Sunday, March 24, 2013

മിഴി തുറന്ന സത്യം


സ്പന്ദനം 
 
രക്തം മരവിയ്ക്കും തുരുമ്പിച്ച ഓര്‍മ്മയില്‍ 
രക്തധമനികള്‍ വിങ്ങി വിതുമ്പവേ... 
 
പയോധരങ്ങള്‍ ചുരത്തിയ  പാല്‍ വീണ 
ചുണ്ടുകള്‍ മന്ത്രിച്ച അന്യമാം വാക്കുകള്‍ ..
 
പെരുവഴി തന്നിലെ കണ്ണുനീര്‍ത്തുള്ളിയില്‍
കാലം ഒളിപ്പിച്ച നീറുന്ന ഓര്‍മ്മയില്‍ ... 
 
രക്തബന്ധങ്ങളില്‍ ബന്ധനം ദര്‍ശിച്ചു 
വൃദ്ധസദനപ്പടികള്‍ ചവിട്ടവേ ..... 
 
പെണ്ണായി പിറന്നുവെന്നോതി നിരന്തരം 
പിഞ്ചോമനകളെ  പിച്ചിയെറിയവേ.. 
 
ഗര്‍ഭപാത്രത്തിന്‍ ചുവരില്‍ പിടിച്ചു 
വിതുമ്പി കരഞ്ഞുവോ കുഞ്ഞിളം മേനികള്‍... 
 
തേന്‍ വലിച്ചൂറ്റി  നുറുക്കിക്കളയുന്ന 
രക്തബന്ധങ്ങള്‍ വിലകള്‍ മറക്കവേ  ...
 
പാകി മുളപ്പിച്ച വിത്തിന്‍ ഫലത്തിനായ് 
കാമവെറി പൂണ്ട് കാലം കഴിയ്ക്കവേ... 
 
അയലത്തു വാഴുന്ന ശത്രുവാണുത്തമം
പറഞ്ഞു പഴകുന്നു അകലുന്ന ബന്ധങ്ങള്‍ ... 
 
 
നന്ദിനി    
 

Saturday, March 16, 2013

വിരഹാര്‍ദ്രമീ ആത്മനൊമ്പരം


സ്പന്ദനം 


സൃഷ്ടിയില്‍ ഉത്തമം  സൃഷ്ടപ്രപഞ്ചത്തില്‍ 
മര്‍ത്യനും മര്‍ത്യനില്‍ കുടികൊള്ളും ആത്മാവും .. 
സ്വര്‍ഗ്ഗവാസം വെടിയവേ ഭൂമിയില്‍ 
മര്‍ത്യദേഹേ  പ്രതിഷ്ഠിതം  നിശ്ചയം ... 

സത്യത്തിനുണ്മയാം ആത്മഹര്‍ഷങ്ങളില്‍ 
ഓംകാരനാദലയത്താല്‍  തരളിതം .. 
സ്വര്‍ഗ്ഗസൗഭാഗ്യമാം നഷ്ടസ്വപ്നങ്ങളില്‍
ആത്മാവ് കേഴുന്നു വിരഹം വിധി സമം .. 

ലോകമോ വിസ്മയം ,ഒതുങ്ങില്ല പാണിയില്‍ 
ലോകമോഹങ്ങളോ, അനന്തം അജ്ഞാതവും .. 
ചിതറിയോ ചിന്തയും ചിന്താസരണിയും 
അപരനില്‍ ശ ത്രുവേ ദര്‍ശിച്ച മാത്രയില്‍ ... 

ഓങ്ങും കഠാരയില്‍ രേണുവര്‍ണ്ണങ്ങളില്‍
തേങ്ങിത്തുടങ്ങിയോ  ആത്മാവിനുള്‍ത്തടം ... 
കുഞ്ഞിന്‍ കരച്ചിലില്‍ ഉടയും വളകളില്‍ 
വൈകൃതഭാവം പുനര്‍ജ്ജനിക്കുന്നുവോ... 

അടിഞ്ഞ ചെളിക്കുണ്ടില്‍ അടിയും വികാരത്തില്‍ 
ദേഹ ദേഹീ വാണ ചിന്താശകലത്തില്‍... ....
ഞെങ്ങി ഞെരുങ്ങിയോ  ആത്മനൊമ്പരങ്ങള്‍ 
ചോദിച്ചുവോ ചോദ്യം 'ഞാനും വരട്ടെയോ ..'

സൃഷ്ടാവിനാത്മാവ് മന്ത്രിച്ചുവോ കാതില്‍ 
'പാപപരിഹാരം, തിരുത്തുക ജീവിതം ..  '
കേണുവോ ആത്മാവ് 'മോക്ഷമേകൂ നാഥാ ..'
നൊമ്പരഛായയില്‍ അഗ്നിസമാനമായ്‌... 

വിരഹം വിതുമ്പുന്നു പരതുന്നു വാക്കുകള്‍ 
സാത്വികചിന്തയില്‍ ഓംകാര ധ്വനികളില്‍ ... 
മഴകാത്ത വേഴാമ്പലായ് മാറി വിരഹവും 
വിരഹം വിരിയിച്ച നൊമ്പരപ്പൂക്കളും.... 


നന്ദിനി    
      
  
    
  

Sunday, January 6, 2013

ആ അമ്മ ..

സ്പന്ദനം 
















നീലാഞ്ജനമിഴി  ചന്ദ്രവര്‍ണ്ണങ്ങളില്‍
സ്വപ്‌നങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കവേ ...

നിറഞ്ഞൊഴുകിപ്പരക്കും അനീതിയില്‍ 
നിത്യത നിര്‍വ്യാജം ആര്‍ത്തു പടര്‍ന്നതും ..
നീര്‍മിഴിക്കോണിലെ നീല വെളിച്ചത്തില്‍ 
നിലവിളി ശോണിമ പുല്കി മറഞ്ഞതും ..
നിലാവണഞ്ഞതും ആര്‍ക്കനുണര്‍ന്നതും 
ഉറഞ്ഞ കണ്ണീര്‍ അറിയാതിരുന്നതും ...
ഇടയ്ക്കുണര്‍ന്നെപ്പൊഴോ ഞെട്ടിവിയര്‍ക്കുമ്പോള്‍
ആരെയോ തേടി മിഴികള്‍ അലഞ്ഞതും ..
മൈലാഞ്ചി ചോപ്പിനായ് കൈകള്‍ കൊതിച്ചതും 
പ്രണയ പ്രപഞ്ചത്തില്‍ നെഞ്ചു തുടിച്ചതും ..
അടഞ്ഞ മിഴികളില്‍ ഉറഞ്ഞ വികാരത്തില്‍ 
ഹൃദയധമനികള്‍ പൊട്ടിപ്പിളര്‍ന്നതും ..
പിച്ചിയെറിഞ്ഞ മുഖങ്ങള്‍ക്കു നേരെയാ -
മൈലാഞ്ചി മോഹിച്ച കൈകള്‍ ഉയര്‍ന്നതും ..
സ്പന്ദനത്തേരിലെ രഥചക്രങ്ങളില്‍
ചക്രവാളങ്ങള്‍ മിഴികള്‍ തുറന്നതും ..
മേഘമാര്‍ഗ്ഗേ പറക്കവേ  നെഞ്ചകം 
ഒരിറ്റുശ്വാസപ്പിടച്ചില്‍ അറിഞ്ഞതും ...
കോടാനുകോടി ഞെരമ്പുകളൊരുമയില്‍
ഇല്ല ..മുന്നോട്ടില്ല എന്നു പറഞ്ഞതും ...
തുടിച്ച ഹൃദയത്തിനുലച്ചിലുയര്‍ന്നപ്പോള്‍ 
വികാരവിജ്രുംഭിത സ്വപ്നമണഞ്ഞതും... 
സര്‍വ്വശുദ്ധീകരാഗ്നിയില്‍   വെന്തതും 
ഒരു പിടി ചാരമായ് ഭൂവില്‍ പതിച്ചതും ...
ദൂരെ കരയുന്ന കാകസ്വരങ്ങളില്‍ 
ഗംഗാജലത്തില്‍ അലിഞ്ഞു ചേരുന്നതും ...

ഒക്കെയും ഓര്‍മ്മയായ് കാലക്കെടുതിയില്‍ 
കല്‍പ്പടവുകളില്‍ കാല്‍ തെറ്റി വീഴവേ ..
തോര്‍ന്ന മിഴികളില്‍ അസ്ഥിരചിന്തകള്‍
നിഴലിച്ചു ചിന്താസരണിയെ പുല്കുമോ ...?
സ്വച്ഛന്ദമൃത്യുവിന്‍ ആലിംഗനത്തിനായ്
വറ്റിയ ഓര്‍മ്മ പുനര്‍ജ്ജനിച്ചീടുമോ ....?


നന്ദിനി  
               

Monday, December 17, 2012

ആരുണ്ട് .....

സ്പന്ദനം 


മടിയില്‍ തുടങ്ങും  തലോടല്‍ വഴിമാറി
മടിയില്‍ ഒടുങ്ങി വലയും കുടുംബങ്ങള്‍ ...
അവകാശസീമ തന്‍ നിയമസംഹിത 
മടിയാതെ ഏകും സ്വത്തിന്‍ കരുത്തിലായ് ...
ഉത്തുംഗഭാവ പരകോടി പുല്‍കുന്ന 
മക്കള്‍ വസിക്കുമാ മാളികപ്പുരയിലായ്...
പൊടിയുന്ന കണ്ണീര്‍ തുടയ്ക്കാനറയ്ക്കുന്ന
നഗ്നസത്യത്തിന്‍ പൊരുള്‍ അറിഞ്ഞീടുമ്പോള്‍.......
മടിയില്‍ തുടങ്ങി വടിയില്‍ ഒടുങ്ങി 
കാലചക്രത്തിന്‍ ഇടയില്‍ കുടുങ്ങി ....
കുരുക്കഴിക്കാന്‍ വന്ന ആളിന്‍ കുരുക്കില്‍ 
പിടയും തലകള്‍ കഥ പറഞ്ഞീടുമ്പോള്‍....
തുലോം ബുദ്ധി തന്‍ തിരി തെളിച്ചീടുവാന്‍
ആരുണ്ട്‌ ...ആരുണ്ട് ...മുഴങ്ങുന്നു   ചോദ്യങ്ങള്‍ ...

നന്ദിനി    
          

Tuesday, December 4, 2012

ഓര്‍മ്മയില്‍ ഓളങ്ങള്‍

സ്പന്ദനം

 
മണലൂറ്റി കുഴികള്‍‍ നിറഞ്ഞൊരാ പുഴ ചൊല്ലി
കുണുങ്ങി ഒഴുകിയ ബാല്യസ്മരണകള്‍ ...
ചിറകു കുഴഞ്ഞൊരാ ദേശാടനപക്ഷി
തിരഞ്ഞതോ പണ്ടു ചേക്കേറിയ വന്മരം ...
നാട്ടുവര്‍ത്തമാനം നാമ്പിട്ട മരച്ചുവട്
സ്വീകരണ മുറിയില്‍ ഒരോര്‍മ്മയായ് തീരവേ ...
സംസ്കാര തുറവിയില്‍ വന്ദ്യവയോധിക
ഓര്‍ത്തതോ മാറു മറയ്ക്കാന്‍ കൊതിച്ച നാള്‍ ...
മറ കെട്ടി പേറെടുത്ത വയറ്റാട്ടി
ചൊല്ലി കലികാലം ..പ്രസവം ..ശിവ ശിവ ..
ഓര്‍മ്മകള്‍ ചുറ്റിലും ഓളങ്ങള്‍ തീര്‍ക്കവേ
   ഒളിച്ചിരിക്കാനായ് ഒന്നടയ്ക്കട്ടെ കണ്ണുകള്‍ ..
നന്ദിനി ‍

Wednesday, November 28, 2012

പ്രസവസംസ്കാരം


സ്പന്ദനം 




ഉദരത്തിലുരുവായ ആ  ചെറു സ്പന്ദനം 

ജനനിയ്ക്ക് സ്വന്തം , മാതൃത്വം സുന്ദരം ...

ഉദരം കൊതിയ്ക്കുന്ന അദ്ഭുത സ്പര്‍ശനം

നിവര്‍ത്തും കരങ്ങളില്‍ ഉയരുന്ന ലാളനം ....

കുഞ്ഞിന്‍ വികാരങ്ങള്‍ അറിയും ജനനിയും

കുഞ്ഞനക്കങ്ങളും കുഞ്ഞിന്‍ തിരിച്ചിലും...

ആ രഹസ്യങ്ങളോ ..സ്വകാര്യ സത്യങ്ങള്‍ 

അമ്മയും കുഞ്ഞും, ആ ഉദരബന്ധവും...



പിടഞ്ഞു പുളയുന്ന പിറവിക്കൊടുവിലായ്

പിഞ്ചു പൈതലിന്‍ ഗൃഹപ്രവേശത്തിനായ്..

കുത്തി വയ്ക്കല്ലേ ..പ്രസവ സംസ്കാരങ്ങള്‍ 

നുള്ളിക്കളയല്ലേ...ആ കുഞ്ഞു ജീവിതം ...



ചൊല്ലൂ ജനനി,  സമൂഹത്തിനേകുക..

നിന്നമ്മ പറയാത്ത ...സന്ദേശമേകുക..

മാതൃത്വമേ...പ്രിയ മാതൃഭാവങ്ങളെ ..

കണ്ണടയ്ക്കൂ ..വരിയ്ക്കൂ  ഇരുളിനെ.. 


    

നന്ദിനി 
        

Thursday, November 15, 2012

മൗനവീക്ഷണം

സ്പന്ദനം  




അപ്രിയ സത്യത്തില്‍ മൗനമോ ഭൂഷണം 
സത്യസംവാദത്തില്‍  മൗനമോ ദൂഷണം ..
മൗനം  ഭജിക്കുന്ന ഭിക്ഷു സമക്ഷത്തില്‍ 
ആത്മ സാക്ഷാത്കാര ഭഗവത് സാമീപ്യവും ..

          മൗനമാണിന്നു തന്‍ മൂടുപടമെന്ന്‍ 
          ഭീരു പറഞ്ഞു ഫലിപ്പിച്ച വാക്കുകള്‍ ...
          മൗനം ത്യജിക്കുന്ന വാഗ്മി ഭയക്കുന്നു 
          മൗനമനസ്സു തന്‍ ലക്ഷണ പിശകുകള്‍.....

മൗനമേ ..എന്തിനു മൗനിയാകുന്നു നീ ...
മൗനി  സമൂഹത്തില്‍ മാന്യനോ  ചൊല്ലു  നീ...
മൗനമേ ...നല്ലത് അപ്രിയ നേരത്ത് ...
മൗനീ ...മറക്കല്ലേ ...സത്യമാം  വാക്കുകള്‍ ...


നന്ദിനി