സ്പന്ദനം
തപോവനപുണ്യ താണ്ഡവലയതാള -
തീർത്ഥതീരങ്ങളിൽ ജഗത്ഗുരു സംഗമം
ജന്മാന്തരപാപമുക്ത വചസ്സുകൾ
ആത്മഹർഷത്തിലെരിയും പദാർത്ഥങ്ങൾ ..
സത്യധർമ്മാദികളുയർതതും മന്ത്രധ്വനി
പശ്ചാത്താപത്തിൻ മനസ്താപക്കണികകൾ
കാലാനുഗതേ കാത്ത ക്രാന്തദർശനങ്ങൾ
ഭഗവത്പാദാന്തികേ അർച്ചനാസൂക്തങ്ങൾ ..
യാതനാപർവ്വങ്ങൾ ജീവിതയാത്രയിൽ
ശ്രേഷ്ഠവിചിന്തനം ജ്ഞാനാധിഷ്ഠിതം
തപാന്ത്യവേളേ തെളിയും വഴിത്താര
താപസമാർഗ്ഗേ ജ്വലിക്കും ജപമാല ..
തീർത്ഥയാത്രകൾക്കായി മലകൾ ചവിട്ടിയും
കൂർത്തു മൂർത്തുള്ളൊരാ മുള്ളുകൾ താണ്ടിയും
മുണ്ഡനകർമ്മാദി നേർച്ച നിറവേറ്റും
പുണ്യചിന്താദിയാം ജന്മസാഫല്യങ്ങൾ..
യാത്രാനന്തരേ സ്നാനഘട്ടങ്ങളിൽ
അടിയും വിഴുപ്പിലും തെളിയും അഴുക്കിലും
പാപ മുക്തി പരിഹാരാർത്ഥമനുഷ്ടാന -
തീർത്ഥജലസ്നാനം ആശിസ്സേകീടുമോ ..
തീരുമാനങ്ങളിൽ മാറ്റം ഭവിച്ചെന്ന
തീർച്ചപ്പെടുത്തലാം ആത്മപ്രതിജ്ഞകൾ
തീർത്ഥയാത്രകളിൽ സംഗമിച്ചീടുമ്പോൾ
ഉരുവായിടും മോക്ഷം അർത്ഥവ്യാപ്തികളിൽ ..
നന്ദിനി വർഗീസ്
മോക്ഷപ്രാപ്തിയ്ക്കായി...............!
ReplyDeleteനല്ല വരികൾ വാക്കുകളുടെ തീർഥയാത്ര
ReplyDeleteവളരെ നല്ല രചന.
ReplyDeleteശുഭാശംസകൾ.......