Thursday, September 10, 2015

എന്തിന് ...?

സ്പന്ദനം 


ആകാശത്തിലൊളി മിന്നും
താരകമൊന്നു ചൊല്ലി ,
" എൻ ചിന്തകൾക്കെന്തുയരം ..
   എൻ സഹചാരികളോ ഉന്നതർ "

 
നിലാവൊളി   തൂകി നില്ക്കും
നീലത്തിങ്കൾ തലയാട്ടി
" ഇല്ലില്ല നിൻ  തിളക്കം
   എന്നരികിൽ നിഷ്പ്രഭം .."


രാക്കിളി പാട്ടിലലിയും
രാവിൻ മുകുളങ്ങളാർത്തു ..
" അരുണ തേജസ്സിൻ ഗാംഭീര്യം
   വർണ്ണനാതീതം അതുല്കൃഷ്ടം "

കിഴക്കു ദിക്കിൽ കുമ്പിടുവാൻ
കുനിഞ്ഞ ജ്ഞാനപുംഗവൻ ,
ചിന്തിച്ചോ , അതു  വെറും സൃഷ്ടി ..
താനോ,  കുശവൻ തൻ മണ്‍കുടം ..

പകർന്നേകിയ പരിമളം
ജീവശ്വാസമുതിർക്കവേ,
ദൈവകണത്തെ അറിയുവാൻ
താളുകൾ തിരയുവതെന്തിന് ?

ജീവാത്മാവിൻ സ്പന്ദനം
ഉള്ളിലുടെന്നതറിയവേ ...
മഹത് സൃഷ്ടിയാം മാനവൻ
സൃഷ്ടികളിലലയുവതെന്തിന് ?




നന്ദിനി



Sunday, August 16, 2015

ഇങ്ങനെയും ജീവിതം..

സ്പന്ദനം 


വാക്കുകൾ ചേർത്തു വച്ചമ്മാനമാടിയിട്ടുൾ
പൊരുൾ ചീന്തിയെടുക്കുന്ന വസ്തുത ,
മനസ്സിൻ അകത്തളമാകെ ചികഞ്ഞു 
സ്വയമേ സ്തുതിപാഠമോതി തളർന്നുവോ ..

ആശങ്ക  മുറ്റിയിട്ടപരനിൽ പഴിചാരി 
ആശ നിരാശയ്ക്കൊരു മുഴം വഴിമാറി 
തെറ്റിൽ ശരിയിൽ പ്രവർത്തിദോഷങ്ങളിൽ 
ഉള്ളതെന്നോതി പഴികൾ തുടരവേ ..

കേൾക്കാനൊരു കാത് ചൊല്ലാനൊരു നാവ് 
ഇല്ലാത്തതുണ്ടെന്ന സങ്കല്പ്പസീമയിൽ 
പഴിയിൽ തുടങ്ങി പിഴയിൽ ഒടുങ്ങി 
     വെറുതെ എറിഞ്ഞുടയ്ക്കേണ്ടുവോ ജീവിതം ..

സത്യധർമ്മാദികളോതുന്നൊരു നാവിൻ 
തുമ്പത്തൊളിഞ്ഞിരിക്കുന്ന വിഷത്തുള്ളി 
അപരനിൽ വിദ്വേഷവിത്തു വിതയ്ക്കുവാ -
നുതകുന്ന ധാർമ്മികതയ്ക്കെന്തടിസ്ഥാനം ..  

ഒട്ടേറെയോതും വികടസരസ്വതി 
തിരിമറിഞ്ഞെത്തുന്നതാരറിഞ്ഞീടുന്നു,
വിധിച്ചോരപരനിൽ കുടികൊണ്ട നന്മയിൽ 
തിരിഞ്ഞു കൊത്തുന്നതും തൻ വിധി തന്നെയും .




നന്ദിനി 
     

Wednesday, July 15, 2015

തേങ്ങലുകളറിയാതെ ..





കൈയ്യെത്തും ദൂരെനിന്നമ്പേയകലുമാ 
കൈകുമ്പിൾ കവരുവാൻ ആശിച്ച ജലധാര ..

ഒന്നു നുകർന്നു കൊതി തീരും മുമ്പേയകന്ന 
ഓർമ്മചെപ്പിൽ വിരഹ വൈവിദ്ധ്യങ്ങൾ .

പൂനിലാ പുഞ്ചിരി തൂകി മാനത്തിലുയർന്നു 
വിരാജിച്ച ചന്ദ്രോദയ രശ്മിയിൽ ..

ഇരുളിൻ വിരഹതപ ശാന്തിയേകി 
കനിവിൻ കരുത്തിലകറ്റും ജഗാന്ധത ..

കാറ്റിലും കോളിലും ചില്ലകൾ തന്നിൽ 
ഇറുക്കിപ്പിടിച്ചങ്ങില  തൻ മറവിലായ്..
കുതിർന്നിരിക്കുന്നൊരാ കുഞ്ഞു കിളി പേറും 
വിരഹ വിശ്രാന്തിയിൽ  പൊൻവെയിൽ കണികകൾ

ആശിച്ചതൊക്കെയും ആശയായ് തന്നെ 
അടിഞ്ഞുകൂടുന്നൊരാ ബാക്കിപത്രത്തിലായ്

മുള പൊട്ടുമാഗ്രഹം തൊട്ടുണർത്തീടുന്ന 
വിഷമ വൃത്തത്തിൽ വിതുമ്പുന്നു  ചിന്തകൾ   ..

" ഞാനിനിയില്ല എന്നസ്തിത്വമന്ത്യത്തിലെന്നു 
  കരുതിയിട്ടെന്തിനോ  കേഴവേ ..

  ആരോ മെനഞ്ഞ കഥയിലെ ആട്ടക്കാരി-
  യെന്തോ മറന്നതു പോലെ തിരയവേ ..

  ഇനിയൊന്നുമില്ലിനി ഇല്ലായ്മ മാത്രമെൻ 
  അന്തർഗതങ്ങളിൽ നിറയ്ക്കുന്നു ശൂന്യത  .. "

ഉള്ളിൽ പുകയുന്ന നീറ്റലിൽ നീറി
പുകഞ്ഞു വിതുമ്പുന്ന കണ്ണീർ കണങ്ങളിൽ ...

കുതിരും തലയിണയേറ്റു വാങ്ങുന്നോരു 
കദനക്കഥയിലെ ശോകരേണുക്കളിൽ   ....

ഇടനെഞ്ചിലങ്ങു കുമിഞ്ഞു കൂടുന്നൊരാ
ഭാരമതെന്തെന്നു തെല്ലു ഞാനോർക്കവേ ...

വിരഹം വിളിപ്പാടകലെ നിൽപ്പുണ്ടതെ-
ന്നറിയാതെയറിയുന്ന  ആത്മദാഹങ്ങളിൽ ...

ആശ നിരാശയ്ക്കു സ്ഥാനഭ്രംശ ശ്രമം
അകമേ  പടരുന്ന  കാർന്നു തിന്നും വ്രണം ..
ആത്മതീരങ്ങളിൽ ദാഹജലമാകും 
സത് വചനങ്ങളിൽ  ഗുരുചരണങ്ങളിൽ ...

വിരഹം വിതയ്ക്കുന്ന ചിന്തയ്ക്കൊരന്ത്യ -
മതെന്നാളുമെപ്പോഴും ഋജുരേഖകൾ മാത്രം ..



നന്ദിനി വർഗീസ്‌