Sunday, September 8, 2013

അവസ്ഥാന്തരങ്ങൾ


നിശ്ചിന്ത കേദാര വന്യകൂടാരങ്ങൾ 
നിശ്ചലം നില്ക്കുമീ അന്യതീരങ്ങളിൽ 
കൊഞ്ചലിൻ ഈണത്തിലൂയലാടുന്നിതാ 
കാഞ്ചന കൈരളീ ഭാവസങ്കല്പങ്ങൾ 

പ്രവചനാതീതമീ ഗാനതരംഗങ്ങൾ 
പ്രപഞ്ച മൂർദ്ധാവിൻ ലയസൗകുമാര്യങ്ങൾ 
സല്ലാപസംഗീതസാരാംശ സാഗരം
സ്നിഗദ്ധ സൗന്ദര്യ വർണ്ണം കിളിക്കൂട് ..

ആരുമോതിടാത്തൊരീ   വൈഭവം         
ആനന്ദദായക തുന്നലിൻ പാടവം 
അദ്ധ്വാനശീലാദി പാഠം പകരുന്ന 
ചിട്ടക്രമങ്ങളാം  ചട്ടമീ കൂടുകൾ ..

അച്ചടക്കത്തിൻ സ്മൃതിമണ്ഡപങ്ങളിൽ   
അളന്നു കരേറുമീ ഇണകളിൽ ചേക്കേറും 
ഭാവി സുരക്ഷിതമെന്ന കുറുകലിൽ
ആദ്യ കിളിക്കൊഞ്ചൽ കിളിക്കൂടിനുത്സവം ..

പൈതലിൻ പൈദാഹ ശമനം ഒരുക്കുന്ന 
കൊക്കിലിറുകുമാ പുഴുവിൻ  പിടച്ചിലും
സാക്ഷികൾ ചുള്ളികൾ എന്നൊരാ വാസ്തവ-
ക്കാഴ്ചകൾ അസ്ഥികൂടങ്ങൾ ഉലകത്തിൽ 

അറുത്തു നിലംപരിശായൊരു വന്മരം 
ദണ്ഡിച്ചു മെനയുന്ന സമ്പന്ന സൗധങ്ങൾ 
മാസ്മരിക സങ്കല്പ ബോണ്‍സായി സിദ്ധാന്ത-
ച്ചുവടിൽ അകത്തളം മോടികൂട്ടീടവേ ..




വൈരുദ്ധ്യ ചിത്രങ്ങൾ കാലക്കളിക്കോണിൽ 
വൈകൃതഭാവാദി ദംഷ്ട്ര തിരുകവേ ..
ദൃഷ്ടി സങ്കോചിത ചിന്തിതധാരയിൽ 
നഷ്ടപ്രപഞ്ചത്തിൻ കണക്കെടുപ്പനിവാര്യം..





വനഭംഗിയാം തല്പ ഭൂമീയുടയാട                     
വന്യമാം ചിന്താഗതികളിൽ ചീന്തിയ -
തോർത്തു വിതുമ്പും കവി കുറിച്ചീടുന്നു 
അമ്മക്കിളിക്കൂടിൻ അവസ്ഥാവിശേഷങ്ങൾ ....!




നന്ദിനി വർഗീസ്‌            

6 comments:

  1. അവസ്ഥയുടെ ഓരോ അന്തരങ്ങള്‍

    ReplyDelete
  2. പുത്തൻ ലോകത്തിൽ,കാലമൊരുന്ന നിർഭാഗ്യകരമായ ചില അനിവാര്യതകൾ .!

    നന്നായി എഴുതിയിരിക്കുന്നു.


    ശുഭാശംസകൾ...

    ReplyDelete
  3. വായിച്ചു. കവിതകളുടെ അർത്ഥം മനസ്സിലാക്കാൻ എനിക്ക് പോതുവെ ബുദ്ധിമുട്ടാണ്‌. ഇവിടെയും അങ്ങനെതന്നെ സംഭവിച്ചു. അതുകൊണ്ട് അഭിപ്രായം പറയാനാവുന്നില്ല.
    ആശംസകൾ...

    ReplyDelete
  4. കിളിക്കൂടും മണിമാളികയും. രണ്ടിലേയും ജീവതാളങ്ങള്‍ മനോഹരമായി തുലനം ചെയ്തു.

    ReplyDelete
  5. കോണ്‍ക്രീറ്റ് കിളികൂടുകൾ
    നല്ല പദങ്ങൾ താളം

    ReplyDelete
  6. വന്മരം ദണ്ഡിച്ചു മെനയുന്ന സമ്പന്ന സൗധങ്ങൾ
    മാസ്മരിക സങ്കല്പ ബോണ്‍സായി സിദ്ധാന്ത-
    ച്ചുവടിൽ അകത്തളം മോടികൂട്ടീടവേ ..
    വൈരുദ്ധ്യ ചിത്രങ്ങൾ. nice

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..