Sunday, November 5, 2017

കാണാക്കെണികൾ

കാണാക്കെണികൾ 
***********************

അക്ഷരമൊക്കെയും തപ്പിപ്പിടിച്ചു 
അധരം മൊഴിയുന്ന ആദ്യ സ്വരങ്ങളിൽ.. 
വേണ്ടയെന്നും വേണമെന്നതും കൃത്യമായ്  
പറയുന്ന കുഞ്ഞിനെ കണ്ടു പഠിക്കണം.. 

ലോകസ്ഥാനത്തിനായ് ഉവ്വ് പറയുവോർ 
വേണ്ടയെന്ന  സത്യം മൂടി വച്ചീടവേ.. 
വേണ്ടതു വേണ്ടിടത്തു പറഞ്ഞീടുവാൻ
സത്യത്തിലൂന്നും മനമതുണ്ടാവണം..

വേണ്ടയെന്നു  എന്നു പറഞ്ഞീടാൻ കഴിയാതെ 
വേണ്ടാത്ത കാര്യം തലയിൽ കയറ്റവേ.. 
രണ്ടു വാക്കുകൾ കൃത്യമായി പറയുവാൻ 
വീണ്ടുവിചാരമതുണ്ടാവണം സത്യം.. 

എവിടെ സത്യത്തിനായ് വാദിക്കുമധരങ്ങൾ
എവിടെ വീരാത്മാക്കൾ നേതാക്കൾ ഗുരുക്കളും.. 
എവിടെ ഉടമ്പടി ചെയ്തവരൊക്കെയും 
എന്നാലറിയുക നന്മ തൻ ചെയ്തികൾ.. 

തെറ്റെന്നറിഞ്ഞു പിന്താങ്ങും സ്വരങ്ങളിൽ 
തെറ്റി പിരിഞ്ഞതാം ഭൂതകാലം തീർത്ത.. 
അന്യ വിഴുപ്പു ചുമക്കുവാൻ തീർത്തതാം  
അടിയറവു വച്ച അസ്തിത്വ ബാധ്യത.. 

കടപ്പാടുകൾ തീർത്ത ചുറ്റുവട്ടങ്ങളിൽ 
കടമെടുത്തീടുന്ന ചിന്താഗതികളിൽ.. 
തീരാകടമെത്തും ഊടുവഴികളിൽ
തല്ലിക്കെടുത്തുന്നു  സ്വാതന്ത്ര്യ ചിന്തകൾ.. 


നന്ദിനി 
  


No comments:

Post a Comment

അഭിപ്രായം പറയാതെ പോകല്ലേ ..