Sunday, November 5, 2017

കാണാക്കെണികൾ

കാണാക്കെണികൾ 
***********************

അക്ഷരമൊക്കെയും തപ്പിപ്പിടിച്ചു 
അധരം മൊഴിയുന്ന ആദ്യ സ്വരങ്ങളിൽ.. 
വേണ്ടയെന്നും വേണമെന്നതും കൃത്യമായ്  
പറയുന്ന കുഞ്ഞിനെ കണ്ടു പഠിക്കണം.. 

ലോകസ്ഥാനത്തിനായ് ഉവ്വ് പറയുവോർ 
വേണ്ടയെന്ന  സത്യം മൂടി വച്ചീടവേ.. 
വേണ്ടതു വേണ്ടിടത്തു പറഞ്ഞീടുവാൻ
സത്യത്തിലൂന്നും മനമതുണ്ടാവണം..

വേണ്ടയെന്നു  എന്നു പറഞ്ഞീടാൻ കഴിയാതെ 
വേണ്ടാത്ത കാര്യം തലയിൽ കയറ്റവേ.. 
രണ്ടു വാക്കുകൾ കൃത്യമായി പറയുവാൻ 
വീണ്ടുവിചാരമതുണ്ടാവണം സത്യം.. 

എവിടെ സത്യത്തിനായ് വാദിക്കുമധരങ്ങൾ
എവിടെ വീരാത്മാക്കൾ നേതാക്കൾ ഗുരുക്കളും.. 
എവിടെ ഉടമ്പടി ചെയ്തവരൊക്കെയും 
എന്നാലറിയുക നന്മ തൻ ചെയ്തികൾ.. 

തെറ്റെന്നറിഞ്ഞു പിന്താങ്ങും സ്വരങ്ങളിൽ 
തെറ്റി പിരിഞ്ഞതാം ഭൂതകാലം തീർത്ത.. 
അന്യ വിഴുപ്പു ചുമക്കുവാൻ തീർത്തതാം  
അടിയറവു വച്ച അസ്തിത്വ ബാധ്യത.. 

കടപ്പാടുകൾ തീർത്ത ചുറ്റുവട്ടങ്ങളിൽ 
കടമെടുത്തീടുന്ന ചിന്താഗതികളിൽ.. 
തീരാകടമെത്തും ഊടുവഴികളിൽ
തല്ലിക്കെടുത്തുന്നു  സ്വാതന്ത്ര്യ ചിന്തകൾ.. 


നന്ദിനി 
  


Saturday, June 3, 2017

തുമ്പയും സഖിയുംതുമ്പയ്ക്കഭേദ്യമാം ബന്ധമുണ്ടോണമായ്
തുമ്പപ്പൂ തുമ്പക്കുടം ബഹുകേമവും..
 ഔഷധ സസ്യമാം തുമ്പയതിൻ മൂല്യം
ഔന്നിത്യമെന്നത് തുമ്പയ്ക്ക് തൊങ്ങലും..

വാവുബലി മരണാനന്തര ക്രിയകൾ
വാഴ്ത്തുന്നു തുമ്പ പ്രിയമതു സത്യവും..
അത്തപ്പൂക്കളത്തിനലങ്കാരമിവൾ തന്നെ
തൃക്കാക്കരയപ്പന് തുമ്പ പ്രിയങ്കരം.

ഓണത്തപ്പന്നായി നേദിക്കും പൂവട
ഓർമ്മയിൽ മധ്യകൈരളീവാസികൾ..
വിനയത്തിൻ മാതൃകയാണീ മനോഹരി
തുമ്പയ്ക്കു തുമ്പിപെണ്ണു സഖിയതും.

സുതാര്യ ചിറകു വിരിച്ചു പറന്നിടും
സുകുമാരസുന്ദര തുമ്പി തൻ തുള്ളലിൽ..
ഇളവെയിൽ കൊള്ളുവാനെത്തിടും തുമ്പികൾ
തുമ്പപ്പൂ തേൻകുടം നുകരാനണയുമോ...

പൂവ് പൂക്കില പോരാഞ്ഞോ പാടുന്ന
പൂച്ചില്ല കൈയ്യിലേന്തും തുമ്പിതുള്ളലിൽ..
പെൺകുട്ടി മൃദുവായി തട്ടിയകറ്റുന്ന
തുമ്പിപെൺ അവൾക്കായി കൂട്ടിനു വന്നുവോ..

തുമ്പയും തുമ്പിയും ഓർമ്മത്തിരിവെട്ടം
തുള്ളിക്കളിക്കുന്ന നന്മ തൻ പൊയ്മുഖം..
വിടരാൻ കൊതിക്കുന്ന പൂവ് തൻ വേദന
തുമ്പിയ്ക്ക് തേൻകുടം കിട്ടാകനിയതോ...

നന്ദിനി വർഗീസ് 

അമ്മ മലയാളം


അക്ഷരമക്ഷയ ജ്യോതിസ്സായ് മാറിടും
അക്ഷീണയജ്ഞത്തിനന്ത്യത്തിലായ്..
അമ്മ മലയാള മാതൃ ദേവോ ഭവ:
അത്താണിയാമത് മാർഗ്ഗദീപം...

മലയാളദേശത്തിനഴകു വിളിച്ചോതും
മലയാളഭാഷ തൻ മാദകത്വം...
കുണുങ്ങുന്നരുവിയിൽ  പാടുന്ന പക്ഷിയിൽ
കുന്നിലും മേട്ടിലും വാക്ചാതുരി.  .

മലരണി മാമല ഗിരിശൃoഗ കേദാര
മഴമേഘജാലകമുക്ത ഗേഹം..
തഴയ്ക്കും വനഭംഗി ചാരുതയേകുന്ന
തന്മയീഭാവത്തിൻ ലാസ്യഭംഗി..

മാതൃഭാഷ ചൊല്ലുമാദ്യാനുഭൂതിയിൽ
മനുജനു താങ്ങായ് മലയാളവും..
വാക്കുതൻ കൂടെരിഞ്ഞീടും മനമതിൽ
വാക്കിൻ കരുത്തിലോ കാവ്യബിംബം...

വാക്കുകൾ വർണ്ണക്കുടകളേന്തീടുന്ന
വാഗ്‌ധോരണിയാം കവിഭാവന..
അതിരുകൾ അംബരസീമകളാക്കുന്ന
അഴകേറും മലയാള ഗ്രാമഭംഗി..

വിപുല സാഹിത്യസമ്പത്തായ് വിളങ്ങിടും
വിജ്‍ഞാനദായക ശ്രേഷ്ഠഭാഷ..
പ്രകൃതിതൻ സ്വരലയ ഗീതചേതോഹര
പ്രകാശിത കിരണമീ മാതൃഭാഷ...

ദ്രാവിഡ ഭാഷാ കുടുംബത്തിലംഗമാം
ശ്രേഷ്ഠമീ മലയാള ജന്മഗേഹം..
കൈരളീ കേരകേദാര വിരാജിത
കേരളം ചൊല്ലും ഭരണഭാഷ...

പഴം തമിഴ് ആദ്യരൂപം പെറ്റിടുന്നതാം
പഞ്ചഭാഷയിൽ മലയാളവും..
ആദ്യകാവ്യം മുതലിന്നുവരേയ്ക്കുമീ
ആനന്ദദായകം അക്ഷരങ്ങൾ...

സന്ദേശകാവ്യ ചമ്പൂക്കൾ ചൊല്ലീടുന്ന
സാഹിത്യശാഖാ പടർത്തുന്നതാം..
ഭാഷയിപ്പോഴെത്തി നില്ക്കുന്നതോയിന്ന്
പാശ്ചാത്യ സാഹിത്യ ലയനപർവ്വം...

ആധുനിക സാഹിത്യ സ്വാധീനമുൾക്കൊണ്ട്
ആശയസമ്പുഷ്ട ചിന്തകളിൽ..
ഗദ്യസാഹിത്യം ഇദംപ്രഥം  മുഖമുദ്ര
ഗതിവിഗതികൾക്കു വന്ന മാറ്റം...

മലയാളഭാഷ മരിക്കുന്നുവോയെന്ന്
മലയാളി മുറവിളി കൂട്ടുന്നുവോ...
സാഹിത്യ സംസ്കാര രാഷ്ട്രീയ നേതാക്കൾ
സകലർക്കുമിന്നിത് തോന്നുന്നുവോ...

എന്താണിതിന്നർത്ഥമെന്തുകൊണ്ടിങ്ങനെ
ഏന്തിവലിയുന്നു ചർച്ചാവലി..
കാരണമിതു തന്നെ മലയാളഭാഷയെ
കരിതേച്ചിടുന്നിതാ ആംഗലേയം ..

മലയാളഭാഷ തൻ ഭാവശുദ്ധിയതിൽ
മറുഭാഷ ആംഗലേയ പ്രസക്തി..
മലയാളി മാറുന്നു മക്കൾ അകലുന്നു
മലയാളമിന്നൊരു ഭിക്ഷുകിയും..

അന്യദേശത്തു ചെന്നെത്തും മലയാളി
അന്യമാക്കുന്നുവോ മാതൃഭാഷ..
അറിവു നുകരുവാൻ വെമ്പും തലമുറ
അവശിഷ്ടമായ് കരുതുന്നു ഭാഷ...

പ്രകൃതി വികൃതമാക്കീടും അനാസ്ഥയിൽ
മാതൃദേശത്തിൻ മരണവിളി..
artht മാതൃഹൃദയത്തിൽ
അന്യമായ് തീരുന്നു അക്ഷരങ്ങൾ...

ഇന്നീയവസ്ഥ അലങ്കാരവസ്തുവായ്
ഇഴപിരിച്ചീടും പദവിയതിൽ..
ശ്രേഷ്ഠഭാഷാ സ്ഥാനമെന്ന ബോദ്ധ്യമത്
ശ്രേഷ്ഠമായ് കരുതണം മലയാളികൾ...


നന്ദിനി


ചുംബനം പലവിധം


ചാരെയണയുന്ന കുഞ്ഞിനെ വാരി -
പ്പുണർന്നങ്ങു ചുംബിക്കും
അമ്മതൻ ചുംബനം..

മൂർദ്ധാവിൽ ചുംബിച്ചു യാത്രയാക്കീടുന്ന
അച്ഛന്റെ കരുതലിൽ
ചുംബനം ശ്രേഷ്ഠവും..

ഒരു ഗർഭപാത്രേ കിടന്ന സഹോദരർ
സങ്കടക്കടലിലോ
താങ്ങായി ചുംബനം...

ഒരുത്തനൊരുത്തിക്ക് വഴിവക്കിലേകുന്ന
ചുംബനമോ ഇന്ന്
ആദർശധീരത...

ചുംബനകൂട്ടായ്മ സദാചാരവാദികൾ
വീശുന്ന ചൂരലിൽ
വാശി തൻ പോർമുഖം..

ഇതുകാണാനോടിയെത്തീടും ജനങ്ങൾക്ക്
ചുംബനം പരിഹാസപാത്രം
രസകരം....

ചാനലിൽ തെളിയുന്ന വാദമുഖങ്ങളിൽ
ചുംബനാഭാസ
സംസ്കാരനിയമവും...

പൊയ്മുഖം ചീന്തിയെടുക്കവേ അറിയുന്ന
സദാചാരവാദി തൻ
പൊയ്‌പ്പോയ ചെയ്തികൾ...

എന്തിനു പറയുന്നു..
എവിടെ പിഴയ്ക്കുന്നു..
ഇന്നീ തലമുറ പോകുവതെങ്ങോട്ട്..

പഠനക്കളരിയിൽ അറിവിൻ വിഹായസ്സിൽ
ചോര നീരാക്കി
അയയ്ക്കും പിതൃക്കളോ..

കാണുവതെന്താണ് ചാനലിൽ പത്രത്തിൽ
മുൻപേജിൽ ചുംബന-
പ്രക്രിയ തന്നെയും...

നീറും മനസ്സിലായ് ആകാത്ത കാഴ്ച്ചകൾ
കണ്ടു നനയുന്ന
കൺകൾ  പറയുന്നു...

"ഇന്നീ തലമുറ  തള്ളിക്കളയുന്നു
മാതാപിതാക്കളാം
പുണ്യമനസ്സുകൾ... "

നന്ദിനി
Saturday, April 1, 2017

ഭോഗസംസ്കാരങ്ങൾ

ഭോഗസംസ്കാരങ്ങൾ 
............................................
നിശ്ചയദാർഢ്യം ചിറകുവിരിക്കുന്ന 
നിഷ്കപടതയിൽ ഉറയ്ക്കുന്ന ബാല്യങ്ങൾ.. 
നിഷ്ഠൂര പീഡനത്തിന്നിരയാകും 
നിയതികൾ ഇന്നു തൻ മായാത്ത കാഴ്ച്ചകൾ..

പെണ്ണിന്നുടലിലായ് ലേലമുറപ്പിച്ചു 
പകിടനിരത്തി ചികയുന്ന കൺകളിൽ.. 
പെണ്ണുടൽ ഇന്നു തൻ ഭോഗസംസ്കാരത്തിൽ 
പെറ്റ വയറിനും ഗതിയിതു തന്നെയും.. 

കാമവെറിക്കില്ല കണ്ണുകൾ കാതുകൾ 
കലികാലം ചൊല്ലി വിലപിക്കുമമ്മമാർ.. 
കൂട്ടായ ആക്രമണപീഡനപർവ്വത്തിൽ
കുഞ്ഞിനു പോലുമിന്നിതു തന്നെ വിധിയതും.. 

വെകിളി പിടിച്ചപോലാർത്തിരമ്പീടുന്ന
വെൺകൽ പ്രതിമ തകർക്കും നരാധമർ.. 
കുഞ്ഞിൽ ഇരമ്പുന്ന കാർമേഘപാളികൾ 
കുത്തൊഴുക്കായ് മാറും എന്നറിയുന്നുവോ.. 

നിയമം കാക്കേണ്ടവർ തോഴ്മ പിടിക്കവേ 
നീചപ്രവൃത്തികൾ മൊഴിമാറ്റി നല്കവേ.. 
അധികാരകേന്ദ്രങ്ങൾ മാറിമറിയവേ 
അധികമാകുന്നുവോ പീഡന ശ്രേണികൾ.. 

ധാർമികതയുടെ ബാലപാഠങ്ങൾ 
ധനാഗമത്തിന് വഴിയൊരുക്കീടുവാൻ.. 
പ്രസംഗപാടവനാട്യ ജന്മങ്ങളോ 
പ്രായോഗികമാക്കുന്നോ ശിക്ഷായിളവുകൾ.. 


എന്തിനീ നിയമങ്ങൾ നിയമസംഹിതകളും 
എണ്ണിപ്പെറുക്കുന്നു സാത്വീകരണങ്ങൾ.. 
സ്ത്രീ വെറും ഭോഗവസ്തു പിന്നലങ്കാരം 
സത്യത്തിനെതിരെയായ് ഒടിയുന്നു പോർമുന.. 

ബോധവത്കരണമാം പുസ്തകപാഠത്തിൽ 
ബോധമില്ലാത്ത മനസ്സുതൻ സാന്നിദ്ധ്യം.. 
സാമാന്യബോധമിന്നസ്തമിക്കുന്നുവോ
സർഗാത്മകാചിന്താ ധാരയിൽ പോലുമേ.. 

ഭയമില്ല ആർക്കുമേ തെളിവിന്നഭാവവും 
ഭയക്കേണ്ടവർ കുഞ്ഞു  കുട്ടികൾ ബാല്യങ്ങൾ.. 
ഭീഷണികൾ മാത്രമോതി തഴമ്പിച്ച 
ഭോഗസംസ്കാരങ്ങൾ വാഴുന്നുലകത്തിൽ.. 

സർപ്പവിഷം തുപ്പി പത്തി വിരിച്ചു 
സമീപേ വരുന്നതാം സ്നേഹചേഷ്ടകളിലായ്.. 
ചീന്തുന്ന ബാല്യത്തിൽ  ചീറ്റും വിഷത്തിലായ് 
ചാട്ടുളി വീശുമോ അധികാരകേന്ദ്രങ്ങൾ.. ?


നന്ദിനി