Thursday, June 27, 2013

ആത്മമരുവിലൂടെ...

സ്പന്ദനം 

മരുവിൽ തരുക്കളാം തന്മയീഭാവങ്ങൾ 
മനസ്സിൽ വിഭ്രാന്തിയാം ഉന്മാദചിത്രങ്ങൾ 
മണലിൽ വെയിലിൽ തളർന്ന മനസ്സുകൾ 
മാന്ദ്യമീലോചന ദൃശ്യം   മറിമായം...

മണലാരണ്യമാം സാഗരസീമയിൽ 
മരുപ്പച്ച തേടിയലയും മനുജരിൽ.. 
മക്കൾ തൻ തർപ്പണദാഹം പിതൃക്കളിൽ 
ആത്മമരുവിലായ് തേങ്ങും ഹൃദയങ്ങൾ ..

ആത്മനൊമ്പരത്താൽ ഭുവനത്തിലലയവേ 
ആത്മശാന്തി  തേടി ദുഃഖത്തിലാഴവേ .
അന്ത്യവിധി കാതോർത്തിരിക്കുമാത്മാക്കളാ-  .
മക്കൾ തൻ പാദാന്തികങ്ങളിൽ കേഴവേ ..

മാറും ജനനിയിൽ മാതാപിതാസ്നേഹം 
മക്കൾ കുറിച്ച പരിസമാപ്തിക്കന്ത്യം..     
മരുഭൂമി തീർത്ത ജഗജീവിതത്തിലായ് 
മാനം മറക്കുന്ന വേദാന്തസിദ്ധാന്തം..

ദാഹജലത്തിനായ് നീട്ടും കരങ്ങളിൽ 
ദണ്ഡനമേല്പ്പിച്ച ചിന്താഗതികളിൽ 
ദുഃഖദുരിത സമ്മിശ്രിത ശ്രേണിയിൽ 
ദാക്ഷണ്യരഹിതമാം ഭൂതകാലങ്ങളും ..

ചൂഴ്ന്നു വലംവച്ച വക്രതാവിക്രിയം 
ചാട്ടവാറായി പതിക്കുന്ന കാലങ്ങൾ, 
ഇറ്റുസ്നേഹത്തിനായ് ആർദ്രമായലയുന്ന  
മരുവിൽ മരുപ്പച്ച സ്വപ്നാടനം മിച്ചം ....!നന്ദിനി വർഗീസ്‌          
     

Sunday, June 2, 2013

ധരിത്രീവിലാപം

സ്പന്ദനം 
 
മ്മയാം ദേവി തൻ നാട്യശാലച്ചുവരിൽ  
ആദിഅന്താദികൾ നിഴൽനൃത്തമാടവേ  ... 
 
കളകളമൊഴുകുന്നൊരരുവിയും, ഒരുമയിൽ 
കലപില പാടിയ കുരുവി സ്വരങ്ങളും .. 
ചൊല്ലീ പഴങ്കഥ ,മഴയും മഴക്കാറും 
കണ്ടു കരയുന്ന ,മണ്ഡൂക  സ്വപ്നങ്ങളും ..  
കുത്തിയൊലിച്ചു വരുന്ന മഴവെള്ളം 
വാരിപ്പുണർന്നുവോ, ഭൂമീജനനിയെ .... 
 
സർവ്വംസഹയാകും മാതാവിനുദരത്തിൽ 
സംഹാര താണ്ഡവമാടിയോ വൈകൃതം .... ?
 
തണ്ണീർത്തടങ്ങളിൽ നികത്തിയ മണ്ണിലായ് 
കണ്ണീർക്കണങ്ങളിൽ വിധിയെ തലോടവേ ... 
മലകളിൽ പൊടിയുന്ന ഉറവയിൽ പൊട്ടിച്ച 
പാറ തടഞ്ഞുവോ , പുഴ തൻ ഒഴുക്കിനെ ... 
മണിമാളികകൾക്കടിസ്ഥാനമായിട്ട് 
മണ്ണിൽ ഒളിച്ചുവോ , മാമലശ്രേണികൾ .. . 
കാറ്റിൽ ചിതറിയ  മഴമേഘക്കൂട്ടങ്ങൾ 
കാണാൻ കൊതിച്ചുവോ , തടയും മലകളെ ...    
             
സന്തുലിതാവസ്ഥ ചീന്തിയെറിയവേ ... 
സൂര്യകിരണങ്ങൾ ചുട്ടു പൊള്ളിക്കവേ ... 
 
മാറിൽ തറച്ചൊരാ ദണ്ഡായി മാറുന്ന 
ജീവജലമൂറ്റും കുഴൽ കിണർ വിപ്ലവം .. 
മുട്ടിനുമുട്ടിനു കെട്ടിടക്കാലുകൾ
ശരശയ്യ തീർക്കവേ ... ഭൂമി വിതുമ്പവേ ... 
ഏങ്ങലടിയിൽ കുലുങ്ങിയ ഗാത്രത്തിൽ 
ഭൂകമ്പ സാധ്യത മിന്നിമറയവേ ...
ചിറകിന്നടിയിൽ ചിതറാതൊതുക്കുന്ന 
ചിന്മയ സ്നേഹസാക്ഷാത്കാര ചിന്തയിൽ.. 
വിധിയെ പഴിക്കാതെ മക്കളെ കാക്കുന്ന 
അമ്മമനസ്സു തൻ തീരാത്ത നന്മയിൽ ....
 
ഭൂമീജനനിയിൽ താണ്ഡവം തുടരവേ ... 
അറിയുമോ മക്കൾ ആ തീരാത്ത നൊമ്പരം .... ?
 
 
 
നന്ദിനി