Saturday, October 12, 2013

സമയോചിത സംയോജനങ്ങൾ 

സ്പന്ദനം 


കളിമണ്ണിൽ മെഴുകിയ  പ്രസവസംസ്കാരങ്ങൾ 
അഭ്രപാളികൾക്ക് വിസ്മയഭാവങ്ങൾ 
മാതൃത്വ മഹനീയ സാക്ഷാത്കാരനുഭവം 
ചിത്രീകരണാലംകൃത സാമർത്ഥ്യവൈഭവം ...
വിപണന തന്ത്രങ്ങൾ ആശയാവിഷ്കാര- 
സ്വാതന്ത്ര്യ കേളീതരംഗ കേന്ദ്രീകൃതം 
വില്പന സാധ്യത മാംസനിബദ്ധിത- 
സമൃദ്ധസംയോജന സാങ്കേതിക വൈശിഷ്ട്യം ...   
സമയോചിത വാണിജ്യ പുരസ്കാര ധ്വനികളി -
ന്നോതുവാൻ വെമ്പുന്ന  മാതൃത്വ ബിംബങ്ങൾ 
കലങ്ങിയൊഴുകി പതഞ്ഞങ്ങടിഞ്ഞുവോ  
വിവാദവാഗ്വാദ സർഗ്ഗാത്മക ശ്രേണിയിൽ ....
പേറ്റുനോവനുഭവം പെണ്ണിന്നുദരത്തി-
നുള്ളിൽ തുളുമ്പുന്ന മധുവിൻ ചഷകങ്ങൾ 
ഇന്നൊരുക്കീടുമീ സന്ദേശക്കാഴ്ചകൾ 
ദഹനീയമാകുമോ കാര്യകാരണങ്ങളാൽ ..
പ്രപഞ്ചോത്പത്തിയിൽ ഇന്നേവരേയ്ക്കുമീ 
പ്രസവഗോപ്യാവസ്ഥ കരണീയം 
ഇന്നതിൻ തുറവിയിൽ  സന്ദേശവാഹകർ 
മാതാമഹത്തരം ഉയർത്തുവതു സത്യം ...
പിടിതരാൻ ഉതകുന്ന വഴുക്കലിൽ ഉറയുന്ന 
പിടിവള്ളിയാകുമീ മാതാശിശുബന്ധം 
സന്ദേശസാഗര കാഴ്ച വിളമ്പുന്ന 
കൊട്ടകകൾ കൊയ്ത്തിലാർത്തു തിമിർക്കുമോ ...
സ്വശരീരത്തിലൂടൊഴുകും ചുടുചോരയിൽ 
സ്വാഭിമാനം ഉയർത്തിയ ചിന്തയിൽ 
കുനിച്ച മുഖമൊന്നു നിവർത്തി തുടച്ചൊരു 
പ്രസവിച്ച പെണ്‍തരി പുരികമുയർത്തിയോ ..
പണ്ടേയ്ക്കു മാത്രമല്ലിന്നും സമൂഹത്തിൽ 
വരമ്പിൽ വഴിവക്കിൽ വാഹനേ സംഭവ്യം 
പുരുഷരാം വഴിപോക്കരുൾപ്പെടും സാമൂഹ്യ-
സംസ്കാരം മറതീർക്കും പ്രസവനിറത്തിനായ്...
ഇന്നീ ഉരുത്തിരിയുന്ന ഘോഷങ്ങളിൽ 
പെരുമ്പറ കൊട്ടുന്ന കണ്‍കോണുകൾ ചൊന്ന 
സദാചാര കോലാഹലങ്ങൾ ജയവീഥിയിൽ 
വിപ്ലവമാക്കുമോ  പ്രസവസംസ്കാരങ്ങൾ ...?

നന്ദിനി വർഗീസ്‌                                
                        

3 comments:

  1. ഉല്പന്നം വിറ്റുപോയാല്‍ മതി
    എന്ത് വിവാദവും ന്യായീകരിയ്ക്കപ്പെടും

    ReplyDelete
  2. വിവാദങ്ങളിന്ന് വിപണനതന്ത്രങ്ങളിലെ അവിഭാജ്യമായ ഉൾപ്രേരകഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു.പ്രത്യേകിച്ച് കലാരംഗത്ത്.

    നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  3. Kollaam nandini
    alpam kaduppam
    koodippoyo yennoru thonnal!
    Oru pakshe athoru thonnal maathramaayirikkaam
    So don't wory.
    Yezhuthuka Ariyikkuka
    Best Regards
    Philip

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..