സ്പന്ദനം
വാക്കുകൾ ചേർത്തു വച്ചമ്മാനമാടിയിട്ടുൾ
പൊരുൾ ചീന്തിയെടുക്കുന്ന വസ്തുത ,
മനസ്സിൻ അകത്തളമാകെ ചികഞ്ഞു
സ്വയമേ സ്തുതിപാഠമോതി തളർന്നുവോ ..
ആശങ്ക മുറ്റിയിട്ടപരനിൽ പഴിചാരി
ആശ നിരാശയ്ക്കൊരു മുഴം വഴിമാറി
തെറ്റിൽ ശരിയിൽ പ്രവർത്തിദോഷങ്ങളിൽ
ഉള്ളതെന്നോതി പഴികൾ തുടരവേ ..
കേൾക്കാനൊരു കാത് ചൊല്ലാനൊരു നാവ്
ഇല്ലാത്തതുണ്ടെന്ന സങ്കല്പ്പസീമയിൽ
പഴിയിൽ തുടങ്ങി പിഴയിൽ ഒടുങ്ങി
വെറുതെ എറിഞ്ഞുടയ്ക്കേണ്ടുവോ ജീവിതം ..
സത്യധർമ്മാദികളോതുന്നൊരു നാവിൻ
തുമ്പത്തൊളിഞ്ഞിരിക്കുന്ന വിഷത്തുള്ളി
അപരനിൽ വിദ്വേഷവിത്തു വിതയ്ക്കുവാ -
നുതകുന്ന ധാർമ്മികതയ്ക്കെന്തടിസ്ഥാനം ..
ഒട്ടേറെയോതും വികടസരസ്വതി
തിരിമറിഞ്ഞെത്തുന്നതാരറിഞ്ഞീടുന്നു,
വിധിച്ചോരപരനിൽ കുടികൊണ്ട നന്മയിൽ
തിരിഞ്ഞു കൊത്തുന്നതും തൻ വിധി തന്നെയും .
നന്ദിനി