Saturday, June 3, 2017

തുമ്പയും സഖിയും



തുമ്പയ്ക്കഭേദ്യമാം ബന്ധമുണ്ടോണമായ്
തുമ്പപ്പൂ തുമ്പക്കുടം ബഹുകേമവും..
 ഔഷധ സസ്യമാം തുമ്പയതിൻ മൂല്യം
ഔന്നിത്യമെന്നത് തുമ്പയ്ക്ക് തൊങ്ങലും..

വാവുബലി മരണാനന്തര ക്രിയകൾ
വാഴ്ത്തുന്നു തുമ്പ പ്രിയമതു സത്യവും..
അത്തപ്പൂക്കളത്തിനലങ്കാരമിവൾ തന്നെ
തൃക്കാക്കരയപ്പന് തുമ്പ പ്രിയങ്കരം.

ഓണത്തപ്പന്നായി നേദിക്കും പൂവട
ഓർമ്മയിൽ മധ്യകൈരളീവാസികൾ..
വിനയത്തിൻ മാതൃകയാണീ മനോഹരി
തുമ്പയ്ക്കു തുമ്പിപെണ്ണു സഖിയതും.

സുതാര്യ ചിറകു വിരിച്ചു പറന്നിടും
സുകുമാരസുന്ദര തുമ്പി തൻ തുള്ളലിൽ..
ഇളവെയിൽ കൊള്ളുവാനെത്തിടും തുമ്പികൾ
തുമ്പപ്പൂ തേൻകുടം നുകരാനണയുമോ...

പൂവ് പൂക്കില പോരാഞ്ഞോ പാടുന്ന
പൂച്ചില്ല കൈയ്യിലേന്തും തുമ്പിതുള്ളലിൽ..
പെൺകുട്ടി മൃദുവായി തട്ടിയകറ്റുന്ന
തുമ്പിപെൺ അവൾക്കായി കൂട്ടിനു വന്നുവോ..

തുമ്പയും തുമ്പിയും ഓർമ്മത്തിരിവെട്ടം
തുള്ളിക്കളിക്കുന്ന നന്മ തൻ പൊയ്മുഖം..
വിടരാൻ കൊതിക്കുന്ന പൂവ് തൻ വേദന
തുമ്പിയ്ക്ക് തേൻകുടം കിട്ടാകനിയതോ...

നന്ദിനി വർഗീസ് 

No comments:

Post a Comment

അഭിപ്രായം പറയാതെ പോകല്ലേ ..