Monday, June 2, 2014

പരിണയ പ്രതീക്ഷകൾ
അനുഭൂതികൾ കോർത്ത 
സപ്ത വർണ്ണങ്ങളിൽ,
ഹാരാർപ്പണത്തിൻ 
ലയന തീരങ്ങളിൽ,
പ്രപഞ്ച തല്പ്പത്തിൻ 
പ്രണയഭാവങ്ങളിൽ,
പ്രതീക്ഷാ നിർഭരം 
പ്രകൃതീപരിണയം ..

വസന്തം നിറച്ചാർത്തൊ-
രുക്കുന്ന മഞ്ചലിൽ,   
പൊൻവെയിൽ ചാലിച്ച 
ലാസ്യലാവണ്യത്തി -
ലൊരുങ്ങും പ്രകൃതിയിൽ, 
തിളങ്ങും അരുവിയിൽ, 
ഓളതാളങ്ങളിൽ
ചെറുമിന്നലാട്ടങ്ങൾ ...

വീശും പവനനിൽ 
പരാഗണം കാംക്ഷിച്ച.. 
നാണം കുണുങ്ങുന്ന 
പൂക്കൾക്കിടയിലായ്.. 
മണ്‍ഗന്ധമുൾക്കൊള്ളും  
ആദ്ര ഭാവങ്ങളിൽ,
വിണ്‍മാറൊരുക്കുന്ന
പ്രണയ പ്രതീക്ഷകൾ ..

മാറുന്ന മാരിയിൽ 
തുള്ളികൾ പെയ്യുന്ന, 
വൃക്ഷത്തലപ്പിൻ 
സുഖശീതളിമയിൽ.. 
പക്ഷിജാലങ്ങളുയർത്തും 
നാദസ്വരം,
ആദ്യ പ്രണയത്തിൻ 
നവ്യ സ്ഫുലിംഗങ്ങൾ..

ശിശിരം വിതറുന്ന 
ശോഭയ്ക്കു ശുഭ്രത -
യേകുന്ന മഞ്ഞിൻ 
പുതപ്പിന്നടിയിലായ്.. 
പുണരുന്ന ചില്ലകൾ 
മുഗ്ദ്ധ രാഗങ്ങളിൽ, 
തളിർക്കും പ്രതീക്ഷ തൻ 
പ്രണയ നിർവ്വേദങ്ങൾ ..

    
ആലിംഗനാമൃതമാണീ 
ഋതുശോഭ ..
മോഹസമ്മോഹനമാണീ 
പരിണയം ..
പുഷ്പഗന്ധോന്മാദ രാഗ -
നികുഞ്ജങ്ങളൊരുക്കും 
പ്രതീക്ഷയിൽ,
പ്രകൃതി മനോഹരം .


നന്ദിനി വർഗീസ്‌    

     

Saturday, April 19, 2014

നിഴലും ഒരു സമസ്യ  


അർക്ക സാന്നിദ്ധ്യത്തിൽ ചാഞ്ഞും ചരിഞ്ഞുമായ്
പാദാന്തികത്തിലായ്  മുത്തമേകീടുവാൻ
വെമ്പിയണയുന്ന  സഹാചാരിയാം നിഴൽ
ജീവിത വീഥിയിൽ  മൂകമാമൊരു സാക്ഷി ...


ചന്ദ്രപ്രഭ വീശി  മങ്ങി മറഞ്ഞൊരാ
രൂപാന്തരീകരണത്തിൽ  മയങ്ങുന്ന ...
അരമുറുക്കീടുന്ന  അടക്കം പറച്ചി ലിൻ
പിന്നാമ്പുറങ്ങളിൽ ചലിക്കും നിഴലുകൾ ...


കൊടി മറയാക്കിടും ശക്തിപ്രകടനം
വെല്ലുവിളികളിൽ  മുങ്ങിയമരവേ ..
നാവിൻ കരുത്തുകൾ  തോൽവി നുണയുമ്പോൾ
നരനായാട്ടൊരു  ശീലം ഉലകത്തിൽ ....


ചെയ്തിയാം കരി നിഴൽ  പിന്നിലുയരവേ
പരാജയ ഭീതിയോ  മുന്നിലായ് ആടവേ ..
സർവ്വത്തിനുമന്ത്യം ചുടുചോരയെന്നൊരു
രീതി അലംഘിതം ,അധ:പതനമതു സ്പഷ്ടം ...


നിഴലുകൾ വാഴുന്ന  സാമ്രാജ്യമീ  ലോകം
സാമൂഹ്യ സംസ്കാരം  ഭിന്നതയ്ക്കിരുപുറം..
ഉൾകിടിലങ്ങൾ നിറയും വഴികളിൽ
ആദിമദ്ധ്യാന്തമാം വിധി വൈപരീത്യങ്ങൾ ...


നീതി മരവിച്ച  കൂട്ടുകെട്ടലുകളിൽ
മുഴച്ചു നിന്നീടുന്ന  ചിന്താഗതികളിൽ ...
സ്ഥാനമാനങ്ങൾക്കുമപ്പുറമൊന്നില്ലയെന്ന
തത്വങ്ങൾക്ക് പൊതുജനം  സാക്ഷികൾ ..


തെരുവിലിറങ്ങുന്ന കോമരങ്ങൾ ചൊന്ന
വാഗ്ദാന മഴയിൽ കുതിർന്നുണങ്ങുന്നൊരാ..
രാഷ്ട്ര പുരോഗതി വച്ചു നീട്ടീടുന്ന
കൈകളോ ബന്ധിതം ,പ്രത്യയ ശാസ്ത്രത്തിൽ ..


പ്രഖ്യാപന തന്ത്രത്തിലൂന്നും വികസനം
പ്രതിഫലിച്ചീടുന്ന രാഷ്ട്ര തന്ത്രജ്ഞരിൽ
കോടികൾ നീട്ടിടും നിഴലിൻ മറവിലായ്
പ്രഹേളിക തീർക്കും പ്രഹസന വീഥിയിൽ ....


രാഷ്ട്രഖജനാവ് കീശയിലാക്കുന്ന
ലേലമുറപ്പിച്ച് പകിട നിരത്തവേ..
കരുക്കളിറക്കി കളിക്കും കളങ്ങളിൽ
ധനാധിപത്യമാണെന്നും അധിപതി ...നന്ദിനി വർഗീസ്‌

Tuesday, March 25, 2014

സത്യസംഗമങ്ങൾഅക്ഷര സാനുക്കളൊത്തങ്ങൊരുമിച്ച്
അക്ഷീണയത്നത്തിനന്ത്യത്തിലുരുവാകും
വാർത്തകൾ വിരൽ ചൂണ്ടും മാധ്യമ വീഥിയിൽ
സത്യ സംസ്താപന സംഗമം ദുർബലം...

പുകയുന്ന കൊള്ളിയ്ക്കുറവിടം ചികയുന്ന
അന്വേഷണാത്മക പ്രവർത്തന രീതിയിൽ
സത്യസന്ധതയ്ക്കൊരു കത്രിക പൂട്ടിട്ട
സിരാകേന്ദ്രങ്ങളാണിന്നു തൻ കൗതുകം..

ഒരു മാത്രയൊന്നോതി  വളച്ചൊടിപ്പിക്കുന്ന
ചോദ്യശരങ്ങളിൽ പതറും മുഖങ്ങളിൽ
തിരയുന്ന വസ്തുതാ സ്വാർത്ഥ താത്പര്യങ്ങൾ
യാഥാർത്ഥ്യ ബോധം വിലയ്ക്കെടുക്കുന്നുവോ ...

മാധ്യമ മാർഗ്ഗേ തെളിഞ്ഞ കണ്‍കോണുകൾ
എങ്ങലടിയിൽ മറഞ്ഞ രേണുക്കളിൽ
അച്ചടി മഷിയിൽ പതിഞ്ഞ നേർരേഖയിൽ
ഹസ്താക്ഷേപം തിരക്കഥ തീർത്തുവോ...

സത്യാന്വേഷണ കുതുകികൾ കാംക്ഷിച്ച
സംഗമ ചിന്താന്തരങ്ങളിൽ കുതറിയ
കോടതി കയറുന്ന മാധ്യമ വിസ്താര -
ക്കാഴ്ചകൾ മതവികാരത്തിൻ മറുവശം

ഒരുവനുതിർക്കുന്ന വീണ്‍ വാക്കിനുത്തരം
അപരനിലൂറ്റുന്ന നാവു തൻ   നൈപുണ്യം
വാചകക്കരുത്തിലൂടുയരുന്ന  സാമർത്ഥ്യം
നന്മയിലൂന്നുന്ന കാലം ഒരു  സ്വപ്നം ...

സത്യസംഗമതീരം മാധ്യമ ചിന്തകൾ...
മാനുഷിക മൂല്യം വിളിച്ചോതും പാതകൾ...
കറകൾ ഗതി തീർക്കും ഇന്നിൻ വ്യവസ്ഥയിൽ
കരഗതമാകട്ടെ പതറാത്ത വീക്ഷണം ....നന്ദിനി വർഗീസ്‌Wednesday, February 12, 2014

കാലിക ധ്വനികൾ 


സ്പന്ദനം

വേനലിൽ വനഭംഗി ഊറ്റിക്കുടിച്ചൊരു
സൂര്യ കിരണത്തിൻ താപമുൾക്കൊണ്ടിട്ട് -
തൊണ്ട വരളും കിളിമൊഴി ഇടറുന്നു
കാലകാല്പ്പനികത മുറ്റും തരുക്കളിൽ ...

കാറ്റിൻ കരുത്തിൽ പൊടിപടലങ്ങളായ്
തെന്നിയകന്നൊരു മണ്‍കൂന ചൊല്ലുന്ന
ഭൂമി ഗർത്തങ്ങളിൽ ഒട്ടിപ്പിടിച്ചു -
കിനാവുകൾ കണ്ടൊരു ഗതകാലസ്മരണകൾ..

മലനിരകളിൽ ഗോപ്യ പാറമടകളിൽ
വീണു പിടയ്ക്കുന്ന ജലകണികകൾ ചൊന്ന
ധരണി മാതാവുതൻ മാറ് തുരക്കുന്ന
രംഗവിചക്ഷണ ഓർമ്മ കുടീരങ്ങൾ ..

വൃക്ഷക്കടയ്ക്കലിൽ മുരളുന്ന യന്ത്രങ്ങൾ
വനമേഖലകളിൽ വേലികൾ തീർക്കുമ്പോൾ
വീഴുന്ന വന്മമരത്തണലിന്റ്റെ നൊമ്പരം
' എന്തിനീ  ക്രൂരത മുറ്റും പ്രവർത്തനം ..'

പാടത്തു വിളയുന്ന നെൽക്കതിർ ചെറുകാറ്റിൽ
തലയാട്ടി കർഷക നോവുണർത്തീടവേ
കൃഷികളിറക്കിയിട്ടന്നമൊരുക്കുന്ന
കർഷക മനസ്സിലെരിയും കനവുകൾ ...

പർവ്വതനിരകളെ ആറ്റിക്കുറുക്കി
പഠിച്ചു വളരുന്ന മണ്ണിൻ മക്കൾ ചൊന്ന
ബാലപാഠങ്ങൾ അവഗണിച്ചാർക്കുന്ന
കഴുതപ്പുലികൾക്ക് തടയിടാനാവുമോ ...?

നന്ദിനി  വർഗീസ്‌