനിയും  അന്യമായ ഉയര്‍ച്ചയുടെ 
സീമകളിലേയ്ക്ക്  കടക്കാന്‍ ....
കൊതിയോടെ  നോക്കുന്ന  ആ കണ്ണുകളില്‍ 
നിശ്ചയ ദാര്‍ഡ്യത്തിന്റ്റെ .......
ഒരു ചെറു കനലുണ്ടോ ....?

നന്ദിനി 

Wednesday, July 6, 2011

ദാനങ്ങള്‍

സ്പന്ദനം

മാനസമാകുന്ന
 പൊന്മണിക്കോവിലില്‍
ഏഴുതിരിയിട്ട   
മണി  വിളക്കാണ് ഞാന്‍ 
ശു ഭ്രമാം വസ്ത്രത്തിന്‍
 വെന്മയൂറുന്നോരാ
മാനസം ശുഭ്രത
  തന്‍ പര്യായവും....
 
             ശോഭയൂറുന്നോരാ
                 മേഘ കണങ്ങളില്‍
             തത്തിക്കളിക്കുന്ന
                 സൂര്യ കിരണമായ്‌
             പുല്‍കൊടിത്തുമ്പിലായ്
                  മിന്നിത്തിളങ്ങുന്ന
             മഞ്ഞിന്റ്റെ  തുള്ളി പോല്‍
                  ശോഭ വിതറുന്നു .....

ചാറ്റ മഴയത്
    പെയ്തൊരാ നേരത്ത്
വിടരാന്‍ വിതുമ്പുന്ന
    റോസാ തന്‍ പൂവിലായ്
ഇറ്റിറ്റു വീഴുന്ന
    പൊന്‍ മഴത്തുള്ളി തന്‍
സൗന്ദര്യമെത്ര
    സുഖകരം മോഹനം ...

         
              ഘോരമാം മാരി
                     പെയ്തൊഴിയുന്ന വേളയില്‍
              കരഞ്ഞു തെളിയുന്ന
                     മാനം മനോഹരം !
              നനഞ്ഞു കുതിരുന്ന
                    വേളയില്‍ പോലുമാ
              തെളിയുന്ന ആട്യത
                   ഭൂമിതന്‍ സ്വന്തവും ....

സകല ചരാചരങ്ങള്‍ക്കും
   ഉടമയാം
സര്‍വേശ നാഥനാം
   സത്യസ്വരൂപനില്‍
സ്നേഹം വിളമ്പുന്ന
   സൃഷ്ടികള്‍ ദാനങ്ങള്‍
നയന മനോഹരം
   സുന്ദരം ശ്രേഷ്ടവും !

നന്ദിനി





ചിന്തകള്‍

സ്പന്ദനം  

ഓരോ ചുവടിലും  
കാണുന്നു ഞാനിന്നു
ഓര്‍മ്മകള്‍
ഓടിക്കളിക്കുന്ന അങ്കണം
ആട്ടിയകറ്റുന്ന
കൈകളില്‍ കാണുന്നു
അന്നം തരുന്ന
വിശാലമാം മാനസം !

 ഉയര്‍ത്തിയും താഴ്ത്തിയും
 മുങ്ങിയും പൊങ്ങിയും
ഉണ്ടൊരു ജീവിതം
 തത്തിക്കളിക്കുവാന്‍
ഇന്നു  നമ്മെ പുകഴ്ത്തുന്ന 
കോലങ്ങള്‍ 
നാളെ നമ്മെ
താഴ്ത്തിടാം നിശ്ചയം !

മനുഷ്യ മനസ്സൊരു
കടങ്കഥ നാമൊക്കെ
മറ്റാരും കാണാതെ
 ഉത്തരം തേടുന്നു
 കാണില്ല   മറ്റാരും
നമ്മുടെ      യാത്രകള്‍
കാണില്ലൊരിക്കലും
നമ്മുടെ യാതന !

എന്തിനേറെ നാം
ചിന്തിച്ചു തളരുന്നു
എന്തിനോ വേണ്ടി
നാം ഏറെ ചിന്തിക്കുന്നു
ജീര്‍ണ്ണിച്ചു  പോയൊരാ
 ഓര്‍മ്മകള്‍ എന്തിനോ
ജീവിത ചുവടിലും
നിഴലായി മറയുന്നു !

നിഴലുകള്‍ നിഴലുകള്‍
 മുന്നിലും പിന്നിലും
നിറയുന്നു ചുറ്റിലും
അകത്തും പുറത്തുമായി
എന്തിനേറെ നാം
ചിന്തിച്ചു വലയുന്നു
എത്ര ചെറുതാണീ
ലോകവും ചിന്തയും !

നന്ദിനി  


Friday, July 1, 2011

പ്രതീക്ഷ

സ്പന്ദനം


ഇലകള്‍ കൊഴിഞ്ഞു ഉണങ്ങി   നിന്നീടുന്ന
മാമരം  ചൊല്ലുന്ന  കഥയില്‍ ഉറങ്ങുന്ന
പ്രതീക്ഷയാം വിത്തിനെ തൊട്ടുണര്‍ത്തീടുവാന്‍
ഏറെ  പണിപ്പെട്ടു പരിശ്രമിക്കുന്നു ഞാന്‍

                 ഉണരൂ, എന്നോമനെ നീ മാത്രമാണിന്ന്
                ആ  മാമരത്തിന്റ്റെ ഏകമാം  ആശ്രയം !
                ഓതി ഞാന്‍, വിത്തിന്റ്റെ കാതുകളിലേയ്ക്ക്
                ഇല്ല, ആ ചെറു വിത്ത്‌ ഒന്നും അറിഞ്ഞില്ല !

വീണ്ടും ഒരമ്മയെ പോലെ വിതുമ്പി ഞാന്‍
കേള്‍ക്കുകയില്ലയോ, മരത്തിന്റ്റെ രോദനം !
കൊട്ടിയടച്ചോരാ ചെറു വിത്ത്‌ തന്നുടെ
ചെവികള്‍ തുറക്കുവാന്‍ കേണ് പറഞ്ഞു  ഞാന്‍

              പ്രതീക്ഷ തന്‍ വിത്തിനെ സംശയിച്ചോ എന്ന്
              മനസ്സിന്‍ മണിചെപ്പില്‍ പാളി ഞാന്‍ നോക്കിയോ?
             ഇല്ല, ഞാന്‍ നോക്കില്ല ,ഇനിമേല്‍ ഒരിക്കലും
             സംശയിക്കില്ല ഞാന്‍ ആ ചെറു വിത്തിനെ

ഉണരും എന്നായാലും അറിയാം  എനിക്കിന്ന്   
തളിര്‍ക്കും ആ മാമരം എന്നതും സ്പഷ്ടവും
ഉണരൂ   എന്നോമനേ,   ഉണര്‍ന്നെഴുനേല്ക്കുക
തളരും  മനസ്സിന്  സാന്ത്വന മേകുക ...


നന്ദിനി

ഓര്‍മ്മകള്‍

സ്പന്ദനം


നഷ്ട ബോധത്തിന്റ്റെ  
       ആഴപ്പരപ്പിലും, 
മുത്തുകള്‍  വാരുന്ന
       മുക്കുവര്‍  നടുവിലും, 
ഉണ്ടേറെ ഓര്‍ക്കുവാന്‍   
      പൊയ് പോയ   കാലത്തിന്‍, 
ഉറക്കം  കെടുത്തിയ,  
      ഒട്ടേറെ  ഓര്‍മ്മകള്‍  .

                   ഒരുപാടുയരത്തില്‍
                          പണികഴിപ്പിച്ചോരാ,
                   സ്വപ്ന സൗധങ്ങള്‍
                         തകര്‍ന്നു വീഴുമ്പോഴും.
                   നാളെ വരും ഒരു
                        ചാകര,  എന്നൊരാ
                   നല്ല വിചാരമാണവരുടെ
                          ജീവിതം.

വീശിയടിച്ചു ചുഴറ്റി
       എറിയുന്ന,
കാറ്റിന്റ്റെ   മുമ്പില്‍ 
       തുഴകള്‍  എടുക്കുമ്പോള്‍, 
പറയുവാനേറെയുണ്ടോരോ
        മനസ്സിലും,
പോയ  കാലത്തിന്റ്റെ 
         ധീരമാം  ഓര്‍മ്മകള്‍!  

                            കൂറ്റന്‍  തിരമാല
                                   ആര്‍ത്തു വരുമ്പോഴും,
                             ചങ്കുറപ്പോടെ വല
                                    എറി ഞ്ഞീടുന്ന,
                             കടലാണവര്‍ക്കന്നം
                                     എന്നൊരാ  വാസ്തവം,
                             കടലോളമാണവര്‍ക്കെന്നത്               
                                      നിശ്ചയം !

പൊട്ടിത്തകരുന്ന  
         പളുങ്കു  പാത്രത്തിന്റ്റെ,
വക്കുകള്‍  മാത്രമായി
           മാറുന്ന ഓര്‍മ്മകള്‍ .
 ഓര്‍ക്കുകയില്ലവര്‍,
            ഓര്‍ത്താല്‍, അവര്‍ക്കില്ല
ജീവിതം എന്നത്
            പച്ച പരമാര്‍ത്ഥം !


നന്ദിനി