Monday, December 17, 2012

ആരുണ്ട് .....

സ്പന്ദനം 


മടിയില്‍ തുടങ്ങും  തലോടല്‍ വഴിമാറി
മടിയില്‍ ഒടുങ്ങി വലയും കുടുംബങ്ങള്‍ ...
അവകാശസീമ തന്‍ നിയമസംഹിത 
മടിയാതെ ഏകും സ്വത്തിന്‍ കരുത്തിലായ് ...
ഉത്തുംഗഭാവ പരകോടി പുല്‍കുന്ന 
മക്കള്‍ വസിക്കുമാ മാളികപ്പുരയിലായ്...
പൊടിയുന്ന കണ്ണീര്‍ തുടയ്ക്കാനറയ്ക്കുന്ന
നഗ്നസത്യത്തിന്‍ പൊരുള്‍ അറിഞ്ഞീടുമ്പോള്‍.......
മടിയില്‍ തുടങ്ങി വടിയില്‍ ഒടുങ്ങി 
കാലചക്രത്തിന്‍ ഇടയില്‍ കുടുങ്ങി ....
കുരുക്കഴിക്കാന്‍ വന്ന ആളിന്‍ കുരുക്കില്‍ 
പിടയും തലകള്‍ കഥ പറഞ്ഞീടുമ്പോള്‍....
തുലോം ബുദ്ധി തന്‍ തിരി തെളിച്ചീടുവാന്‍
ആരുണ്ട്‌ ...ആരുണ്ട് ...മുഴങ്ങുന്നു   ചോദ്യങ്ങള്‍ ...

നന്ദിനി    
          

Tuesday, December 4, 2012

ഓര്‍മ്മയില്‍ ഓളങ്ങള്‍

സ്പന്ദനം

 
മണലൂറ്റി കുഴികള്‍‍ നിറഞ്ഞൊരാ പുഴ ചൊല്ലി
കുണുങ്ങി ഒഴുകിയ ബാല്യസ്മരണകള്‍ ...
ചിറകു കുഴഞ്ഞൊരാ ദേശാടനപക്ഷി
തിരഞ്ഞതോ പണ്ടു ചേക്കേറിയ വന്മരം ...
നാട്ടുവര്‍ത്തമാനം നാമ്പിട്ട മരച്ചുവട്
സ്വീകരണ മുറിയില്‍ ഒരോര്‍മ്മയായ് തീരവേ ...
സംസ്കാര തുറവിയില്‍ വന്ദ്യവയോധിക
ഓര്‍ത്തതോ മാറു മറയ്ക്കാന്‍ കൊതിച്ച നാള്‍ ...
മറ കെട്ടി പേറെടുത്ത വയറ്റാട്ടി
ചൊല്ലി കലികാലം ..പ്രസവം ..ശിവ ശിവ ..
ഓര്‍മ്മകള്‍ ചുറ്റിലും ഓളങ്ങള്‍ തീര്‍ക്കവേ
   ഒളിച്ചിരിക്കാനായ് ഒന്നടയ്ക്കട്ടെ കണ്ണുകള്‍ ..
നന്ദിനി ‍

Wednesday, November 28, 2012

പ്രസവസംസ്കാരം


സ്പന്ദനം 




ഉദരത്തിലുരുവായ ആ  ചെറു സ്പന്ദനം 

ജനനിയ്ക്ക് സ്വന്തം , മാതൃത്വം സുന്ദരം ...

ഉദരം കൊതിയ്ക്കുന്ന അദ്ഭുത സ്പര്‍ശനം

നിവര്‍ത്തും കരങ്ങളില്‍ ഉയരുന്ന ലാളനം ....

കുഞ്ഞിന്‍ വികാരങ്ങള്‍ അറിയും ജനനിയും

കുഞ്ഞനക്കങ്ങളും കുഞ്ഞിന്‍ തിരിച്ചിലും...

ആ രഹസ്യങ്ങളോ ..സ്വകാര്യ സത്യങ്ങള്‍ 

അമ്മയും കുഞ്ഞും, ആ ഉദരബന്ധവും...



പിടഞ്ഞു പുളയുന്ന പിറവിക്കൊടുവിലായ്

പിഞ്ചു പൈതലിന്‍ ഗൃഹപ്രവേശത്തിനായ്..

കുത്തി വയ്ക്കല്ലേ ..പ്രസവ സംസ്കാരങ്ങള്‍ 

നുള്ളിക്കളയല്ലേ...ആ കുഞ്ഞു ജീവിതം ...



ചൊല്ലൂ ജനനി,  സമൂഹത്തിനേകുക..

നിന്നമ്മ പറയാത്ത ...സന്ദേശമേകുക..

മാതൃത്വമേ...പ്രിയ മാതൃഭാവങ്ങളെ ..

കണ്ണടയ്ക്കൂ ..വരിയ്ക്കൂ  ഇരുളിനെ.. 


    

നന്ദിനി 
        

Thursday, November 15, 2012

മൗനവീക്ഷണം

സ്പന്ദനം  




അപ്രിയ സത്യത്തില്‍ മൗനമോ ഭൂഷണം 
സത്യസംവാദത്തില്‍  മൗനമോ ദൂഷണം ..
മൗനം  ഭജിക്കുന്ന ഭിക്ഷു സമക്ഷത്തില്‍ 
ആത്മ സാക്ഷാത്കാര ഭഗവത് സാമീപ്യവും ..

          മൗനമാണിന്നു തന്‍ മൂടുപടമെന്ന്‍ 
          ഭീരു പറഞ്ഞു ഫലിപ്പിച്ച വാക്കുകള്‍ ...
          മൗനം ത്യജിക്കുന്ന വാഗ്മി ഭയക്കുന്നു 
          മൗനമനസ്സു തന്‍ ലക്ഷണ പിശകുകള്‍.....

മൗനമേ ..എന്തിനു മൗനിയാകുന്നു നീ ...
മൗനി  സമൂഹത്തില്‍ മാന്യനോ  ചൊല്ലു  നീ...
മൗനമേ ...നല്ലത് അപ്രിയ നേരത്ത് ...
മൗനീ ...മറക്കല്ലേ ...സത്യമാം  വാക്കുകള്‍ ...


നന്ദിനി      


Saturday, November 3, 2012

മറയുന്ന പൊരുള്‍

സ്പന്ദനം 


മുട്ടിയുരുമ്മിയിരിക്കും ഇണകളില്‍ 
സംസാരം അക്ഷിയില്‍ അന്തിയുറങ്ങുമ്പോള്‍ ..
സാത്വിക പാന്ഥര്‍ തിരയും വഴികളില്‍ 
സംസാരസാഗരം പെയ്തിറങ്ങീടുമ്പോള്...
സംസാരശുദ്ധിയില് രൂപം ഭവിക്കുന്ന
സംസ്കാരം സമൂഹത്തിനുണ്മ  നല്കീടുമ്പോള്...
പുറം മോടി കാട്ടി മിനുക്കി ഒരുക്കുന്ന 
സംസാരം സാമൂഹ്യസംസ്കാരമാകുമ്പോള്‍ ...
സംസ്കരിക്കപ്പെടും സത്യസന്ധതയിലായ് 
ഒറ്റപ്പെടുന്നതോ ....ശുദ്ധ മനസ്സാക്ഷി !

നന്ദിനി ‍ ‍

Saturday, June 2, 2012

രണ്ടല്ല ഒന്ന്..

സ്പന്ദനം 

ഒരു മറവിയില്‍ തുടങ്ങി 
ഒരു ഓര്‍മ്മയില്‍ കുടുങ്ങി ..
പ്രണയ തുലാസ്സില്‍ 
ഒരു താലി ഞെരുങ്ങി ..
പ്രളയാക്ഷരങ്ങളില്‍
ഒരു കയര്‍ കുരുങ്ങി ..
പ്രാണഭയത്തില്‍
ഒരു വയര്‍ പിണങ്ങി ..
നീതി പീ൦ത്തിന്‍ 
കരങ്ങളില്‍ തേങ്ങി ..
പാതയില്‍ രണ്ടായി 
യാത്ര തുടങ്ങി ...
പൈതലിന്‍ തേങ്ങലില്‍
പാത ചുരുങ്ങി ..
ചുരുങ്ങി ഒതുങ്ങി 
ഒന്നായി രണ്ടു പേര്‍ .

നന്ദിനി  


Monday, May 21, 2012

രക്തദാഹി

സ്പന്ദനം 

ഒരൊറ്റ മരത്തില്‍ ഒരു കൂട്ടം ഇലകളും
ഒരുകൂട്ടം ഇലകളില്‍ പലവിധ വര്‍ണ്ണവും
പച്ച ചെറുപ്പം പഴുത്ത വാര്‍ദ്ധക്യവും
തളിര്‍ക്കും കൊഴിയും ഹേമന്ത ശിശിരത്തില്..
 
     പിഞ്ചു തളിരിനെ നുള്ളിക്കളയുന്ന
     പാപ സാഹചര്യ പാത വിശാലവും
     പച്ചില ചവച്ചു തുപ്പുന്ന ജന്മങ്ങള്‍
     കൊട്ടിയടയ്ക്കുന്ന സദാചാരമൂല്യവും...
 
മൊട്ടു വിരിഞ്ഞു ചുവന്ന ഫലങ്ങളില്‍
വിളവ് തന്‍ അളവാം ഒരു നൂറു മേനിയും
പച്ചിലകള്‍ പിന്നില്‍ ഒളിക്കും ഫലങ്ങളെ
അടിച്ചു കൊഴിക്കുന്ന വിരുതര്‍ വാഴുന്നേരം ..
 
     കീറി മുറിഞ്ഞു തെറിക്കും ഇലകളില്‍ ‍
    ഫലങ്ങള്‍ ചിന്നിച്ചിതറി ചുവക്കുമ്പോള്‍
    ചുടുചോര വീണു മണ്ണ് നനയുമ്പോള്‍
    ചുരുട്ടിയ മുഷ്ടികള്‍ ആര്‍പ്പു വിളിക്കുമ്പോള്‍ ..
 
വിപ്ലവം കത്തിയില്‍ വീശി ഒടുങ്ങുമ്പോള്‍
ചിതറിയ പച്ചില ഉണങ്ങി പൊടിയുമ്പോള്‍
ഫലങ്ങള്‍ മരത്തിന്‍ ചുവട്ടില്‍ ചുവക്കുമ്പോള്‍
ചെഞ്ചോര പട്ടിന്‍  പുതപ്പ് വിരിക്കുമ്പോള്‍ ..
 
     വെള്ളം മറന്നു ചോര വലിക്കുന്ന
     മരത്തിന്‍ വേരുകള്‍ മറക്കുന്ന സത്യങ്ങള്‍
     വീശിയടിക്കുന്ന രോഷ കൊടുങ്കാറ്റില്‍
     കടപുഴകുന്നത് പ്രകൃതി നിയമവും ...
 
നന്ദിനി
 

Saturday, April 21, 2012

നൊമ്പരം

സ്പന്ദനം
 
 
 
ഉത്തരം മുട്ടുന്ന ചോദ്യശരങ്ങളില്
ഉത്തരം കാണുന്ന സാധുജന്മങ്ങളില്‍ ‍..
ആരെയോ തേടുന്ന രാഗഭാവങ്ങളില്‍
ഉന്മാദ നര്‍ത്തനം ഭാവി കുറിക്കുമ്പോള്‍ ..
രാഗം മുറിയുന്ന തംബുരു മീട്ടുമോ ...?
ഗദ്ഗദ രേണു തന്‍ ആത്മനൊമ്പരങ്ങള്...
 
 

നന്ദിനി

Friday, April 6, 2012

ശത്രുവും അസ്ത്രവും

സ്പന്ദനം
 
 
ശത്രുവില് മിത്രദര്ശനം
കാംക്ഷിക്കവേ ...
ബന്ധുവില്‍ ശത്രുദര്ശനം
വിശാല വീക്ഷണമാകവേ..
ബന്ധുദര്ശന സൗഭാഗ്യം
ദൃഷ്ടി ദൌര്‍ഭാഗ്യമാകവേ..
ബന്ധിത താത്പര്യം
ബന്ധങ്ങളില്‍ ബന്ധനമാകവേ..
ദയാഭരിതപ്രവര്‍ത്തനം
ഹൃദയ ദണ^ഡനമാകവേ ..
ബന്ധങ്ങള്‍ ബന്ധിതമാക്കുന്നു ..
" അഹം ബ്രഹ്മാസ്ത്രം ....!"
നന്ദിനി

Monday, April 2, 2012

നോട്ടത്തില്‍ ഒരു നേട്ടം

സ്പന്ദനം

ഒരു നോട്ടത്തില്‍ ഒരുമിക്കും
ഒരു നോട്ടത്തില്‍ നേട്ടമാകും
നോട്ടത്തില്‍ നേട്ടങ്ങള്‍ തേടുന്നോര്
നേടും നേട്ടങ്ങളില്‍ ...
നോട്ടം വയ്ക്കുന്നവര്‍ തന്‍ നോട്ടത്തെ
ഒരു നോട്ടത്തില്‍ അടക്കിയാല്‍ ...
നോട്ടത്തിന്‍ നേട്ടം
കടിഞ്ഞാണിന്‍  തുല്യം തീര്‍ച്ച ..!

നന്ദിനി 

Thursday, March 22, 2012

ഞാന്‍ ..ഒരു ചോദ്യം ?

സ്പന്ദനം

ഒരു മണല്‍ത്തരി ചോദിച്ചു
"ഞാനാര്  .."?
ഒരു കൊടുമുടി ചോദിച്ചു
"ഞാനാര്  .."?
അത് കേട്ടു മരങ്ങള്‍ പരസ്പരം ചോദിച്ചു
" ഞങ്ങളാര്..."?
ചോദ്യങ്ങള്‍ വാനോളം ഉയര്‍ന്നപ്പോള്‍ ..
സൂര്യചന്ദ്രനക്ഷത്ര സമൂഹം  ചോദിച്ചു
" ഞങ്ങളാര്   ..ഞങ്ങളാര്  .."?
താഴെ നിന്ന് തലയുയര്‍ത്തി
തന്നിഷ്ടക്കാരന്‍  പറഞ്ഞു ..
" ഞാന്...‍ ഞാന്‍ തന്നെ .."

നന്ദിനി

Sunday, March 18, 2012

ഒരു നീണ്ട നാവും ഉറുമിയും

സ്പന്ദനം


നന്മ ഓതാനൊരു നാവു മാത്രം
തിന്മ വിളമ്പാനും നാവു മാത്രം
നാവിന്‍ വിഷത്തില്‍ അപമാനവും
നാവിന്‍ കരുത്തില്‍ അഹങ്കാരവും
അന്ധത മന്ദത ബുദ്ധിവൈകല്യങ്ങള്
നാവിന്‍ വിഷത്തിന്റ്റെ ബാക്കിപത്രങ്ങളും
നാവു നന്നായാലോ നാട് നന്നായിടും
നാവു മുഷിഞ്ഞാലോ നാട് മുടിഞ്ഞിടും

പഴി കേട്ടു തഴമ്പിച്ച
നാവിനൊരു ചോദ്യം ...
" എന്തിനെന്നെ മുച്ചൂടു മുടിക്കുന്നു ..
ആളനക്കങ്ങള്‍ ശമിച്ച തലകളെ ..
ആദ്യം പഴിക്കൂ എന്നെ തഴഞ്ഞിടൂ .."

ഒരു നീണ്ട നാവിനു
ദഹിച്ചില്ല ആ ചോദ്യം ..
ഉറുമിയായ് മാറി ..
അരിഞ്ഞു ചോദ്യങ്ങളെ ...

നിണത്തിന്‍ കരുത്തില്‍
തുരുമ്പിന്‍ പ്രമാണിത്വം ...
ഉറുമി അറിഞ്ഞില്ല ..
മരിച്ച തന്‍ മൂര്‍ച്ചയെ  ..

നന്ദിനി ‍

Monday, March 12, 2012

കുഞ്ഞു കവിതകള്‍

  സ്പന്ദനം

സുരക്ഷിതത്വം തത്വമായി
രക്ഷക ദൌത്യം നിര്‍വഹിക്കുമ്പോള്‍ ..
നഷ്ടപ്പെടുന്നതോ ...സുരക്ഷിതത്വബോധം
സുനിശ്ചയം !
------------------------------------------------
നിശ്ചയ ദാര്‍ഡ്യം നല്ലത് ..
അടിസ്ഥാനം ..
നീതിപൂര്‍വ്വകമാം ദൃഡതയില്..
നിശ്ചിതമെങ്കില്‍ ...!
----------------------------------------------------
എന്തിനോ വേണ്ടി ഓടുന്നു
എന്തോ തേടി അലയുന്നു ..
ഓട്ടവും അലച്ചിലും തീരുമ്പോള്‍
സംതൃപ്തി തേടി വലയുന്നു ...
------------------------------------------------------
വ്യക്തികള്‍ സ്വയമേ
വിഗ്രഹമാകുമ്പോള്‍ ..
വ്യക്തിത്വ വികസനം
നാല് ചുവരുകളാല്
ബന്ധിതം !‍ ‍
---------------------------------------------------
നന്ദിനി

Wednesday, February 29, 2012

തകര്‍ന്ന ഹവ്വ

സ്പന്ദനം

അന്നൊരു നാള്‍ ഹവ്വ തളര്‍ന്നിരുന്നു ..
അതൊരു പഴിയായി ജന്മജന്മാന്തരം,
ഇന്നു തളരുന്ന ഹവ്വ പഴിക്കുന്നു ..
തളര്‍ച്ച തരുന്നൊരാ, പഴികള്‍ തകര്‍ക്കുന്ന
വളര്‍ന്നു വരുന്നൊരാ സംസ്കാരശൂന്യത.... 


നന്ദിനി   

Tuesday, February 28, 2012

ഇരിപ്പിടം: കുറേ പൂക്കളും ഏറെ മൊട്ടുകളും...ആശ നല്‍കുന്ന ആശയങ്ങ...

ഇരിപ്പിടം: കുറേ പൂക്കളും ഏറെ മൊട്ടുകളും...ആശ നല്‍കുന്ന ആശയങ്ങ...: ഇരിപ്പിടം കഥാ മത്സരം : റഷീദും നന്ദിനിയും വിജയികള്‍ ഇ രിപ്പിടം സംഘടിപ്പിച്ച ബ്ലോഗര്മാര്‍ക്കായുള്ള ചെറു കഥാ മത്സരത്തില്‍ ശ്രീ ...

Saturday, February 11, 2012

കുഴിച്ച കുഴികള്‍

സ്പന്ദനം
 
കുഴിച്ച കുഴിയില്‍ കുഴഞ്ഞു വീണതും
കുഴഞ്ഞ ചിന്തകള്‍ കുഴലായ് തീര്‍ന്നതും
കുഴലില്‍ അകപ്പെട്ടു ഞെങ്ങിയമര്‍ന്നതും
കുന്നോളം ചിന്തകള്‍ കുത്തി നോവിച്ചതും
പുറത്തു ചാടിയ ചിന്ത നിവര്ന്നതും
കുഴിയില്‍ അകപ്പെട്ട അപരനെ കണ്ടതും
അകന്നു മാറി അസഭ്യം പറഞ്ഞതും
അപരന്‍ രക്ഷപെട്ട് മറ്റൊരാള്‍ വീണതും
വീണത്‌ വിദ്യയായ്‌ വീണ്ടും തുടര്‍ന്നതും
കുഴിയെ പഴിച്ചതും വീണ്ടും കുഴിച്ചതും
ജീവിതയാത്രയില് തുടര്‍ന്ന് പോകുന്നതും
എന്തിനേറെ പറഞ്ഞു തളരുന്നു .....
കുഴികള്‍ അനവധി ...കുരുക്കോ ..നിരവധി ...
 
നന്ദിനി ‍

Sunday, February 5, 2012

ഒരു കാര്യവും ഒരു കാരണവും

സ്പന്ദനം

ഒരു കാര്യം

കാര്യസാധ്യത്തിനായ്
കാലുപിടിക്കും ..
കാര്യം സാധിച്ചാല്‍
കാലുവലിക്കും ...
കാലുപിടിച്ചതും
കാലുവലിച്ചതും
കണ്ടവരില്ല ..
കാര്യാവസാനം .....!



ഒരു കാരണം

കാര്യങ്ങളാം കാര്യകാരണങ്ങളില്‍
കരുതിക്കൂട്ടിയ കുരുതിക്കളങ്ങളില്
കരുനീക്കി കരുവാക്കപ്പെടുമ്പോള്‍ ....
കാര്യങ്ങള്‍ കാരണങ്ങളാക്കി
കലികാലത്തില്‍ കലിതുള്ളി
കുലം മുടിച്ച കൌമാരചാപല്യം
കുത്തിനോവിക്കുന്നതോ...
മാതൃഹൃദയമെന്നതൊരു
കാരണം ....‍  


നന്ദിനി


Friday, January 13, 2012

ചെറു ചിന്ത

സ്പന്ദനം   

ചുരുക്കത്തിലെഴുതിയാല്‍
ചേര്‍ച്ചയെന്നിരിക്കിലും..
ചുരുക്കി ചെറുതായാല്‍
കുരുക്കാണെന്നതും..
ചണനൂലില്‍ തുന്നുന്ന
ചാക്ക് പോല്‍ തോന്നുന്ന..
സങ്കല്‍പ്പലോകത്തിന്
സന്നി‍വേശങ്ങളില്..‍
സാങ്കല്പ്പികങ്ങളാം
കാല്പനികതകളില്‍ ...
കാലിടറുന്നൊരാ
ബുദ്ധിസാമര്‍ത്ഥ്യങ്ങള്..
കാലനാകുന്നതോ ....?
കഷ്ടനഷ്ടങ്ങളില്‍....

നന്ദിനി  ‍

Sunday, January 8, 2012

സത്യത്തിലെ സത്വം

സ്പന്ദനം


സത്യം സത്യമാകുന്നത്
അസത്യത്തിന്‍ അഭാവത്തിലെന്നതില്‍ ..
അസ്വാഭാവികത
അശേഷം ഇല്ലെന്നിരിക്കില്‍..
അസത്യത്തിന്‍ സത്യാവിഷ്കാരം
സത്യാന്വേഷികള്‍ക്കൊരു
സത്വമാകുമ്പോള്‍ ...
സത്യത്തിന്‍ പൊരുള്‍ നീതിന്യായങ്ങളില്‍
സംരക്ഷിതം ...!


നന്ദിനി
  

Wednesday, January 4, 2012

വളരുന്ന നാവുകള്‍

സ്പന്ദനം

വളരുന്ന നാവുകള്‍
വളര്‍ന്ന രോഷത്തില്‍,
വളരും ദോഷത്തെ ..
വളര്‍ത്തുദോഷമായ്‌
വിലയിടുമ്പോള്‍ ...
സ്വയമേവ അന്ധരാം
ദോഷൈകദൃക്കുകള്
സ്വഭവനത്തിന്‍
വളര്‍ത്തുദോഷങ്ങള്...
അറിയും അന്യര്‍ തന്‍
വളരുന്ന നാവിലെ
അപശ്രുതികളാം ..
വളര്‍ത്തുദോഷങ്ങളായ്..


നന്ദിനി