Sunday, June 2, 2013

ധരിത്രീവിലാപം

സ്പന്ദനം 
 
മ്മയാം ദേവി തൻ നാട്യശാലച്ചുവരിൽ  
ആദിഅന്താദികൾ നിഴൽനൃത്തമാടവേ  ... 
 
കളകളമൊഴുകുന്നൊരരുവിയും, ഒരുമയിൽ 
കലപില പാടിയ കുരുവി സ്വരങ്ങളും .. 
ചൊല്ലീ പഴങ്കഥ ,മഴയും മഴക്കാറും 
കണ്ടു കരയുന്ന ,മണ്ഡൂക  സ്വപ്നങ്ങളും ..  
കുത്തിയൊലിച്ചു വരുന്ന മഴവെള്ളം 
വാരിപ്പുണർന്നുവോ, ഭൂമീജനനിയെ .... 
 
സർവ്വംസഹയാകും മാതാവിനുദരത്തിൽ 
സംഹാര താണ്ഡവമാടിയോ വൈകൃതം .... ?
 
തണ്ണീർത്തടങ്ങളിൽ നികത്തിയ മണ്ണിലായ് 
കണ്ണീർക്കണങ്ങളിൽ വിധിയെ തലോടവേ ... 
മലകളിൽ പൊടിയുന്ന ഉറവയിൽ പൊട്ടിച്ച 
പാറ തടഞ്ഞുവോ , പുഴ തൻ ഒഴുക്കിനെ ... 
മണിമാളികകൾക്കടിസ്ഥാനമായിട്ട് 
മണ്ണിൽ ഒളിച്ചുവോ , മാമലശ്രേണികൾ .. . 
കാറ്റിൽ ചിതറിയ  മഴമേഘക്കൂട്ടങ്ങൾ 
കാണാൻ കൊതിച്ചുവോ , തടയും മലകളെ ...    
             
സന്തുലിതാവസ്ഥ ചീന്തിയെറിയവേ ... 
സൂര്യകിരണങ്ങൾ ചുട്ടു പൊള്ളിക്കവേ ... 
 
മാറിൽ തറച്ചൊരാ ദണ്ഡായി മാറുന്ന 
ജീവജലമൂറ്റും കുഴൽ കിണർ വിപ്ലവം .. 
മുട്ടിനുമുട്ടിനു കെട്ടിടക്കാലുകൾ
ശരശയ്യ തീർക്കവേ ... ഭൂമി വിതുമ്പവേ ... 
ഏങ്ങലടിയിൽ കുലുങ്ങിയ ഗാത്രത്തിൽ 
ഭൂകമ്പ സാധ്യത മിന്നിമറയവേ ...
ചിറകിന്നടിയിൽ ചിതറാതൊതുക്കുന്ന 
ചിന്മയ സ്നേഹസാക്ഷാത്കാര ചിന്തയിൽ.. 
വിധിയെ പഴിക്കാതെ മക്കളെ കാക്കുന്ന 
അമ്മമനസ്സു തൻ തീരാത്ത നന്മയിൽ ....
 
ഭൂമീജനനിയിൽ താണ്ഡവം തുടരവേ ... 
അറിയുമോ മക്കൾ ആ തീരാത്ത നൊമ്പരം .... ?
 
 
 
നന്ദിനി  

6 comments:

  1. ക്ഷമയാ ധരിത്രി
    ഇപ്പോള്‍ വിലപിക്കുന്നു

    ReplyDelete
  2. അര്‍ത്ഥവത്തായ വരികള്‍

    ReplyDelete
  3. പഞ്ചാഗ്നി മദ്ധ്യേ തപസ്സു ചെയ്താലുമീ
    പാപകർമ്മത്തിൻ പ്രതിക്രിയയാകുമോ..?!!

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  4. സർവ്വംസഹയാകും മാതാവിനുദരത്തിൽ
    സംഹാര താണ്ഡവമാടിയോ വൈകൃതം .... ?

    ReplyDelete
  5. മലരണിക്കാടുകൾ തിങ്ങിവിങ്ങി,മരതക കാന്തിയിൽ മുങ്ങി മുങ്ങി..ഒ.എൻ.വി കണ്ടു പറഞ്ഞ ഈ വാക്കുകൾ ഇനി നമ്മുടെ പുതു തലമുറക്ക് ചൊല്ലിക്കൊടുക്കാനെ കഴിയുകയുള്ളൂ.കാണിച്ചുകൊടുക്കാൻ ഒട്ടുമാവില്ല.പച്ചപ്പിന്റെ ഈ തകർച്ച വൻ വിനാശമാകും..കേരളത്തിൽ മരുഭൂമിക്ക് സമാനമായ കാലാവസ്ഥയുടെ ആവിർഭാവം കാണുന്നു എന്നു കേട്ടപ്പോൾ ഭയം ഉണ്ടായി.ഒന്നു തീരുമാനിച്ചു എന്നെക്കൊണ്ടു പ്രകൃതിയെ സംരക്ഷിക്കാവുന്നത് ഞാൻ ചെയ്യും.ഒരു മരം വെട്ടിയാൽ 2-ഏണ്ണം വെച്ചുപിടിപ്പിക്കും.നമ്മൾ ഓരോരുത്തരം വിചാരിച്ചാൽ ഭൂമിയെ രക്ഷിക്കാൻ കഴിയും.അങ്ങനെ ഉണ്ടാകാൻ ഈ കവിത സഹായിക്കട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  6. Ammaykku...!!!

    Manoharam, Ashamsakal...!!!

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..