Wednesday, November 13, 2013

സമയജാലകങ്ങൾ

സ്പന്ദനം 

ഘടികാരധ്വനികൾ സമയാസമം ചൊന്ന
ഘനഗംഭീര സ്വന ശ്രവണ മാത്രയിൽ

കൃത്യതകൾ തീർത്ത പാഥേയ വീഥിയിൽ
കണ്‍കളിൽ കർത്തവ്യ ബോധസ്മരണിക ..

സമയബന്ധിത കർമ്മ പന്ഥാവിങ്കൽ
നിഷ്ഠകൾ ഉൾകണ്ണിൻ ജാലകം പഥിതരിൽ

നിദ്രാലസ്യ നിമിഷാർദ്ധ നഷ്ടങ്ങളിൽ
ശീഘ്രഗമന തടസ്സങ്ങൾ സംഭവ്യം ..

കർത്തവ്യഭാരം ഒതുക്കുവാൻ ഉതകുന്ന
കഷ്ടമനസ്സാകും കർമ്മ കാണ്oങ്ങളിൽ

ഗ്രഹനില നിലനില്പ്പിനാധാരമായ് ഓതി
നെരിപ്പോടിൻ തുല്യേ തുലനമായ് തീർന്നുവോ ...

മുമ്പേ ഗമിക്കും സമയത്തിനായ് വെമ്പി
പിമ്പേ വിളിപ്പാടകലെ പിടയുമ്പോൾ

ഒരുമാത്രയോതിയോ ഉള്ളിൻ  തുടുപ്പിലായ്
ഒന്നു നിന്നീടുക അവസരമേകുക ..

ശ്രവണാവഗണനേ ഉരുകി പ്പിടയവേ
വിലാപസ്വരങ്ങൾ വിതുമ്പിയകലവേ

സമയാഗമന പ്രത്യാഗമന ചിന്തകൾ
ദിവസമായ് വർഷമായ് ആശ്വസമാനമായ്‌ ..

കടമകർത്തവ്യ ലംഘനാന്ത്യങ്ങളിൽ
 സമയദോഷങ്ങൾ പഴികൾ ചുമക്കവേ

കൃത്യതയോതും മനസ്സിൻ നിശ്വാസത്തിൽ
സമയ യാഗാശ്വ  വഴികൾ സമാന്തരം ..


നന്ദിനി വർഗീസ്‌
Sunday, November 10, 2013

തപാന്ത്യവഴിത്താരകൾസ്പന്ദനം 

തപോവനപുണ്യ താണ്ഡവലയതാള -
തീർത്ഥതീരങ്ങളിൽ ജഗത്ഗുരു സംഗമം 
ജന്മാന്തരപാപമുക്ത വചസ്സുകൾ 
ആത്മഹർഷത്തിലെരിയും പദാർത്ഥങ്ങൾ  ..
സത്യധർമ്മാദികളുയർതതും മന്ത്രധ്വനി 
പശ്ചാത്താപത്തിൻ മനസ്താപക്കണികകൾ 
കാലാനുഗതേ  കാത്ത ക്രാന്തദർശനങ്ങൾ  
ഭഗവത്പാദാന്തികേ അർച്ചനാസൂക്തങ്ങൾ ..
യാതനാപർവ്വങ്ങൾ ജീവിതയാത്രയിൽ 
ശ്രേഷ്ഠവിചിന്തനം ജ്ഞാനാധിഷ്ഠിതം 
തപാന്ത്യവേളേ തെളിയും വഴിത്താര 
താപസമാർഗ്ഗേ ജ്വലിക്കും ജപമാല .. 
തീർത്ഥയാത്രകൾക്കായി  മലകൾ ചവിട്ടിയും 
കൂർത്തു മൂർത്തുള്ളൊരാ മുള്ളുകൾ താണ്ടിയും 
മുണ്ഡനകർമ്മാദി നേർച്ച നിറവേറ്റും 
പുണ്യചിന്താദിയാം ജന്മസാഫല്യങ്ങൾ.. 
യാത്രാനന്തരേ  സ്നാനഘട്ടങ്ങളിൽ 
അടിയും വിഴുപ്പിലും തെളിയും അഴുക്കിലും 
പാപ മുക്തി പരിഹാരാർത്ഥമനുഷ്ടാന -
തീർത്ഥജലസ്നാനം ആശിസ്സേകീടുമോ ..


തീരുമാനങ്ങളിൽ മാറ്റം ഭവിച്ചെന്ന 
തീർച്ചപ്പെടുത്തലാം ആത്മപ്രതിജ്ഞകൾ 
തീർത്ഥയാത്രകളിൽ സംഗമിച്ചീടുമ്പോൾ 
ഉരുവായിടും മോക്ഷം അർത്ഥവ്യാപ്തികളിൽ ..


നന്ദിനി വർഗീസ്‌  
   

Saturday, October 12, 2013

സമയോചിത സംയോജനങ്ങൾ 

സ്പന്ദനം 


കളിമണ്ണിൽ മെഴുകിയ  പ്രസവസംസ്കാരങ്ങൾ 
അഭ്രപാളികൾക്ക് വിസ്മയഭാവങ്ങൾ 
മാതൃത്വ മഹനീയ സാക്ഷാത്കാരനുഭവം 
ചിത്രീകരണാലംകൃത സാമർത്ഥ്യവൈഭവം ...
വിപണന തന്ത്രങ്ങൾ ആശയാവിഷ്കാര- 
സ്വാതന്ത്ര്യ കേളീതരംഗ കേന്ദ്രീകൃതം 
വില്പന സാധ്യത മാംസനിബദ്ധിത- 
സമൃദ്ധസംയോജന സാങ്കേതിക വൈശിഷ്ട്യം ...   
സമയോചിത വാണിജ്യ പുരസ്കാര ധ്വനികളി -
ന്നോതുവാൻ വെമ്പുന്ന  മാതൃത്വ ബിംബങ്ങൾ 
കലങ്ങിയൊഴുകി പതഞ്ഞങ്ങടിഞ്ഞുവോ  
വിവാദവാഗ്വാദ സർഗ്ഗാത്മക ശ്രേണിയിൽ ....
പേറ്റുനോവനുഭവം പെണ്ണിന്നുദരത്തി-
നുള്ളിൽ തുളുമ്പുന്ന മധുവിൻ ചഷകങ്ങൾ 
ഇന്നൊരുക്കീടുമീ സന്ദേശക്കാഴ്ചകൾ 
ദഹനീയമാകുമോ കാര്യകാരണങ്ങളാൽ ..
പ്രപഞ്ചോത്പത്തിയിൽ ഇന്നേവരേയ്ക്കുമീ 
പ്രസവഗോപ്യാവസ്ഥ കരണീയം 
ഇന്നതിൻ തുറവിയിൽ  സന്ദേശവാഹകർ 
മാതാമഹത്തരം ഉയർത്തുവതു സത്യം ...
പിടിതരാൻ ഉതകുന്ന വഴുക്കലിൽ ഉറയുന്ന 
പിടിവള്ളിയാകുമീ മാതാശിശുബന്ധം 
സന്ദേശസാഗര കാഴ്ച വിളമ്പുന്ന 
കൊട്ടകകൾ കൊയ്ത്തിലാർത്തു തിമിർക്കുമോ ...
സ്വശരീരത്തിലൂടൊഴുകും ചുടുചോരയിൽ 
സ്വാഭിമാനം ഉയർത്തിയ ചിന്തയിൽ 
കുനിച്ച മുഖമൊന്നു നിവർത്തി തുടച്ചൊരു 
പ്രസവിച്ച പെണ്‍തരി പുരികമുയർത്തിയോ ..
പണ്ടേയ്ക്കു മാത്രമല്ലിന്നും സമൂഹത്തിൽ 
വരമ്പിൽ വഴിവക്കിൽ വാഹനേ സംഭവ്യം 
പുരുഷരാം വഴിപോക്കരുൾപ്പെടും സാമൂഹ്യ-
സംസ്കാരം മറതീർക്കും പ്രസവനിറത്തിനായ്...
ഇന്നീ ഉരുത്തിരിയുന്ന ഘോഷങ്ങളിൽ 
പെരുമ്പറ കൊട്ടുന്ന കണ്‍കോണുകൾ ചൊന്ന 
സദാചാര കോലാഹലങ്ങൾ ജയവീഥിയിൽ 
വിപ്ലവമാക്കുമോ  പ്രസവസംസ്കാരങ്ങൾ ...?

നന്ദിനി വർഗീസ്‌                                
                        

Sunday, September 8, 2013

അവസ്ഥാന്തരങ്ങൾ


നിശ്ചിന്ത കേദാര വന്യകൂടാരങ്ങൾ 
നിശ്ചലം നില്ക്കുമീ അന്യതീരങ്ങളിൽ 
കൊഞ്ചലിൻ ഈണത്തിലൂയലാടുന്നിതാ 
കാഞ്ചന കൈരളീ ഭാവസങ്കല്പങ്ങൾ 

പ്രവചനാതീതമീ ഗാനതരംഗങ്ങൾ 
പ്രപഞ്ച മൂർദ്ധാവിൻ ലയസൗകുമാര്യങ്ങൾ 
സല്ലാപസംഗീതസാരാംശ സാഗരം
സ്നിഗദ്ധ സൗന്ദര്യ വർണ്ണം കിളിക്കൂട് ..

ആരുമോതിടാത്തൊരീ   വൈഭവം         
ആനന്ദദായക തുന്നലിൻ പാടവം 
അദ്ധ്വാനശീലാദി പാഠം പകരുന്ന 
ചിട്ടക്രമങ്ങളാം  ചട്ടമീ കൂടുകൾ ..

അച്ചടക്കത്തിൻ സ്മൃതിമണ്ഡപങ്ങളിൽ   
അളന്നു കരേറുമീ ഇണകളിൽ ചേക്കേറും 
ഭാവി സുരക്ഷിതമെന്ന കുറുകലിൽ
ആദ്യ കിളിക്കൊഞ്ചൽ കിളിക്കൂടിനുത്സവം ..

പൈതലിൻ പൈദാഹ ശമനം ഒരുക്കുന്ന 
കൊക്കിലിറുകുമാ പുഴുവിൻ  പിടച്ചിലും
സാക്ഷികൾ ചുള്ളികൾ എന്നൊരാ വാസ്തവ-
ക്കാഴ്ചകൾ അസ്ഥികൂടങ്ങൾ ഉലകത്തിൽ 

അറുത്തു നിലംപരിശായൊരു വന്മരം 
ദണ്ഡിച്ചു മെനയുന്ന സമ്പന്ന സൗധങ്ങൾ 
മാസ്മരിക സങ്കല്പ ബോണ്‍സായി സിദ്ധാന്ത-
ച്ചുവടിൽ അകത്തളം മോടികൂട്ടീടവേ ..
വൈരുദ്ധ്യ ചിത്രങ്ങൾ കാലക്കളിക്കോണിൽ 
വൈകൃതഭാവാദി ദംഷ്ട്ര തിരുകവേ ..
ദൃഷ്ടി സങ്കോചിത ചിന്തിതധാരയിൽ 
നഷ്ടപ്രപഞ്ചത്തിൻ കണക്കെടുപ്പനിവാര്യം..

വനഭംഗിയാം തല്പ ഭൂമീയുടയാട                     
വന്യമാം ചിന്താഗതികളിൽ ചീന്തിയ -
തോർത്തു വിതുമ്പും കവി കുറിച്ചീടുന്നു 
അമ്മക്കിളിക്കൂടിൻ അവസ്ഥാവിശേഷങ്ങൾ ....!
നന്ദിനി വർഗീസ്‌            

Wednesday, July 31, 2013

ഒരിറ്റു കണ്ണുനീർ

സ്പന്ദനം 
   
നീർചോല തന്നിലൊഴുകും കുളിർ  ജലം 
കൈകുമ്പിളിൽ കോരി മേപ്പോട്ടെറിഞ്ഞതും
തുള്ളിക്കൊരു കുടം ശിരസ്സാവഹിച്ചുകൊണ്ടു -
ന്മാദമുച്ചത്തിലാർപ്പു വിളിച്ചതും ..
കല്ലുകൾ പെറുക്കിയടുക്കി ചെറിയൊരു 
തടയണ കെട്ടി ഒഴുക്കു തടഞ്ഞതും ..
മുട്ടോളം വെള്ളത്തിലിരിപ്പുറപ്പിക്കവേ 
ചെറുമീനൊരെണ്ണം  നീന്തിയടുത്തതും ..
ചെകിളപ്പൂക്കൾ ഇളക്കി കുണുങ്ങവേ  
പദാന്തികങ്ങളിൽ ഇക്കിളി കൂട്ടവേ ..
കൈയ്യിൽ തടഞ്ഞൊരാ കോലങ്ങെടുത്തിട്ടു -
കല്ലിന്നടിയിലേയ്ക്കാഞ്ഞങ്ങു കുത്തവേ 
ഞെട്ടിപ്പിടഞ്ഞു പുറത്തേയ്ക്ക് ചാടിയ 
ഞണ്ട് കൈനീട്ടി ഇങ്ങുവാ കാട്ടവേ ...
ഓടാൻ ഭയം തടയുന്നൊരാ വേളയിൽ 
കാൽ തട്ടി തടയണ പൊട്ടിത്തകർന്നതും ..
ഒഴുകുന്ന വെള്ളത്തിൽ ബഹുദൂരം നീങ്ങവേ 
പാറമേൽ ആസന്നം തെല്ലുറപ്പിച്ചതും ..
പുളവൻ പുളഞ്ഞൊരു  തീർപ്പു കല്പ്പിച്ചതും 
പല്ലുകൾ ആഴത്തിൽ തെല്ലു പതിഞ്ഞതും ..
കാലുകൾ ശരവേഗ മാർഗ്ഗേ ഗമിച്ചു കൊണ്ട-
കലേയ്ക്ക് വേഗത്തിൽ പാഞ്ഞു പോയീടവേ ..
പടലിൻപടർപ്പിന്നിടയിൽ ഒളിച്ചൊരു 
കുഞ്ഞു മുയൽ ചാടി ഓടി അകന്നതും 
മണ്‍പാത താണ്ടിയും തിട്ടിൽ ചവിട്ടിയും 
കുത്തുകല്ലുകൾ കേറി വീട്ടിലേയ്ക്കോടവേ ..
നടയിൽ കാൽതെറ്റി തെന്നി വഴുതവേ 
ഉച്ചത്തിലമ്മെ  വിളിച്ചു കരഞ്ഞതും 
കുഞ്ഞേ ഉണരൂ എന്നോതുന്നൊരമ്മയെ 
കെട്ടിപ്പിടിച്ചു കൊണ്ടേങ്ങിക്കരഞ്ഞതും 
ഞണ്ടിൻ വരവും പുളവൻ കടിയും
കുഞ്ഞിൻ സ്വപ്നത്തിലാടിത്തിമിർക്കവേ ... അമ്മ തൻ മടിയിലായ് ശാന്തത തേടുന്ന 
പൈതലിൻ  പൂമുഖം, ലോകമോഹങ്ങളിൽ  
പിച്ചിയെറിയുവാൻ  വെമ്പുന്ന മാതൃത്വം 
ഉലകം നിറയ്ക്കവേ ..കലികാല ധ്വനികളിൽ     
ഒരമ്മ കരയുന്നു എന്തിനീ അമ്മമാർ ..
കുഞ്ഞിനെ വച്ചു വിലപറഞ്ഞീടുന്നു .....?നന്ദിനി വർഗീസ്‌   

                      
                 

           
       

Thursday, June 27, 2013

ആത്മമരുവിലൂടെ...

സ്പന്ദനം 

മരുവിൽ തരുക്കളാം തന്മയീഭാവങ്ങൾ 
മനസ്സിൽ വിഭ്രാന്തിയാം ഉന്മാദചിത്രങ്ങൾ 
മണലിൽ വെയിലിൽ തളർന്ന മനസ്സുകൾ 
മാന്ദ്യമീലോചന ദൃശ്യം   മറിമായം...

മണലാരണ്യമാം സാഗരസീമയിൽ 
മരുപ്പച്ച തേടിയലയും മനുജരിൽ.. 
മക്കൾ തൻ തർപ്പണദാഹം പിതൃക്കളിൽ 
ആത്മമരുവിലായ് തേങ്ങും ഹൃദയങ്ങൾ ..

ആത്മനൊമ്പരത്താൽ ഭുവനത്തിലലയവേ 
ആത്മശാന്തി  തേടി ദുഃഖത്തിലാഴവേ .
അന്ത്യവിധി കാതോർത്തിരിക്കുമാത്മാക്കളാ-  .
മക്കൾ തൻ പാദാന്തികങ്ങളിൽ കേഴവേ ..

മാറും ജനനിയിൽ മാതാപിതാസ്നേഹം 
മക്കൾ കുറിച്ച പരിസമാപ്തിക്കന്ത്യം..     
മരുഭൂമി തീർത്ത ജഗജീവിതത്തിലായ് 
മാനം മറക്കുന്ന വേദാന്തസിദ്ധാന്തം..

ദാഹജലത്തിനായ് നീട്ടും കരങ്ങളിൽ 
ദണ്ഡനമേല്പ്പിച്ച ചിന്താഗതികളിൽ 
ദുഃഖദുരിത സമ്മിശ്രിത ശ്രേണിയിൽ 
ദാക്ഷണ്യരഹിതമാം ഭൂതകാലങ്ങളും ..

ചൂഴ്ന്നു വലംവച്ച വക്രതാവിക്രിയം 
ചാട്ടവാറായി പതിക്കുന്ന കാലങ്ങൾ, 
ഇറ്റുസ്നേഹത്തിനായ് ആർദ്രമായലയുന്ന  
മരുവിൽ മരുപ്പച്ച സ്വപ്നാടനം മിച്ചം ....!നന്ദിനി വർഗീസ്‌          
     

Sunday, June 2, 2013

ധരിത്രീവിലാപം

സ്പന്ദനം 
 
മ്മയാം ദേവി തൻ നാട്യശാലച്ചുവരിൽ  
ആദിഅന്താദികൾ നിഴൽനൃത്തമാടവേ  ... 
 
കളകളമൊഴുകുന്നൊരരുവിയും, ഒരുമയിൽ 
കലപില പാടിയ കുരുവി സ്വരങ്ങളും .. 
ചൊല്ലീ പഴങ്കഥ ,മഴയും മഴക്കാറും 
കണ്ടു കരയുന്ന ,മണ്ഡൂക  സ്വപ്നങ്ങളും ..  
കുത്തിയൊലിച്ചു വരുന്ന മഴവെള്ളം 
വാരിപ്പുണർന്നുവോ, ഭൂമീജനനിയെ .... 
 
സർവ്വംസഹയാകും മാതാവിനുദരത്തിൽ 
സംഹാര താണ്ഡവമാടിയോ വൈകൃതം .... ?
 
തണ്ണീർത്തടങ്ങളിൽ നികത്തിയ മണ്ണിലായ് 
കണ്ണീർക്കണങ്ങളിൽ വിധിയെ തലോടവേ ... 
മലകളിൽ പൊടിയുന്ന ഉറവയിൽ പൊട്ടിച്ച 
പാറ തടഞ്ഞുവോ , പുഴ തൻ ഒഴുക്കിനെ ... 
മണിമാളികകൾക്കടിസ്ഥാനമായിട്ട് 
മണ്ണിൽ ഒളിച്ചുവോ , മാമലശ്രേണികൾ .. . 
കാറ്റിൽ ചിതറിയ  മഴമേഘക്കൂട്ടങ്ങൾ 
കാണാൻ കൊതിച്ചുവോ , തടയും മലകളെ ...    
             
സന്തുലിതാവസ്ഥ ചീന്തിയെറിയവേ ... 
സൂര്യകിരണങ്ങൾ ചുട്ടു പൊള്ളിക്കവേ ... 
 
മാറിൽ തറച്ചൊരാ ദണ്ഡായി മാറുന്ന 
ജീവജലമൂറ്റും കുഴൽ കിണർ വിപ്ലവം .. 
മുട്ടിനുമുട്ടിനു കെട്ടിടക്കാലുകൾ
ശരശയ്യ തീർക്കവേ ... ഭൂമി വിതുമ്പവേ ... 
ഏങ്ങലടിയിൽ കുലുങ്ങിയ ഗാത്രത്തിൽ 
ഭൂകമ്പ സാധ്യത മിന്നിമറയവേ ...
ചിറകിന്നടിയിൽ ചിതറാതൊതുക്കുന്ന 
ചിന്മയ സ്നേഹസാക്ഷാത്കാര ചിന്തയിൽ.. 
വിധിയെ പഴിക്കാതെ മക്കളെ കാക്കുന്ന 
അമ്മമനസ്സു തൻ തീരാത്ത നന്മയിൽ ....
 
ഭൂമീജനനിയിൽ താണ്ഡവം തുടരവേ ... 
അറിയുമോ മക്കൾ ആ തീരാത്ത നൊമ്പരം .... ?
 
 
 
നന്ദിനി  

Sunday, May 26, 2013

അളന്നകന്ന ഇഴനൂലുകൾ

സ്പന്ദനം 

കുറ്റമറ്റതാം ഉറ്റബന്ധങ്ങളിൽ 
കുത്സിത സ്നേഹ ബന്ധിത പ്രേരണ ..
ഊറ്റമുൾകൊണ്ട ചിരകാല സ്മരണയിൽ 
ഉറ്റവർ ഉടയവർ സർവ്വസമസ്യകൾ..

ഉറ്റവർ ചൊല്ലിപ്പഴകിയ പാഠങ്ങൾ 
ഉറ്റസ്നേഹത്തിൻ പരിലാളനങ്ങളായ് ..
ഏറ്റുവാങ്ങി   വളർന്ന തലമുറ 
ഉറ്റവരെ ഊറ്റും കലികാല കാഴ്ചകൾ ..

ഉടയവർ മാറിമറിഞ്ഞു വന്നീടവേ 
ഉറ്റവർ ദൂരെ മറഞ്ഞു നിന്നീടവേ  .. 
പോയ കാലങ്ങളാം പേറ്റുനോവുകൾ പോലും 
ആട്ടിയകറ്റി ഉടയവർ വാഴവേ ..

ഇറ്റുസ്നേഹത്തിനായ് കേഴും മനസ്സുകൾ 
ഇരകളായ് മാറി കുരുങ്ങവേ ചൂണ്ടയിൽ ..
പകുത്ത ഹൃദയത്തിൽ പിടഞ്ഞ ജന്മങ്ങളിൽ 
ഉറ്റവർ വീണ്‍വാക്കായ് അലിഞ്ഞു പോയീടവേ ..

എന്തിനോ വേണ്ടി തിരഞ്ഞ കണ്‍കോണുകൾ 
ആരെയോ തേടി അലഞ്ഞ കടമിഴി ..
ആർക്കോ വേണ്ടി നനഞ്ഞ കവിൾത്തടം 
ആരെന്നറിയില്ല ആർക്കെന്നറിയില്ല ..

ആരോ മെനഞ്ഞ തിരക്കഥ തന്നിലെ 
ആട്ടക്കാരുടെ ജീവിതക്കാഴ്ചകൾ ..
തന്നിലേയ്ക്കുൾക്കൊണ്ട   ഇന്നിൻ തലമുറ 
ആടിത്തിമിർത്തുവോ ആട്ടക്കലാശമായ്‌ ...

കലക്കവെള്ളത്തിൽ തെളിഞ്ഞ ചിത്രങ്ങളിൽ 
കഷ്ടനഷ്ടക്കണക്കേറി നിന്നീടുമ്പോൾ ..
ഉടയവർ ലാഭത്തിലൂന്നി അകലവേ 
ഉറ്റവർക്കായി തെളിയുമോ കൈത്തിരി ...?


നന്ദിനി  വർഗീസ്‌          

Saturday, May 4, 2013

കരിയുന്നുവോ സഹകരണം .. ?

സ്പന്ദനം


മന്ഥര പർവ്വത
നാഗേ വരിഞ്ഞിട്ട-
മരത്വം സിദ്ധിച്ച
ദേവഗണം ചൊന്ന
സഹകരണ സിദ്ധാന്ത
പൈതൃക സംസ്കാരം
അംഗീകരിക്കവേ-
നഷ്ട കുംഭത്തിലെ
അമൃതോ .. അസുരർക്ക്
മോഹിനി സാന്നിദ്ധ്യ-
പരിഹാസ പാനീയം
ഇതിഹാസ വൃത്താന്തം...സൗരയൂഥത്തിലും
അർക്ക പ്രഭാവത്തിൽ..
അച്ചടക്കത്തിലായ്
വലം വച്ചു നീങ്ങുന്ന ..
നവഗ്രഹങ്ങൾ ചൊന്ന
സഹകരണത്തിലും..
ഗുരുത്വാകർഷണ -
കടിഞ്ഞാണ്‍ കരുത്തിലും..ദൈവപ്രഭയിൽ
ഒരുമ നിറഞ്ഞതായ്..
മാനവൻ ആർജ്ജിച്ച
ശാസ്ത്രീയ സിദ്ധാന്തം ...    

സ്നേഹ ശ്രീകോവിലാം
കുടുംബ ബന്ധത്തിലായ്..
ഉണ്മ ഓതുന്നൊരാ
നന്മ നടുവിലായ്..
സഹകരണത്തിൻ
അടിത്തറ പാകിയും
സാമൂഹിക പരിജ്ഞാനമേകിയും..
പവിത്ര ബന്ധങ്ങൾ തൻ
പങ്കായമേന്തിയും..
വളർന്നു  സമൂഹങ്ങൾ
സഹകരണ വീഥിയിൽ ..


നിസ്സഹകരണത്തിൽ
പിളർന്ന സമൂഹത്തിൽ..
വളർത്തും വർഗ്ഗീയത
തളർന്ന ധാർമ്മികത..
രോഷക്കൊടുങ്കാറ്റിൽ
മാനഹാനികളിൽ..
പ്രസ്ഥാന പൈതൃക-
കുരുതിക്കളങ്ങളിൽ..
പ്രതിഫലം പറ്റിയും
അന്യനായ് മാറ്റിയും..

സഹകരണങ്ങൾ തൻ
ഭാവതലങ്ങളിൽ..
സഹജീവികളെ
കരിയ്ക്കാൻ ഒരുമ്പെടും
ആദർശസിദ്ധാന്ത -
വാഗ്വാദ ശ്രേണിയിൽ..
സഹകരണം വെറും
വെള്ളക്കടലാസ്സിൽ
കോർത്ത കരങ്ങളിൽ
മങ്ങി മറയുമോ ...?നന്ദിനി വർഗീസ്‌          

Sunday, March 24, 2013

മിഴി തുറന്ന സത്യം


സ്പന്ദനം 
 
രക്തം മരവിയ്ക്കും തുരുമ്പിച്ച ഓര്‍മ്മയില്‍ 
രക്തധമനികള്‍ വിങ്ങി വിതുമ്പവേ... 
 
പയോധരങ്ങള്‍ ചുരത്തിയ  പാല്‍ വീണ 
ചുണ്ടുകള്‍ മന്ത്രിച്ച അന്യമാം വാക്കുകള്‍ ..
 
പെരുവഴി തന്നിലെ കണ്ണുനീര്‍ത്തുള്ളിയില്‍
കാലം ഒളിപ്പിച്ച നീറുന്ന ഓര്‍മ്മയില്‍ ... 
 
രക്തബന്ധങ്ങളില്‍ ബന്ധനം ദര്‍ശിച്ചു 
വൃദ്ധസദനപ്പടികള്‍ ചവിട്ടവേ ..... 
 
പെണ്ണായി പിറന്നുവെന്നോതി നിരന്തരം 
പിഞ്ചോമനകളെ  പിച്ചിയെറിയവേ.. 
 
ഗര്‍ഭപാത്രത്തിന്‍ ചുവരില്‍ പിടിച്ചു 
വിതുമ്പി കരഞ്ഞുവോ കുഞ്ഞിളം മേനികള്‍... 
 
തേന്‍ വലിച്ചൂറ്റി  നുറുക്കിക്കളയുന്ന 
രക്തബന്ധങ്ങള്‍ വിലകള്‍ മറക്കവേ  ...
 
പാകി മുളപ്പിച്ച വിത്തിന്‍ ഫലത്തിനായ് 
കാമവെറി പൂണ്ട് കാലം കഴിയ്ക്കവേ... 
 
അയലത്തു വാഴുന്ന ശത്രുവാണുത്തമം
പറഞ്ഞു പഴകുന്നു അകലുന്ന ബന്ധങ്ങള്‍ ... 
 
 
നന്ദിനി    
 

Saturday, March 16, 2013

വിരഹാര്‍ദ്രമീ ആത്മനൊമ്പരം


സ്പന്ദനം 


സൃഷ്ടിയില്‍ ഉത്തമം  സൃഷ്ടപ്രപഞ്ചത്തില്‍ 
മര്‍ത്യനും മര്‍ത്യനില്‍ കുടികൊള്ളും ആത്മാവും .. 
സ്വര്‍ഗ്ഗവാസം വെടിയവേ ഭൂമിയില്‍ 
മര്‍ത്യദേഹേ  പ്രതിഷ്ഠിതം  നിശ്ചയം ... 

സത്യത്തിനുണ്മയാം ആത്മഹര്‍ഷങ്ങളില്‍ 
ഓംകാരനാദലയത്താല്‍  തരളിതം .. 
സ്വര്‍ഗ്ഗസൗഭാഗ്യമാം നഷ്ടസ്വപ്നങ്ങളില്‍
ആത്മാവ് കേഴുന്നു വിരഹം വിധി സമം .. 

ലോകമോ വിസ്മയം ,ഒതുങ്ങില്ല പാണിയില്‍ 
ലോകമോഹങ്ങളോ, അനന്തം അജ്ഞാതവും .. 
ചിതറിയോ ചിന്തയും ചിന്താസരണിയും 
അപരനില്‍ ശ ത്രുവേ ദര്‍ശിച്ച മാത്രയില്‍ ... 

ഓങ്ങും കഠാരയില്‍ രേണുവര്‍ണ്ണങ്ങളില്‍
തേങ്ങിത്തുടങ്ങിയോ  ആത്മാവിനുള്‍ത്തടം ... 
കുഞ്ഞിന്‍ കരച്ചിലില്‍ ഉടയും വളകളില്‍ 
വൈകൃതഭാവം പുനര്‍ജ്ജനിക്കുന്നുവോ... 

അടിഞ്ഞ ചെളിക്കുണ്ടില്‍ അടിയും വികാരത്തില്‍ 
ദേഹ ദേഹീ വാണ ചിന്താശകലത്തില്‍... ....
ഞെങ്ങി ഞെരുങ്ങിയോ  ആത്മനൊമ്പരങ്ങള്‍ 
ചോദിച്ചുവോ ചോദ്യം 'ഞാനും വരട്ടെയോ ..'

സൃഷ്ടാവിനാത്മാവ് മന്ത്രിച്ചുവോ കാതില്‍ 
'പാപപരിഹാരം, തിരുത്തുക ജീവിതം ..  '
കേണുവോ ആത്മാവ് 'മോക്ഷമേകൂ നാഥാ ..'
നൊമ്പരഛായയില്‍ അഗ്നിസമാനമായ്‌... 

വിരഹം വിതുമ്പുന്നു പരതുന്നു വാക്കുകള്‍ 
സാത്വികചിന്തയില്‍ ഓംകാര ധ്വനികളില്‍ ... 
മഴകാത്ത വേഴാമ്പലായ് മാറി വിരഹവും 
വിരഹം വിരിയിച്ച നൊമ്പരപ്പൂക്കളും.... 


നന്ദിനി    
      
  
    
  

Sunday, January 6, 2013

ആ അമ്മ ..

സ്പന്ദനം 
നീലാഞ്ജനമിഴി  ചന്ദ്രവര്‍ണ്ണങ്ങളില്‍
സ്വപ്‌നങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കവേ ...

നിറഞ്ഞൊഴുകിപ്പരക്കും അനീതിയില്‍ 
നിത്യത നിര്‍വ്യാജം ആര്‍ത്തു പടര്‍ന്നതും ..
നീര്‍മിഴിക്കോണിലെ നീല വെളിച്ചത്തില്‍ 
നിലവിളി ശോണിമ പുല്കി മറഞ്ഞതും ..
നിലാവഞ്ഞതും ആര്‍ക്കനുണര്‍ന്നതും 
ഉറഞ്ഞ കണ്ണീര്‍ അറിയാതിരുന്നതും ...
ഇടയ്ക്കുണര്‍ന്നെപ്പൊഴോ ഞെട്ടിവിയര്‍ക്കുമ്പോള്‍
ആരെയോ തേടി മിഴികള്‍ അലഞ്ഞതും ..
മൈലാഞ്ചി ചോപ്പിനായ് കൈകള്‍ കൊതിച്ചതും 
പ്രണയ പ്രപഞ്ചത്തില്‍ നെഞ്ചു തുടിച്ചതും ..
അടഞ്ഞ മിഴികളില്‍ ഉറഞ്ഞ വികാരത്തില്‍ 
ഹൃദയധമനികള്‍ പൊട്ടിപ്പിളര്‍ന്നതും ..
പിച്ചിയെറിഞ്ഞ മുഖങ്ങള്‍ക്കു നേരെയാ -
മൈലാഞ്ചി മോഹിച്ച കൈകള്‍ ഉയര്‍ന്നതും ..
സ്പന്ദനത്തേരിലെ രഥചക്രങ്ങളില്‍
ചക്രവാളങ്ങള്‍ മിഴികള്‍ തുറന്നതും ..
മേഘമാര്‍ഗ്ഗേ പറക്കവേ  നെഞ്ചകം 
ഒരിറ്റുശ്വാസപ്പിടച്ചില്‍ അറിഞ്ഞതും ...
കോടാനുകോടി ഞെരമ്പുകളൊരുമയില്‍
ഇല്ല ..മുന്നോട്ടില്ല എന്നു പറഞ്ഞതും ...
തുടിച്ച ഹൃദയത്തിനുലച്ചിലുയര്‍ന്നപ്പോള്‍ 
വികാരവിജ്രുംഭിത സ്വപ്നമണഞ്ഞതും... 
സര്‍വ്വശുദ്ധീകരാഗ്നിയില്‍   വെന്തതും 
ഒരു പിടി ചാരമായ് ഭൂവില്‍ പതിച്ചതും ...
ദൂരെ കരയുന്ന കാകസ്വരങ്ങളില്‍ 
ഗംഗാജലത്തില്‍ അലിഞ്ഞു ചേരുന്നതും ...

ഒക്കെയും ഓര്‍മ്മയായ് കാലക്കെടുതിയില്‍ 
കല്‍പ്പടവുകളില്‍ കാല്‍ തെറ്റി വീഴവേ ..
തോര്‍ന്ന മിഴികളില്‍ അസ്ഥിരചിന്തകള്‍
നിഴലിച്ചു ചിന്താസരണിയെ പുല്കുമോ ...?
സ്വച്ഛന്ദമൃത്യുവിന്‍ ആലിംഗനത്തിനായ്
വറ്റിയ ഓര്‍മ്മ പുനര്‍ജ്ജനിച്ചീടുമോ ....?


നന്ദിനി