Sunday, March 24, 2013

മിഴി തുറന്ന സത്യം


സ്പന്ദനം 
 
രക്തം മരവിയ്ക്കും തുരുമ്പിച്ച ഓര്‍മ്മയില്‍ 
രക്തധമനികള്‍ വിങ്ങി വിതുമ്പവേ... 
 
പയോധരങ്ങള്‍ ചുരത്തിയ  പാല്‍ വീണ 
ചുണ്ടുകള്‍ മന്ത്രിച്ച അന്യമാം വാക്കുകള്‍ ..
 
പെരുവഴി തന്നിലെ കണ്ണുനീര്‍ത്തുള്ളിയില്‍
കാലം ഒളിപ്പിച്ച നീറുന്ന ഓര്‍മ്മയില്‍ ... 
 
രക്തബന്ധങ്ങളില്‍ ബന്ധനം ദര്‍ശിച്ചു 
വൃദ്ധസദനപ്പടികള്‍ ചവിട്ടവേ ..... 
 
പെണ്ണായി പിറന്നുവെന്നോതി നിരന്തരം 
പിഞ്ചോമനകളെ  പിച്ചിയെറിയവേ.. 
 
ഗര്‍ഭപാത്രത്തിന്‍ ചുവരില്‍ പിടിച്ചു 
വിതുമ്പി കരഞ്ഞുവോ കുഞ്ഞിളം മേനികള്‍... 
 
തേന്‍ വലിച്ചൂറ്റി  നുറുക്കിക്കളയുന്ന 
രക്തബന്ധങ്ങള്‍ വിലകള്‍ മറക്കവേ  ...
 
പാകി മുളപ്പിച്ച വിത്തിന്‍ ഫലത്തിനായ് 
കാമവെറി പൂണ്ട് കാലം കഴിയ്ക്കവേ... 
 
അയലത്തു വാഴുന്ന ശത്രുവാണുത്തമം
പറഞ്ഞു പഴകുന്നു അകലുന്ന ബന്ധങ്ങള്‍ ... 
 
 
നന്ദിനി    
 

Saturday, March 16, 2013

വിരഹാര്‍ദ്രമീ ആത്മനൊമ്പരം


സ്പന്ദനം 


സൃഷ്ടിയില്‍ ഉത്തമം  സൃഷ്ടപ്രപഞ്ചത്തില്‍ 
മര്‍ത്യനും മര്‍ത്യനില്‍ കുടികൊള്ളും ആത്മാവും .. 
സ്വര്‍ഗ്ഗവാസം വെടിയവേ ഭൂമിയില്‍ 
മര്‍ത്യദേഹേ  പ്രതിഷ്ഠിതം  നിശ്ചയം ... 

സത്യത്തിനുണ്മയാം ആത്മഹര്‍ഷങ്ങളില്‍ 
ഓംകാരനാദലയത്താല്‍  തരളിതം .. 
സ്വര്‍ഗ്ഗസൗഭാഗ്യമാം നഷ്ടസ്വപ്നങ്ങളില്‍
ആത്മാവ് കേഴുന്നു വിരഹം വിധി സമം .. 

ലോകമോ വിസ്മയം ,ഒതുങ്ങില്ല പാണിയില്‍ 
ലോകമോഹങ്ങളോ, അനന്തം അജ്ഞാതവും .. 
ചിതറിയോ ചിന്തയും ചിന്താസരണിയും 
അപരനില്‍ ശ ത്രുവേ ദര്‍ശിച്ച മാത്രയില്‍ ... 

ഓങ്ങും കഠാരയില്‍ രേണുവര്‍ണ്ണങ്ങളില്‍
തേങ്ങിത്തുടങ്ങിയോ  ആത്മാവിനുള്‍ത്തടം ... 
കുഞ്ഞിന്‍ കരച്ചിലില്‍ ഉടയും വളകളില്‍ 
വൈകൃതഭാവം പുനര്‍ജ്ജനിക്കുന്നുവോ... 

അടിഞ്ഞ ചെളിക്കുണ്ടില്‍ അടിയും വികാരത്തില്‍ 
ദേഹ ദേഹീ വാണ ചിന്താശകലത്തില്‍... ....
ഞെങ്ങി ഞെരുങ്ങിയോ  ആത്മനൊമ്പരങ്ങള്‍ 
ചോദിച്ചുവോ ചോദ്യം 'ഞാനും വരട്ടെയോ ..'

സൃഷ്ടാവിനാത്മാവ് മന്ത്രിച്ചുവോ കാതില്‍ 
'പാപപരിഹാരം, തിരുത്തുക ജീവിതം ..  '
കേണുവോ ആത്മാവ് 'മോക്ഷമേകൂ നാഥാ ..'
നൊമ്പരഛായയില്‍ അഗ്നിസമാനമായ്‌... 

വിരഹം വിതുമ്പുന്നു പരതുന്നു വാക്കുകള്‍ 
സാത്വികചിന്തയില്‍ ഓംകാര ധ്വനികളില്‍ ... 
മഴകാത്ത വേഴാമ്പലായ് മാറി വിരഹവും 
വിരഹം വിരിയിച്ച നൊമ്പരപ്പൂക്കളും.... 


നന്ദിനി