Monday, December 17, 2012

ആരുണ്ട് .....

സ്പന്ദനം 


മടിയില്‍ തുടങ്ങും  തലോടല്‍ വഴിമാറി
മടിയില്‍ ഒടുങ്ങി വലയും കുടുംബങ്ങള്‍ ...
അവകാശസീമ തന്‍ നിയമസംഹിത 
മടിയാതെ ഏകും സ്വത്തിന്‍ കരുത്തിലായ് ...
ഉത്തുംഗഭാവ പരകോടി പുല്‍കുന്ന 
മക്കള്‍ വസിക്കുമാ മാളികപ്പുരയിലായ്...
പൊടിയുന്ന കണ്ണീര്‍ തുടയ്ക്കാനറയ്ക്കുന്ന
നഗ്നസത്യത്തിന്‍ പൊരുള്‍ അറിഞ്ഞീടുമ്പോള്‍.......
മടിയില്‍ തുടങ്ങി വടിയില്‍ ഒടുങ്ങി 
കാലചക്രത്തിന്‍ ഇടയില്‍ കുടുങ്ങി ....
കുരുക്കഴിക്കാന്‍ വന്ന ആളിന്‍ കുരുക്കില്‍ 
പിടയും തലകള്‍ കഥ പറഞ്ഞീടുമ്പോള്‍....
തുലോം ബുദ്ധി തന്‍ തിരി തെളിച്ചീടുവാന്‍
ആരുണ്ട്‌ ...ആരുണ്ട് ...മുഴങ്ങുന്നു   ചോദ്യങ്ങള്‍ ...

നന്ദിനി    
          

Tuesday, December 4, 2012

ഓര്‍മ്മയില്‍ ഓളങ്ങള്‍

സ്പന്ദനം

 
മണലൂറ്റി കുഴികള്‍‍ നിറഞ്ഞൊരാ പുഴ ചൊല്ലി
കുണുങ്ങി ഒഴുകിയ ബാല്യസ്മരണകള്‍ ...
ചിറകു കുഴഞ്ഞൊരാ ദേശാടനപക്ഷി
തിരഞ്ഞതോ പണ്ടു ചേക്കേറിയ വന്മരം ...
നാട്ടുവര്‍ത്തമാനം നാമ്പിട്ട മരച്ചുവട്
സ്വീകരണ മുറിയില്‍ ഒരോര്‍മ്മയായ് തീരവേ ...
സംസ്കാര തുറവിയില്‍ വന്ദ്യവയോധിക
ഓര്‍ത്തതോ മാറു മറയ്ക്കാന്‍ കൊതിച്ച നാള്‍ ...
മറ കെട്ടി പേറെടുത്ത വയറ്റാട്ടി
ചൊല്ലി കലികാലം ..പ്രസവം ..ശിവ ശിവ ..
ഓര്‍മ്മകള്‍ ചുറ്റിലും ഓളങ്ങള്‍ തീര്‍ക്കവേ
   ഒളിച്ചിരിക്കാനായ് ഒന്നടയ്ക്കട്ടെ കണ്ണുകള്‍ ..
നന്ദിനി ‍