Saturday, April 1, 2017

ഭോഗസംസ്കാരങ്ങൾ

ഭോഗസംസ്കാരങ്ങൾ 
............................................
നിശ്ചയദാർഢ്യം ചിറകുവിരിക്കുന്ന 
നിഷ്കപടതയിൽ ഉറയ്ക്കുന്ന ബാല്യങ്ങൾ.. 
നിഷ്ഠൂര പീഡനത്തിന്നിരയാകും 
നിയതികൾ ഇന്നു തൻ മായാത്ത കാഴ്ച്ചകൾ..

പെണ്ണിന്നുടലിലായ് ലേലമുറപ്പിച്ചു 
പകിടനിരത്തി ചികയുന്ന കൺകളിൽ.. 
പെണ്ണുടൽ ഇന്നു തൻ ഭോഗസംസ്കാരത്തിൽ 
പെറ്റ വയറിനും ഗതിയിതു തന്നെയും.. 

കാമവെറിക്കില്ല കണ്ണുകൾ കാതുകൾ 
കലികാലം ചൊല്ലി വിലപിക്കുമമ്മമാർ.. 
കൂട്ടായ ആക്രമണപീഡനപർവ്വത്തിൽ
കുഞ്ഞിനു പോലുമിന്നിതു തന്നെ വിധിയതും.. 

വെകിളി പിടിച്ചപോലാർത്തിരമ്പീടുന്ന
വെൺകൽ പ്രതിമ തകർക്കും നരാധമർ.. 
കുഞ്ഞിൽ ഇരമ്പുന്ന കാർമേഘപാളികൾ 
കുത്തൊഴുക്കായ് മാറും എന്നറിയുന്നുവോ.. 

നിയമം കാക്കേണ്ടവർ തോഴ്മ പിടിക്കവേ 
നീചപ്രവൃത്തികൾ മൊഴിമാറ്റി നല്കവേ.. 
അധികാരകേന്ദ്രങ്ങൾ മാറിമറിയവേ 
അധികമാകുന്നുവോ പീഡന ശ്രേണികൾ.. 

ധാർമികതയുടെ ബാലപാഠങ്ങൾ 
ധനാഗമത്തിന് വഴിയൊരുക്കീടുവാൻ.. 
പ്രസംഗപാടവനാട്യ ജന്മങ്ങളോ 
പ്രായോഗികമാക്കുന്നോ ശിക്ഷായിളവുകൾ.. 


എന്തിനീ നിയമങ്ങൾ നിയമസംഹിതകളും 
എണ്ണിപ്പെറുക്കുന്നു സാത്വീകരണങ്ങൾ.. 
സ്ത്രീ വെറും ഭോഗവസ്തു പിന്നലങ്കാരം 
സത്യത്തിനെതിരെയായ് ഒടിയുന്നു പോർമുന.. 

ബോധവത്കരണമാം പുസ്തകപാഠത്തിൽ 
ബോധമില്ലാത്ത മനസ്സുതൻ സാന്നിദ്ധ്യം.. 
സാമാന്യബോധമിന്നസ്തമിക്കുന്നുവോ
സർഗാത്മകാചിന്താ ധാരയിൽ പോലുമേ.. 

ഭയമില്ല ആർക്കുമേ തെളിവിന്നഭാവവും 
ഭയക്കേണ്ടവർ കുഞ്ഞു  കുട്ടികൾ ബാല്യങ്ങൾ.. 
ഭീഷണികൾ മാത്രമോതി തഴമ്പിച്ച 
ഭോഗസംസ്കാരങ്ങൾ വാഴുന്നുലകത്തിൽ.. 

സർപ്പവിഷം തുപ്പി പത്തി വിരിച്ചു 
സമീപേ വരുന്നതാം സ്നേഹചേഷ്ടകളിലായ്.. 
ചീന്തുന്ന ബാല്യത്തിൽ  ചീറ്റും വിഷത്തിലായ് 
ചാട്ടുളി വീശുമോ അധികാരകേന്ദ്രങ്ങൾ.. ?


നന്ദിനി 

1 comment:

  1. സർപ്പവിഷംതുപ്പി പത്തിവിരിച്ചു 
    സമീപേ വരുന്നതാം സ്നേഹചേഷ്ടകളിലായ്.. 
    ചീന്തുന്ന ബാല്യത്തിൽ ചീറ്റും വിഷത്തിലായ് 
    ചാട്ടുളി വീശുമോ അധികാരകേന്ദ്രങ്ങൾ

    - കുറ്റം അധികാരകേന്ദ്രങ്ങളുടേതല്ല; കുടുംബങ്ങളിലുണ്ടായ അപചയത്തിന്റേതാണു്, ഇരകളും വേട്ടക്കാരും ഇരയായി ചമഞ്ഞു വേട്ടയാടുന്നവരും കുടുംബങ്ങളിൽനിന്നുതന്നെ വരുന്നു. നല്ല കുടുംബങ്ങളും നല്ല മാതാപിതാക്കളും നല്ല സഹോദരീ സഹോദരങ്ങളുമുണ്ടായാൽ മാത്രമേ ഈ പൈശാചികവാഴ്ചയ്ക്കു് അറുതിയുണ്ടാകുകയുള്ളൂ

    ReplyDelete

അഭിപ്രായം പറയാതെ പോകല്ലേ ..