Sunday, May 26, 2013

അളന്നകന്ന ഇഴനൂലുകൾ

സ്പന്ദനം 

















കുറ്റമറ്റതാം ഉറ്റബന്ധങ്ങളിൽ 
കുത്സിത സ്നേഹ ബന്ധിത പ്രേരണ ..
ഊറ്റമുൾകൊണ്ട ചിരകാല സ്മരണയിൽ 
ഉറ്റവർ ഉടയവർ സർവ്വസമസ്യകൾ..

ഉറ്റവർ ചൊല്ലിപ്പഴകിയ പാഠങ്ങൾ 
ഉറ്റസ്നേഹത്തിൻ പരിലാളനങ്ങളായ് ..
ഏറ്റുവാങ്ങി   വളർന്ന തലമുറ 
ഉറ്റവരെ ഊറ്റും കലികാല കാഴ്ചകൾ ..

ഉടയവർ മാറിമറിഞ്ഞു വന്നീടവേ 
ഉറ്റവർ ദൂരെ മറഞ്ഞു നിന്നീടവേ  .. 
പോയ കാലങ്ങളാം പേറ്റുനോവുകൾ പോലും 
ആട്ടിയകറ്റി ഉടയവർ വാഴവേ ..

ഇറ്റുസ്നേഹത്തിനായ് കേഴും മനസ്സുകൾ 
ഇരകളായ് മാറി കുരുങ്ങവേ ചൂണ്ടയിൽ ..
പകുത്ത ഹൃദയത്തിൽ പിടഞ്ഞ ജന്മങ്ങളിൽ 
ഉറ്റവർ വീണ്‍വാക്കായ് അലിഞ്ഞു പോയീടവേ ..

എന്തിനോ വേണ്ടി തിരഞ്ഞ കണ്‍കോണുകൾ 
ആരെയോ തേടി അലഞ്ഞ കടമിഴി ..
ആർക്കോ വേണ്ടി നനഞ്ഞ കവിൾത്തടം 
ആരെന്നറിയില്ല ആർക്കെന്നറിയില്ല ..

ആരോ മെനഞ്ഞ തിരക്കഥ തന്നിലെ 
ആട്ടക്കാരുടെ ജീവിതക്കാഴ്ചകൾ ..
തന്നിലേയ്ക്കുൾക്കൊണ്ട   ഇന്നിൻ തലമുറ 
ആടിത്തിമിർത്തുവോ ആട്ടക്കലാശമായ്‌ ...

കലക്കവെള്ളത്തിൽ തെളിഞ്ഞ ചിത്രങ്ങളിൽ 
കഷ്ടനഷ്ടക്കണക്കേറി നിന്നീടുമ്പോൾ ..
ഉടയവർ ലാഭത്തിലൂന്നി അകലവേ 
ഉറ്റവർക്കായി തെളിയുമോ കൈത്തിരി ...?


നന്ദിനി  വർഗീസ്‌          

Saturday, May 4, 2013

കരിയുന്നുവോ സഹകരണം .. ?

സ്പന്ദനം


മന്ഥര പർവ്വത
നാഗേ വരിഞ്ഞിട്ട-
മരത്വം സിദ്ധിച്ച
ദേവഗണം ചൊന്ന
സഹകരണ സിദ്ധാന്ത
പൈതൃക സംസ്കാരം
അംഗീകരിക്കവേ-
നഷ്ട കുംഭത്തിലെ
അമൃതോ .. അസുരർക്ക്
മോഹിനി സാന്നിദ്ധ്യ-
പരിഹാസ പാനീയം
ഇതിഹാസ വൃത്താന്തം...



സൗരയൂഥത്തിലും
അർക്ക പ്രഭാവത്തിൽ..
അച്ചടക്കത്തിലായ്
വലം വച്ചു നീങ്ങുന്ന ..
നവഗ്രഹങ്ങൾ ചൊന്ന
സഹകരണത്തിലും..
ഗുരുത്വാകർഷണ -
കടിഞ്ഞാണ്‍ കരുത്തിലും..ദൈവപ്രഭയിൽ
ഒരുമ നിറഞ്ഞതായ്..
മാനവൻ ആർജ്ജിച്ച
ശാസ്ത്രീയ സിദ്ധാന്തം ...    

സ്നേഹ ശ്രീകോവിലാം
കുടുംബ ബന്ധത്തിലായ്..
ഉണ്മ ഓതുന്നൊരാ
നന്മ നടുവിലായ്..
സഹകരണത്തിൻ
അടിത്തറ പാകിയും
സാമൂഹിക പരിജ്ഞാനമേകിയും..
പവിത്ര ബന്ധങ്ങൾ തൻ
പങ്കായമേന്തിയും..
വളർന്നു  സമൂഹങ്ങൾ
സഹകരണ വീഥിയിൽ ..


നിസ്സഹകരണത്തിൽ
പിളർന്ന സമൂഹത്തിൽ..
വളർത്തും വർഗ്ഗീയത
തളർന്ന ധാർമ്മികത..
രോഷക്കൊടുങ്കാറ്റിൽ
മാനഹാനികളിൽ..
പ്രസ്ഥാന പൈതൃക-
കുരുതിക്കളങ്ങളിൽ..
പ്രതിഫലം പറ്റിയും
അന്യനായ് മാറ്റിയും..

സഹകരണങ്ങൾ തൻ
ഭാവതലങ്ങളിൽ..
സഹജീവികളെ
കരിയ്ക്കാൻ ഒരുമ്പെടും
ആദർശസിദ്ധാന്ത -
വാഗ്വാദ ശ്രേണിയിൽ..
സഹകരണം വെറും
വെള്ളക്കടലാസ്സിൽ
കോർത്ത കരങ്ങളിൽ
മങ്ങി മറയുമോ ...?



നന്ദിനി വർഗീസ്‌