Wednesday, July 15, 2015

തേങ്ങലുകളറിയാതെ ..





കൈയ്യെത്തും ദൂരെനിന്നമ്പേയകലുമാ 
കൈകുമ്പിൾ കവരുവാൻ ആശിച്ച ജലധാര ..

ഒന്നു നുകർന്നു കൊതി തീരും മുമ്പേയകന്ന 
ഓർമ്മചെപ്പിൽ വിരഹ വൈവിദ്ധ്യങ്ങൾ .

പൂനിലാ പുഞ്ചിരി തൂകി മാനത്തിലുയർന്നു 
വിരാജിച്ച ചന്ദ്രോദയ രശ്മിയിൽ ..

ഇരുളിൻ വിരഹതപ ശാന്തിയേകി 
കനിവിൻ കരുത്തിലകറ്റും ജഗാന്ധത ..

കാറ്റിലും കോളിലും ചില്ലകൾ തന്നിൽ 
ഇറുക്കിപ്പിടിച്ചങ്ങില  തൻ മറവിലായ്..
കുതിർന്നിരിക്കുന്നൊരാ കുഞ്ഞു കിളി പേറും 
വിരഹ വിശ്രാന്തിയിൽ  പൊൻവെയിൽ കണികകൾ

ആശിച്ചതൊക്കെയും ആശയായ് തന്നെ 
അടിഞ്ഞുകൂടുന്നൊരാ ബാക്കിപത്രത്തിലായ്

മുള പൊട്ടുമാഗ്രഹം തൊട്ടുണർത്തീടുന്ന 
വിഷമ വൃത്തത്തിൽ വിതുമ്പുന്നു  ചിന്തകൾ   ..

" ഞാനിനിയില്ല എന്നസ്തിത്വമന്ത്യത്തിലെന്നു 
  കരുതിയിട്ടെന്തിനോ  കേഴവേ ..

  ആരോ മെനഞ്ഞ കഥയിലെ ആട്ടക്കാരി-
  യെന്തോ മറന്നതു പോലെ തിരയവേ ..

  ഇനിയൊന്നുമില്ലിനി ഇല്ലായ്മ മാത്രമെൻ 
  അന്തർഗതങ്ങളിൽ നിറയ്ക്കുന്നു ശൂന്യത  .. "

ഉള്ളിൽ പുകയുന്ന നീറ്റലിൽ നീറി
പുകഞ്ഞു വിതുമ്പുന്ന കണ്ണീർ കണങ്ങളിൽ ...

കുതിരും തലയിണയേറ്റു വാങ്ങുന്നോരു 
കദനക്കഥയിലെ ശോകരേണുക്കളിൽ   ....

ഇടനെഞ്ചിലങ്ങു കുമിഞ്ഞു കൂടുന്നൊരാ
ഭാരമതെന്തെന്നു തെല്ലു ഞാനോർക്കവേ ...

വിരഹം വിളിപ്പാടകലെ നിൽപ്പുണ്ടതെ-
ന്നറിയാതെയറിയുന്ന  ആത്മദാഹങ്ങളിൽ ...

ആശ നിരാശയ്ക്കു സ്ഥാനഭ്രംശ ശ്രമം
അകമേ  പടരുന്ന  കാർന്നു തിന്നും വ്രണം ..
ആത്മതീരങ്ങളിൽ ദാഹജലമാകും 
സത് വചനങ്ങളിൽ  ഗുരുചരണങ്ങളിൽ ...

വിരഹം വിതയ്ക്കുന്ന ചിന്തയ്ക്കൊരന്ത്യ -
മതെന്നാളുമെപ്പോഴും ഋജുരേഖകൾ മാത്രം ..



നന്ദിനി വർഗീസ്‌ 

2 comments:

  1. നന്ദിനിയെ കണ്ടിട്ട് കുറെക്കാലമായല്ലോ.
    സന്തോഷം, ആശംസകള്‍

    ReplyDelete
  2. കുതിരും തലയിണയേറ്റു വാങ്ങുന്നോരു 
    കദനക്കഥയിലെ ശോകരേണുക്കളിൽ   ....

    ഇടനെഞ്ചിലങ്ങു കുമിഞ്ഞു കൂടുന്നൊരാ
    ഭാരമതെന്തെന്നു തെല്ലു ഞാനോർക്കവേ ..

    വരികളിലെ.....വേദനകള്‍ ഏറെയാണ്....
    നന്മകള്‍ നേരുന്നു.....

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..