Monday, June 2, 2014

പരിണയ പ്രതീക്ഷകൾ












അനുഭൂതികൾ കോർത്ത 
സപ്ത വർണ്ണങ്ങളിൽ,
ഹാരാർപ്പണത്തിൻ 
ലയന തീരങ്ങളിൽ,
പ്രപഞ്ച തല്പ്പത്തിൻ 
പ്രണയഭാവങ്ങളിൽ,
പ്രതീക്ഷാ നിർഭരം 
പ്രകൃതീപരിണയം ..

വസന്തം നിറച്ചാർത്തൊ-
രുക്കുന്ന മഞ്ചലിൽ,   
പൊൻവെയിൽ ചാലിച്ച 
ലാസ്യലാവണ്യത്തി -
ലൊരുങ്ങും പ്രകൃതിയിൽ, 
തിളങ്ങും അരുവിയിൽ, 
ഓളതാളങ്ങളിൽ
ചെറുമിന്നലാട്ടങ്ങൾ ...

വീശും പവനനിൽ 
പരാഗണം കാംക്ഷിച്ച.. 
നാണം കുണുങ്ങുന്ന 
പൂക്കൾക്കിടയിലായ്.. 
മണ്‍ഗന്ധമുൾക്കൊള്ളും  
ആദ്ര ഭാവങ്ങളിൽ,
വിണ്‍മാറൊരുക്കുന്ന
പ്രണയ പ്രതീക്ഷകൾ ..

മാറുന്ന മാരിയിൽ 
തുള്ളികൾ പെയ്യുന്ന, 
വൃക്ഷത്തലപ്പിൻ 
സുഖശീതളിമയിൽ.. 
പക്ഷിജാലങ്ങളുയർത്തും 
നാദസ്വരം,
ആദ്യ പ്രണയത്തിൻ 
നവ്യ സ്ഫുലിംഗങ്ങൾ..

ശിശിരം വിതറുന്ന 
ശോഭയ്ക്കു ശുഭ്രത -
യേകുന്ന മഞ്ഞിൻ 
പുതപ്പിന്നടിയിലായ്.. 
പുണരുന്ന ചില്ലകൾ 
മുഗ്ദ്ധ രാഗങ്ങളിൽ, 
തളിർക്കും പ്രതീക്ഷ തൻ 
പ്രണയ നിർവ്വേദങ്ങൾ ..

    
ആലിംഗനാമൃതമാണീ 
ഋതുശോഭ ..
മോഹസമ്മോഹനമാണീ 
പരിണയം ..
പുഷ്പഗന്ധോന്മാദ രാഗ -
നികുഞ്ജങ്ങളൊരുക്കും 
പ്രതീക്ഷയിൽ,
പ്രകൃതി മനോഹരം .






















നന്ദിനി വർഗീസ്‌    

     

2 comments:

  1. പ്രപഞ്ചമേ നീ പല ദുഃഖജാലം
    നിറഞ്ഞതാണെങ്കിലു,മിത്രമാത്രം
    ചേതോഹരകാഴ്ച്ചകൾ നിങ്കലുള്ള
    കാലത്തു നിൻ പേരിലെവൻ വെറുക്കും ??!!! --- (വള്ളത്തോൾ)


    പ്രകൃതിയെപ്പോലെ തന്നെ സുന്ദരമായ വരികൾ. നന്നായി എഴുതി.


    ശുഭാശംസകൾ......



    ReplyDelete
  2. നല്ല വരികള്‍

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..